Thursday, December 19, 2024
LATEST NEWSPOSITIVE STORIES

ഭര്‍ത്താവിന്റെ സഹായത്തോടെ റോഡരികില്‍ കുഞ്ഞിന് ജന്മം നൽകി യുവതി

കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ റോഡരികിലും വാഹനത്തിനുള്ളിലും നടക്കുന്ന പ്രസവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പലപ്പോഴും കാണാറുണ്ട്. ചിലപ്പോൾ വളരെയധികം അപകടസാധ്യതയുള്ള അത്തരമൊരു സാഹചര്യത്തിൽ അമ്മയുടെയോ കുഞ്ഞിന്‍റെയോ ജീവൻ നഷ്ടപ്പെട്ടേക്കാം. യുഎസിൽ നിന്നുള്ള എമിലി വാഡെൽ എന്ന യുവതി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ റോഡരികിൽ പ്രസവിച്ച അനുഭവം പങ്കുവയ്ക്കുന്നു.

മകളുടെ ചിത്രം സഹിതമാണ് എമിലി തന്‍റെ അനുഭവം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഭർത്താവ് സ്റ്റീഫനോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് എമിലിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എന്നിരുന്നാലും, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് പ്രസവത്തിന് സാധ്യതയുള്ളതിനാൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹനത്തിന് പുറത്ത് കിടന്നു കൊണ്ട് ഒരു നഴ്സിനെയും സഹോദരിയെയും വീഡിയോ കോളിൽ ബന്ധപ്പെട്ടു.

“ഞാന്‍ തൊട്ടുനോക്കുമ്പോള്‍ കുഞ്ഞിന്റെ തല എന്റെ കൈയില്‍ തട്ടുന്നുണ്ടായിരുന്നു. വണ്ടി നിര്‍ത്തി അപ്പോള്‍തന്നെ പുറത്തിറങ്ങാന്‍ ഞാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. റോഡരികില്‍ ഇറങ്ങിയ ഞാന്‍ പരമാവധി ശക്തി ഉപയോഗിച്ചു. ഭര്‍ത്താവ് കുഞ്ഞിനെ വലിച്ചെടുത്തു. എന്താണ് ചെയ്യേണ്ടത് എന്ന് അപ്പോള്‍ അറിയില്ലായിരുന്നു. രണ്ട് മൊബൈല്‍ ചാര്‍ജറുകള്‍ ഉപയോഗിച്ച് ഭര്‍ത്താവ് പൊക്കിള്‍കൊടി കെട്ടി. കുഞ്ഞിന്റെ വായിലേയും മൂക്കിലേയും കൊഴുപ്പ് എന്റെ വായവെച്ച് ഞാന്‍ വലിച്ചെടുത്തു. വലിയ ബുദ്ധിമുട്ടാണ് അന്നേരം അനുഭവപ്പെട്ടത്. എങ്കിലും എല്ലാം നല്ല രീതിയില്‍ നടന്നു.” ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എമിലി പറഞ്ഞു.