കരിപ്പൂർ വിമാനാപകടത്തിൽ രക്ഷക്കെത്തിയ നാട്ടുകാർക്കായി ആശുപത്രി ഒരുക്കി യാത്രക്കാർ
കോഴിക്കോട്: കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം തികയുന്ന വേളയിൽ കരിപ്പൂർ ജനതയ്ക്ക് സ്നേഹസമ്മാനം നൽകി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിക്കിടെ വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ എല്ലാം മറന്ന നാട്ടുകാർക്കായി വിമാനത്തിലെ ഒരു കൂട്ടം യാത്രക്കാർ ആശുപത്രി കെട്ടിടം പണിയും. കരിപ്പൂർ വിമാനത്താവളത്തിന് സമീപം ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറുമെന്ന് എം.ഡി.എഫ് കരിപ്പൂർ ഫ്ളൈറ്റ് ക്രാഷ് ആക്ഷൻ കൗൺസിൽ ലീഗൽ കണ്‍വീനര്‍ സജ്ജാദ് ഹുസൈൻ പറഞ്ഞു.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് സംഘത്തിലുള്ളവർ. കരിപ്പൂർ ദുരന്തത്തിൽ നാട്ടുകാരുടെ രക്ഷാപ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്ന നാട്ടുകാർക്ക് പകരമായി എന്തെങ്കിലും ചെയ്യാനാണ് തീരുമാനമെന്ന് കൂട്ടായ്മയുടെ ലീഗൽ കണ്‍വീനറായ സജ്ജാദ് ഹുസൈൻ പറഞ്ഞു. ഇതിനിടയിൽ അപകടസ്ഥലത്തിനടുത്തുള്ള ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെക്കുറിച്ചും ചർച്ച നടന്നു. ദരിദ്രർ വളരെയധികം ആശ്രയിക്കുന്ന ഒരു ആരോഗ്യ കേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.