Tuesday, April 22, 2025
GULFLATEST NEWS

സൗദി അറേബ്യ പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 11.051 ദശലക്ഷം ബാരലായി വർദ്ധിപ്പിച്ചതായി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) അറിയിച്ചു. ഓഗസ്റ്റിൽ സൗദി അറേബ്യ പ്രതിദിന ഉൽപാദനം 2,36,000 ബാരൽ വർദ്ധിപ്പിച്ചിരുന്നു.

ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണ ഉൽപാദനം ഓഗസ്റ്റിൽ 6,18,000 ബാരൽ തോതിൽ വർദ്ധിച്ചു. കഴിഞ്ഞ മാസം ഒപെക് രാജ്യങ്ങളുടെ ആകെ എണ്ണ ഉത്പാദനം പ്രതിദിനം 29.65 ദശലക്ഷം ബാരലായിരുന്നു. ഈ വർഷവും അടുത്ത കൊല്ലവും എണ്ണയുടെ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്ന വളർച്ച ഒപെക് റിപ്പോർട്ടിൽ മാറ്റമില്ലാതെ നിലനിർത്തിട്ടുണ്ട്. ഒക്ടോബറിലെ എണ്ണ ഉത്പാദനം ഓഗസ്റ്റിലെ അതേ നിലവാരത്തിൽ തന്നെ നിലനിർത്താൻ കഴിഞ്ഞയാഴ്ച ചേർന്ന ഒപെക്+ ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. 

പ്രതിദിനം ഒരു ലക്ഷം ബാരൽ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള തീരുമാനം സെപ്റ്റംബർ മാസത്തേക്ക് മാത്രമേ ബാധകമാകൂവെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്, റഷ്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഉൽപാദകർ എന്നിവരെ ചേർത്ത് രൂപീകരിച്ച ഒപെക് പ്ലസ് ഗ്രൂപ്പ് പറഞ്ഞു.