Sunday, December 22, 2024
LATEST NEWSSPORTS

സന്തോഷ് ട്രോഫി താരം ജെസിൻ ഇനി ഈസ്റ്റ് ബംഗാളിൽ

ഇക്കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ടോപ് ഗോൾ സ്കോററായിരുന്ന കേരളത്തിന്‍റെ ജെസിൻ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. കേരള പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന് വേണ്ടി കളിക്കുന്ന ജെസിൻ രണ്ട് വർഷത്തെ കരാറാണ് ഈസ്റ്റ് ബംഗാളുമായി ഒപ്പിട്ടത്. സന്തോഷ് ട്രോഫി കിരീടത്തിലേക്ക് കേരളത്തെ നയിച്ച പരിശീലകൻ ബിനോ ജോർജിനെ റിസർവ് ടീം പരിശീലകനായി നിയമിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാൾ ജെസിനെയും ടീമിൽ ഉൾപ്പെടുത്തിയത്.

സന്തോഷ് ട്രോഫി ടൂർണമെന്‍റിൽ കർണാടകയ്ക്കെതിരായ സെമി ഫൈനലിൽ ജെസിന്‍റെ പ്രകടനത്തിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ 22-കാരൻ അഞ്ച് ഗോളുകൾ നേടി. ഈ പ്രകടനത്തോടെയാണ് കേരളം ഫൈനൽ കളിച്ചത്. സന്തോഷ് ട്രോഫിയിൽ 9 ഗോളുകളാണ് ജെസിൻ നേടിയത്.

ജെസിനെ കൂടാതെ സന്തോഷ് ട്രോഫിയിൽ കേരളത്തെ നയിച്ച ജിജോ ജോസഫിനെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിട്ടുണ്ട്. ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ജിജോ ജോസഫ് നേടി.