Friday, November 22, 2024
LATEST NEWSTECHNOLOGY

12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലെ ചൈനീസ് ഭീമൻമാരുടെ കുത്തക തകർക്കാനാണ് ഈ നീക്കം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ ചൈനീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 12,000 രൂപയിൽ താഴെയുള്ള ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഹാൻഡ്സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ ഒരു നീക്കവുമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഇന്ത്യൻ കമ്പനികൾക്കും പങ്കുണ്ട്. എന്നാൽ അതിനർത്ഥം വിദേശ ബ്രാൻഡുകൾ ഒഴിവാക്കുക എന്നല്ല. കയറ്റുമതി വർദ്ധിപ്പിക്കാൻ ഞങ്ങൾ ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണ ശൃംഖല കൂടുതൽ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയിൽ താഴെയുള്ള ഫോണുകൾ നിരോധിക്കാൻ ഒരു നീക്കവുമില്ല. എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വന്നതെന്ന് അറിയില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി പറഞ്ഞു.