Sunday, December 22, 2024
HEALTHLATEST NEWS

സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികൾ; 60 ശതമാനത്തിലധികം അൽഷിമേഴ്സ് രോഗികൾ

കണ്ണൂർ: സംസ്ഥാനത്ത് 2.16 ലക്ഷം മേധാക്ഷയ (ഡിമെൻഷ്യ) രോഗികളുണ്ടെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് കണക്ക്. ഇവരിൽ 60 ശതമാനത്തിലധികം പേരും അൽഷിമേഴ്സ് രോഗികളാണ്. രോഗം ബാധിച്ചവരേക്കാൾ തങ്ങൾക്ക് രോഗമുണ്ടെന്ന് സംശയിച്ച് വിളിക്കുന്നവരാണ് കൂടുതലെന്ന് കണ്ണൂർ ഡിമെൻഷ്യ കെയർ സൊസൈറ്റി പ്രസിഡന്റ് കാർത്തി ഭാസ്കരൻ പറഞ്ഞു.

അൽഷിമേഴ്സ് ഡിസീസ് ഇന്‍റർനാഷണലിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഓരോ മൂന്ന് സെക്കൻഡിലും മേധാക്ഷയം ബാധിച്ച ഒരു പുതിയ വ്യക്തി ഉണ്ടാകുന്നു. 2050 ആകുമ്പോഴേക്കും 139 ദശലക്ഷം മേധാക്ഷയബാധിതർ ഉണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്.

മേധാക്ഷയം ഒരു രോഗാവസ്ഥയാണ്. ഇതിൽ അൽഷിമേഴ്സ് ആണ് കൂടുതൽ ആളുകളിലും കാണപ്പെടുന്നത്. അൽഷിമേഴ്സ് കൂടുതലും 60 വയസ്സിന് മുകളിലുള്ളവരെയാണ് ബാധിക്കുന്നത്. ഫ്രോണ്ടോ ടെംപറൽ ഡിമെൻഷ്യ, വാസ്കുലർ ഡിമെൻഷ്യ, ലേവി ബോഡി ഡിമെൻഷ്യ, മിക്സഡ് ഡിമെൻഷ്യ തുടങ്ങിയവയും പ്രധാനപ്പെട്ടവയാണ്.