കിലോയ്ക്ക് 3 രൂപ ; സെഞ്ച്വറിയടിച്ച തക്കാളിവില കുത്തനെ ഇടിഞ്ഞു
എടക്കര: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർക്ക് കനത്ത നഷ്ടം. കൊയ്തെടുത്താൽ നഷ്ടം ഇനിയും വർദ്ധിക്കുമെന്നതിനാൽ കേരള-കർണാടക അതിർത്തിയിലെ ഗുണ്ടൽപേട്ടിലെ ഗ്രാമങ്ങളിലെ ഏക്കർ കണക്കിന് കൃഷിയിടങ്ങളിലാണ് തക്കാളി നശിപ്പിക്കുന്നത്. സൂര്യകാന്തി പൂക്കളും ചെണ്ടുമല്ലിയും നിറഞ്ഞ പൂന്തോട്ടങ്ങൾക്കപ്പുറം പോയാൽ, നശിച്ച തക്കാളിത്തോട്ടങ്ങൾ കാണാം.
ടൂറിസ്റ്റുകൾക്ക് വേണമെങ്കിൽ തക്കാളി പറിച്ചെടുക്കാം. ആരും തടയില്ല. പറിച്ചെടുത്ത് കൊണ്ടുപോകാനാണ് കർഷകർ തന്നെ പറയുന്നത്. “ഒരു മാസം മുമ്പ് കിലോയ്ക്ക് 70 രൂപയും 80 രൂപയും ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഇപ്പോൾ 2 രൂപയും 3 രൂപയും ലഭിക്കുന്നു. കൃഷി ചെയ്ത വകയിൽ തന്നെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിളവെടുപ്പ് നടത്തിയാൽ, വേതനം നൽകുന്നതിലൂടെ നഷ്ടം ഇനിയും വർദ്ധിക്കും,” കർഷകർ പറഞ്ഞു.
കഴിഞ്ഞ ബലി പെരുന്നാൾ സമയത്ത് വിപണിയിൽ ഒരു കിലോ തക്കാളിയുടെ വില 100 രൂപയായിരുന്നു. നിലവിൽ കടയിൽ നിന്ന് തക്കാളി വാങ്ങുമ്പോൾ പരമാവധി വില 15 രൂപ വരെയാണ്. ഗുണ്ടൽപേട്ടിലെ ബീമൻബിട്ട, കനൈഹളള, ബിച്ചനഹള്ള, കന്നേലു, ബേരമ്പടി, ഒങ്കളി തുടങ്ങിയ ഗ്രാമങ്ങളിലാണ് തക്കാളി കൃഷി കൂടുതലും നടക്കുന്നത്.