Sunday, December 22, 2024
LATEST NEWSSPORTS

ആദ്യ വനിതാ ഐപിഎല്‍ 2023 മാർച്ചിൽ സംഘടിപ്പിച്ചേക്കും

2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ സംഘടിപ്പിക്കാൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്ത്രീകളുടെ ആഭ്യന്തര കലണ്ടറിൽ ബോർഡ് ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. 2022-23 ലെ സീനിയർ വനിതാ സീസൺ ഒക്ടോബർ 11ന് ടി-20 മത്സരത്തോടെ ആരംഭിക്കുകയും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഇന്റർ സോണൽ ഏകദിന മത്സരത്തോടെ സമാപിക്കുകയും ചെയ്യും.

2018 മുതൽ ഐപിഎൽ സമയത്ത് വനിതാ ടി20 ചലഞ്ച് ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് കാരണം 2021ലെ ടൂർണമെന്റ് റദ്ദാക്കിയിരുന്നു. ആദ്യ സീസണിൽ രണ്ട് ടീമുകൾ തമ്മിലുള്ള എക്സിബിഷൻ മത്സരമായി കളിച്ച ടൂർണമെന്റ് നിരവധി പ്രമുഖ വിദേശ കളിക്കാരുടെ വരവോടെ മൂന്ന് ടീമുകളുള്ള മത്സരമായി മാറി. തുടർന്ന് പുരുഷ ഐ.പി.എല്ലിന്റെ മാതൃകയിൽ മത്സരം നടത്തണമെന്ന് ശക്തമായ മുറവിളി ഉയർന്നിരുന്നു.

ടൂർണമെന്റ് ഒരു മാസം നീണ്ടുനിൽക്കും. ടൂർണമെന്റിൽ അഞ്ച് ടീമുകൾ ഉണ്ടാകുമെന്ന് ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎൽ നടക്കുക. ഈ വർഷം ഫെബ്രുവരിയിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വനിതാ ഐപിഎൽ 2023 ൽ നടക്കുമെന്ന് പറഞ്ഞിരുന്നു.