Tuesday, December 17, 2024
HEALTHLATEST NEWS

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി ; പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും

ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ തുടങ്ങിയ പ്രമേഹത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലുള്ള ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻ പോലുള്ള ആന്‍റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില കുറയും.

അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി നിശ്ചയിക്കുന്ന വിലയിൽ താഴെ മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂൾഡ് മരുന്നുകളുടെ വില വർദ്ധനവ് നിർണ്ണയിക്കുന്നത്. എന്നാൽ ഷെഡ്യൂൾ ചെയ്യാത്ത മരുന്നുകൾക്ക്, കമ്പനികൾക്ക് ഓരോ വർഷവും 10 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ കഴിയും.

1.6 ട്രില്യൺ വരുന്ന ആഭ്യന്തര മരുന്ന് വിപണിയിൽ ഏകദേശം 17-18 ശതമാനം ഷെഡ്യൂൾഡ് മരുന്നുകളുടെ സംഭാവനയാണ്. ഏകദേശം 376 മരുന്നുകൾ വില നിയന്ത്രണ പട്ടികയിലുണ്ട്. വിവിധ ബ്രാൻഡ് മരുന്നുകളുടെ വിപണി വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വില നിയന്ത്രണത്തിനുള്ള പരമാവധി വില നിർണ്ണയിക്കുന്നത്. വില പരിധി ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും.