Tuesday, December 17, 2024
LATEST NEWSTECHNOLOGY

പാമ്പുകൾക്ക് ‘റോബോട്ടിക് കാലുകൾ’ നൽകി യൂട്യൂബർ

കാലുകളുള്ള പാമ്പുകളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, പാമ്പുകളെ നടക്കാൻ സഹായിക്കുന്നതിന് റോബോട്ടിക് കാലുകൾ നിർമ്മിച്ച ഒരു യൂട്യൂബർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അലൻ പാൻ എന്ന ചെറുപ്പക്കാരൻ പാമ്പുകൾക്കായി റോബോട്ടിക് കാലുകൾ നിർമ്മിച്ചു. പുതുതായി നിർമ്മിച്ച റോബോട്ടിക് കാലുകളുടെ സാങ്കേതിക വശങ്ങൾ അലൻ തന്‍റെ യൂട്യൂബ് ചാനലിലൂടെ വിശദീകരിച്ചു.

പാമ്പുകൾക്ക് കാലുകൾ തിരികെ നൽകുന്നു എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് യുവാവ് കുറിച്ചത്. പാമ്പുകളോടുള്ള തന്‍റെ സ്നേഹം തെളിയിക്കാനാണ് ഇത്തരമൊരു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പാമ്പുകൾക്ക് ജീവശാസ്ത്രപരമായി നിഷേധിക്കപ്പെട്ട കാലുകൾ താൻ നിർമ്മിച്ച് നൽകിയെന്നും യുവാവ് പറഞ്ഞു.

2 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിലർ പാമ്പുകൾക്ക് കാലില്ലെന്ന് ശാസ്ത്രീയമായി വിശദീകരിച്ചപ്പോൾ പാമ്പുകൾക്ക് കാലുകൾ നൽകാൻ ആരെങ്കിലും ഉണ്ടായല്ലോ എന്ന് മറ്റൊരാൾ കമന്‍റ് ചെയ്തു.