Friday, January 16, 2026
LATEST NEWSSPORTS

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരക്ഷാവീഴ്ച: ഗുസ്തി മത്സരവേദി ഒഴിപ്പിച്ചു

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് വേദിയിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് ഗുസ്തി സ്‌റ്റേഡിയവും വേദിയും പൂർണ്ണമായും ഒഴിപ്പിച്ചു. ഗുസ്തി വേദിയുടെ മുകളിൽ ഘടിപ്പിച്ചിരുന്ന ശബ്ദ ഉപകരണം താഴേക്ക് വീണതിനെ തുടർന്നാണ് അധികൃതർ വേദി ഒഴിപ്പിച്ചത്.

ഉപകരണം വീണയുടൻ കളിക്കാരോടും കാണികളോടും ഉടൻ വേദി വിട്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ട് മണിക്കൂറോളമാണ് മത്സരങ്ങൾ നിർത്തിവെച്ചത്.

ഇംഗ്ലണ്ടിൽ രാവിലെ 11.22നാണ് സംഭവം. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം 12.15ന് മത്സരങ്ങൾ പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും, നടന്നില്ല. അവസാനം, മത്സരങ്ങൾ പുനരാരംഭിക്കാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു. ശബ്ദ ഉപകരണം വീണതിനാൽ മുഴുവൻ വേദിയും പരിശോധിക്കാൻ അധികൃതർ നിർബന്ധിതരായി. ഇതുകാരണമാണ് മത്സരങ്ങൾ വൈകിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.