ക്രിക്കറ്റ് പഠിക്കാൻ ഇന്ത്യൻ സഹായം തേടി ചൈനയിൽ നിന്നുള്ള സംഘം
കൊൽക്കത്ത: ക്രിക്കറ്റിലെ കൂടുതൽ മികവ് തേടി ഇന്ത്യ സന്ദർശിച്ച് ചൈനീസ് ഉദ്യോഗസ്ഥർ. കൊൽക്കത്തയിലെത്തിയ മൂന്നംഗ പ്രതിനിധി സംഘം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അവിഷേക് ഡാൽമിയയുമായി ചൈനീസ് ക്രിക്കറ്റിന്‍റെ പുരോഗതിക്കായി ചർച്ച നടത്തി. ചൈനയിലെ ചോങ്‍ക്വിങ് നഗരത്തിലെ ക്രിക്കറ്റിന്റെ വളർച്ചയാണു സംഘത്തിന്റെ ലക്ഷ്യം. ഇതിനായി ചൈനീസ് അധികൃതർ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ സഹായവും തേടി.
ക്രിക്കറ്റിൽ ഏഷ്യയിലെ ആദ്യ പത്തിൽ ഇടമില്ലാത്ത ടീമാണ് ചൈനയുടേത്. 2018ലാണ് ചൈന അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്. ചൈനീസ് കോൺസുൽ ജനറൽ സാ ലിയോവാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ക്രിക്കറ്റ് സഹകരണത്തിന് മുൻകൈയ്യെടുക്കുന്നത്. രാജ്യാന്തര തലത്തിൽ ക്രിക്കറ്റ് വ്യാപിപ്പിക്കുക ലക്ഷ്യവുമായാണു പ്രവർത്തിക്കുന്നതെന്ന് ഡാൽമിയ പറഞ്ഞു. “ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെ സഹകരണം തേടിയാണ് ചൈനീസ് പ്രതിനിധി സംഘം എത്തിയത്. ക്രിക്കറ്റുമായി മുന്നോട്ട് പോകാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്.” – ഡാൽമിയ വ്യക്തമാക്കി.
“ക്രിക്കറ്റിൽ ഞങ്ങൾ എല്ലായ്പ്പോഴും ഭൂട്ടാനെയും ബംഗ്ലാദേശിനെയും സഹായിച്ചിട്ടുണ്ട്. സൗഹൃദമത്സരങ്ങളിലാണ് ചൈനയ്ക്ക് താൽപര്യം. അവരുടെ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ആവശ്യമാണ്. കളിക്കാർക്ക് ഇവിടെ വന്ന് കളിക്കണമെന്നുണ്ട്. കോച്ചുമാരും ഇന്ത്യയിലേക്ക് വന്ന് പരിശീലനം നടത്താൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റിനെ വളരെ പ്രധാനപ്പെട്ടതായി അവർ കാണുന്നു. ക്രിക്കറ്റിന്‍റെ വളർച്ചയ്ക്കായി എല്ലാം ചെയ്യും” ഡാൽമിയ പറഞ്ഞു.