Wednesday, April 16, 2025
LATEST NEWSSPORTS

തിരിച്ചുവരവ് ഗംഭീരമാക്കി നീരജ്, ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനം

ലൗസേന്‍: ലൗസേന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ഒന്നാം സ്ഥാനം നേടി. ജാവലിൻ ത്രോയിൽ 89.09 മീറ്റർ എറിഞ്ഞ നീരജ് എതിരാളികളെ നീണ്ട മാർജിനിൽ മറികടന്ന് ഒന്നാമതെത്തി.

ആദ്യ ശ്രമത്തിൽ തന്നെ 89.09 മീറ്ററാണ് നീരജ് നേടിയത്. പരിക്കിൽ നിന്ന് മോചിതനായ ശേഷം നീരജിന്‍റെ ആദ്യ മത്സരമാണിത്. പരിക്കിനെ തുടർന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്ന് വിട്ടുനിന്നു. ഈ വിജയത്തോടെ ഡയമണ്ട് ലീഗ് ഫൈനലിലേക്ക് യോഗ്യത നേടാൻ നീരജിന് കഴിഞ്ഞു. ഡയമണ്ട് ലീഗ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായും നീരജ് മാറി.

85.88 മീറ്റർ എറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും അമേരിക്കയുടെ കുര്‍ട്വ തോംപ്‌സണ്‍ 83.72 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ആറ് വിജയികൾക്ക് ഡയമണ്ട് ലീഗ് ഫൈനൽസിലേക്ക് പ്രവേശനം ലഭിക്കും. സെപ്റ്റംബർ 7, 8 തീയതികളിലാണ് ഫൈനൽ നടക്കുക.