Monday, January 6, 2025
LATEST NEWS

ഇന്ത്യയുടെ സാമ്പത്തികവളർച്ച കുറയും; എസ്.ബി.ഐ

മുംബൈ: ഇന്ത്യയുടെ വളർച്ച മന്ദഗതിയിലാകുമെന്ന പ്രവചനവുമായി എസ്.ബി.ഐ. 2023 സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.5 ശതമാനത്തിൽ നിന്ന് 6.8 ശതമാനമാക്കി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ സമ്പദ്‍വ്യവസ്ഥ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് വളർച്ച കുറച്ചിരിക്കുന്നത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ആദ്യ പാദത്തിലെ ജിഡിപി വളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ആദ്യ പാദത്തിൽ സമ്പദ്‍വ്യവസ്ഥ 13.5 ശതമാനം വളർച്ച നേടി. എന്നിരുന്നാലും, ആദ്യ പാദത്തിൽ സമ്പദ്‍വ്യവസ്ഥയിൽ 15-16.7 ശതമാനം വളർച്ചയുണ്ടാകുമെന്ന് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നു. എസ്.ബി.ഐയുടെ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് 15.7 ശതമാനം വളർച്ചയുണ്ടാവുമെന്നാണ് പ്രവചിച്ചത്.

ആദ്യ പാദത്തിൽ വ്യാവസായിക മേഖല 8.6 ശതമാനവും സേവനമേഖലയിൽ 17.6 ശതമാനവും കാർഷിക മേഖല 4.5 ശതമാനവും വളർച്ച കൈവരിച്ചു. സ്വകാര്യ ഉപഭോഗത്തിലെ വർദ്ധനവാണ് സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്തിയത്. ഇതോടൊപ്പം കൊവിഡ് ഭീതി അകന്നതും വളർച്ചയ്ക്ക് സഹായകമായെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു.