Sunday, January 18, 2026
LATEST NEWSPOSITIVE STORIES

സൈക്ലിങ്ങിനിടെ വലതുകൈ നഷ്ടപ്പെട്ടു; ഒടുവിൽ യു.എ.ഇ.യുടെ പ്രിയപ്പെട്ട സൈക്ലിംഗ് താരം

ദുബായ്: സൈക്കിൾ ചവിട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ടു, ഇച്ഛാശക്തിയോടെ അതിനെ അതിജീവിച്ച് നേട്ടങ്ങൾ കൊയ്തു. ഏറ്റവുമൊടുവിൽ, യുഎഇ സൈക്ലിംഗ് താരവും ദുബായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥനുമായ അബ്ദുള്ള സലിം അൽ ബലൂഷി തന്‍റെ പ്രചോദനാത്മകമായ ജീവിതകഥയുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം രചിച്ച ‘ഫ്ലൈ വിത്ത് ദി വിൻഡ്’ എന്ന പുസ്തകം ദുബായ് ഡിപ്പാർട്ട്മെന്‍റ് ഓഫ് റെസിഡൻസ് ആൻഡ് ഇമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ഒരു ദേശീയ സൈക്ലിംഗ് താരമായിരിക്കെ ഒരു അപകടത്തിൽ അദ്ദേഹത്തിന് വലതു കൈമുട്ടിനു താഴെ നഷ്ടപ്പെട്ടു. എന്നാൽ തന്‍റെ ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ട് പറക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. കഠിനാധ്വാനത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സൈക്കിൾ ട്രാക്കിലേക്ക് മടങ്ങിയ അബ്ദുള്ള സലിം ബലൂഷി തന്‍റെ അതിജീവന കഥ വളരെ മനോഹരമായി ഫ്ലൈ വിത്ത് ദി വിൻഡിലൂടെ പറഞ്ഞു. നിശ്ചയദാർഢ്യമുള്ളവരുടെ നേട്ടങ്ങൾ വിവരിക്കുന്ന വിഭാഗത്തിൽ ഈ വർഷത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ ഏറ്റവും ശ്രദ്ധേയമായ പുസ്തകങ്ങളിലൊന്നായിരുന്നു ഇത്. അറബിയിലും ഇംഗ്ലീഷിലുമാണ് പുസ്തകം എഴുതിയിരിക്കുന്നത്.