Sunday, November 24, 2024
HEALTHLATEST NEWS

‘പോഷക ബാല്യം’ പദ്ധതി; അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജു മുഖ്യാതിഥിയാകും.

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ പോഷകാഹാര നില മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനും ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും ആഴ്ചയിൽ രണ്ട് തവണ പാലും നൽകുന്നു. ആഴ്ചയിലെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു ഗ്ലാസ് പാലും ആഴ്ചയിലെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകും. അങ്കണവാടികളിലെ 3 നും 6 നും ഇടയിൽ പ്രായമുള്ള 4 ലക്ഷത്തോളം പ്രീസ്കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

കുട്ടികളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവും ആരോഗ്യപരവുമായ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് അങ്കണവാടി ആറ് സേവനങ്ങൾ നൽകുന്നു. ഇതിൽ ഒരു പ്രധാന സേവനമാണ് പോഷകബാല്യം പദ്ധതി. ഈ പദ്ധതി പ്രകാരം 6 മാസം മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അങ്കണവാടികൾ വഴി പോഷകാഹാരം നൽകുന്നുണ്ട്. ഇതിനുപുറമെ, പാൽ, മുട്ട എന്നിവയും അങ്കണവാടി മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.