Sunday, December 22, 2024
LATEST NEWSPOSITIVE STORIES

നന്മ വറ്റിയിട്ടില്ല; ഭൂകമ്പത്തിൽ പരിക്കേറ്റ സുഹൃത്തിനെ ചേർത്ത് പിടിച്ച് വിദ്യാർത്ഥി

ജീവിതയാത്രയിലെ തിരക്കുകളിലും മറ്റും പെട്ട് നിർത്താതെയുള്ള ഓട്ടത്തിലാണ് നാമോരുത്തരുടെയും ജീവിതം. ഇതിനിടയിലും പ്രിയപ്പെട്ടവർക്കായി അല്പ നേരം മാറ്റിവക്കുന്നതിനും, സന്തോഷം കണ്ടെത്തുന്നതിനുമായി നാം സമയം കണ്ടെത്തുകയും ചെയ്യുന്നു. കനിവ് വറ്റിയ ലോകമെന്ന് പഴിക്കപ്പെടുമ്പോഴും അത് തെറ്റാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമുക്കിടയിൽ തന്നെ നാമറിയാതെ നടക്കുന്നുണ്ട്.

അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ പ്രാണ രക്ഷാർത്ഥം എല്ലാവരും ഓടുമ്പോൾ, പരിക്ക് പറ്റിയ തന്റെ സഹപാഠിയെ ക്ലാസ്സ് മുറിയിലുപേക്ഷിച്ചു പോകാൻ കൂട്ടാക്കാത്ത ഒരു വിദ്യാർത്ഥിയെക്കുറിച്ചാണ് പറയാനുള്ളത്.

സെപ്റ്റംബർ 12ന് ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയാണ് സംഭവം ലോകശ്രദ്ധയാകർഷിച്ചത്. ഇതിനോടകം തന്നെ കുട്ടിയുടെ പ്രവർത്തിയിലെ നന്മ തിരിച്ചറിഞ്ഞ് അഭിനന്ദന പ്രവാഹമാണെത്തിയിട്ടുള്ളത്.

ഭൂകമ്പ സമയത്ത് ക്ലാസ്സ് മുറിയിലെ സിസിടിവി യിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതിനോടകം ലോകം കണ്ടത്. ക്ലാസ്സ് മുറിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കവേ, പരിക്കേറ്റ തന്റെ സുഹൃത്തിനെയും സംരക്ഷിക്കുകയെന്നതായിരുന്നു കുട്ടിയുടെ ചിന്ത. കാലിന് പരിക്കേറ്റ സുഹൃത്തിനെ പിന്നിൽ നിന്നെടുത്തുയർത്തിയാണ് കുട്ടി പുറത്തെത്തിച്ചത്

വീഡിയോ കാണാനുള്ള ലിങ്ക് ചുവടെ: