Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

വായന മരിച്ചിട്ടില്ല ; ഈ വായനശാലയിലിരുന്ന് വായിക്കാന്‍ ചെറുപ്പക്കാര്‍ ക്യൂവിലാണ്

കോഴിക്കോട്: പത്രവും പുസ്തകവും വായിക്കില്ല, ലൈബ്രറിയിലേക്ക് തിരിഞ്ഞുനോക്കില്ല, ബേക്കറിയിലാണ് എപ്പോഴും. പുതിയ തലമുറയെക്കുറിച്ചുള്ള പതിവ് പരാതികളാണിവ. എന്നാൽ ഈ വായനശാലയിൽ ഇരുന്ന് വായിക്കാൻ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിട്ടാൻ വായനാമുറിക്ക് പുറത്ത് കാത്തുനിൽക്കുകയാണ് യുവജനങ്ങൾ. കോഴിക്കോട് മാനാഞ്ചിറയിലെ പബ്ലിക് ലൈബ്രറി പ്രതിദിനം ആയിരത്തിലധികം പേരാണ് പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 300 ഓളം പുസ്തകങ്ങൾ വിതരണം ചെയ്യും. നാല് നിലകളുള്ള ലൈബ്രറിയിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ വായനക്കാരൊഴിഞ്ഞ സമയമില്ല.

വായന അപ്പാടെ കുറഞ്ഞിട്ടില്ല. വായനയുടെ സ്വഭാവം മാറിയെന്നു മാത്രം. പരമ്പരാഗത വായനയിൽ നിന്ന് അക്കാദമിക് വായനയിലേക്ക് മാറി. വിനോദവും ആസ്വാദനവും വിട്ട് വായന പഠനഗവേഷണങ്ങള്‍ക്കും മത്സരപരീക്ഷകള്‍ ജയിക്കാനും വേണ്ടിയായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ ഈ പബ്ലിക് ലൈബ്രറിയിൽ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്തിട്ടുമുണ്ട്. മൊബൈലില്‍ നോക്കി ഏത് പുസ്തകം വേണമെന്നത് മനസ്സിലാക്കാം. ലൈബ്രറിയില്‍വന്ന് പുസ്തകമെടുത്ത് ഉടന്‍ മടങ്ങാം.

റിസർച്ച് സെന്റർ, റഫറൻസ് വിഭാഗം, മികച്ച വായനാമുറി എന്നിവ ഇവിടെയുണ്ട്. കമ്പ്യൂട്ടറൈസ്ഡ് കാറ്റലോഗും ഉണ്ട്. ഈ സൗകര്യങ്ങളാണ് ഉച്ചഭക്ഷണം കൊണ്ടുവന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ ഇരുന്ന് വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. യുവാക്കൾക്കിടയിൽ വായന മരിച്ചു എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ വായനശാലയും ഇവിടുത്തെ തിരക്കും.