Sunday, November 24, 2024
LATEST NEWSSPORTS

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റി. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആണ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഏഷ്യാ കപ്പ് ശ്രീലങ്കയിൽ തന്നെ നടക്കുമെന്നായിരുന്നു പ്രാഥമിക സൂചന. എന്നാൽ, രാജ്യത്ത് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് വേദി മാറ്റാൻ തീരുമാനിച്ചത്. വേദി മാറ്റിയെങ്കിലും ശ്രീലങ്കയായിരിക്കും ടൂർണമെന്‍റിന്‍റെ ഔദ്യോഗിക ആതിഥേയത്വം വഹിക്കുക. മറ്റ് ഏഷ്യൻ രാജ്യങ്ങളെയും വേദിക്ക് ആതിഥേയത്വം വഹിക്കാൻ പരിഗണിച്ചിരുന്നെങ്കിലും കാലാവസ്ഥ കണക്കിലെടുത്ത് യു.എ.ഇക്ക് തന്നെ നറുക്ക് വീണു.

ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ടി20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ യോഗ്യതാ റൗണ്ടിലെ വിജയിയും പ്രധാന ടൂർണമെന്‍റിന്‍റെ ഭാഗമാകും. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് യോഗ്യതാ റൗണ്ടിൽ ഏറ്റുമുട്ടുക.