Tuesday, December 17, 2024
LATEST NEWSSPORTS

ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ജഡേജ?

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2012 മുതൽ ചെന്നൈയിൽ കളിക്കുന്ന ജഡേജ 2018 ലും 2021 ലും ഐപിഎൽ നേടിയ ടീമുകളിൽ അംഗമായിരുന്നു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജഡേജയ്ക്കു കീഴിൽ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് എം.എസ്. ധോണിയെ തന്നെ വീണ്ടും ചെന്നൈ ക്യാപ്റ്റനാക്കിയത്.

ഇതിന് പിന്നാലെയാണ് അദ്ദേഹവും സിഎസ്കെയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ താരവുമായുള്ള പ്രശ്നങ്ങളൊന്നും ചെന്നൈ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ, രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തിരുന്നു. വരും മാസങ്ങളിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ താരം ഇനി ചെന്നൈയിൽ കളിക്കില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഐപിഎൽ സീസൺ കഴിഞ്ഞ ശേഷം ജഡ‍േജയോ ചെന്നൈയോ പരസ്പരം ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം. ചെന്നൈ സൂപ്പർ കിങ്സെന്നത് ഒരു കുടുംബം പോലെയാണെന്നും സീസൺ കഴിഞ്ഞാലും ‌താരങ്ങൾ തമ്മിലുള്ള ബന്ധം സൂക്ഷിക്കണമെന്നുമാണു ടീമിന്റെ നയം. എന്നാൽ ജഡേജയുടെ കാര്യത്തിൽ ഇങ്ങനെയല്ല കാര്യങ്ങൾ. ക്യാപ്റ്റൻ സ്ഥാനം പോയതിനു പിന്നാലെ കഴിഞ്ഞ ഐപിഎൽ സീസണിൽ താരത്തിനു പരുക്കേൽക്കുകയും ചെയ്തു.