Sunday, November 24, 2024
LATEST NEWSTECHNOLOGY

ഇന്ധനം നിറയ്ക്കുന്നതിൽ തടസ്സം; ആർട്ടിമിസ് ആദ്യ ദൗത്യം വീണ്ടും മാറ്റി

ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ അറിയിച്ചു. അരനൂറ്റാണ്ടിന് ശേഷം മനുഷ്യരെ ചന്ദ്രനിലെത്തിക്കാനാണ് ആർട്ടെമിസ് ദൗത്യ പരമ്പര ലക്ഷ്യമിടുന്നത്.

ഈ പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 ഓഗസ്റ്റ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, റോക്കറ്റിന്‍റെ 4 കോർ സ്റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ശനിയാഴ്ച വീണ്ടും വിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, വീണ്ടും സാങ്കേതിക പിശക് കണ്ടെത്തിയതിനാൽ വിക്ഷേപണം പ്രതിസന്ധിയിലായി.

ആർട്ടെമിസ് 1 പരീക്ഷണാടിസ്ഥാനത്തിലാണ് വിക്ഷേപിക്കുന്നത്. യാത്രക്കാർക്ക് പകരം പാവകളുണ്ട്. ആദ്യ ദൗത്യം ഓറിയോൺ ബഹിരാകാശ പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ശ്രമിക്കും. 2024 ൽ യാത്രക്കാരെ ചന്ദ്രനുചുറ്റും ഭ്രമണം ചെയ്യാനും 2025 ൽ ആദ്യ വനിത ഉൾപ്പെടെയുള്ള യാത്രക്കാരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനും നാസ പദ്ധതിയിടുന്നു.