Thursday, November 21, 2024
LATEST NEWSTECHNOLOGY

33 ലക്ഷത്തിന്റെ ജോലി: വയസറിഞ്ഞപ്പോൾ കാത്തിരിക്കൂ എന്ന് കമ്പനി!

നാഗ്പൂർ: കോഡിങ് മത്സരത്തിൽ ഒന്നാമനായി, പ്രതിവർഷം 33 ലക്ഷം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത കമ്പനിയെ ഞെട്ടിച്ച് 15കാരൻ. ന്യൂജേഴ്‌സിയിലെ ഒരു വമ്പൻ പരസ്യ ഏജൻസി നടത്തിയ കോഡിങ് മത്സരത്തിലാണ് ഈ പത്താം ക്‌ളാസുകാരൻ ഒന്നാമനായത്. വേദാന്തിന്റെ വയസ്സറിഞ്ഞ കമ്പനി പറഞ്ഞതാകട്ടെ പഠനം പൂർത്തിയാക്കി തിരികെ എത്താനും.
അമ്മയുടെ പഴയ ലാപ്‌ടോപ്പിലൂടെ ഇൻസ്റ്റാഗ്രാമിൽ തിരയുമ്പോഴാണ് വേദാന്ത് വെബ്‌സൈറ്റ് വികസന മത്സരത്തിന്റെ ലിങ്ക് കണ്ടത്.

പിന്നീട് രണ്ട് ദിവസം കൊണ്ട് 2,066 വരി കോഡ് എഴുതി വേദാന്ത അവർക്ക് അയച്ചു കൊടുത്തു. ലോകമെമ്പാടുനിന്നും ആയിരത്തോളം ആളുകൾ പങ്കെടുത്ത മത്സരത്തിൽ ഫലം വന്നപ്പോൾ ഒന്നാമതെത്തിയത് വേദാന്ത് തന്നെയായിരുന്നു. ഈ കഴിവ് കണ്ട് കമ്പനി അവരുടെ എച്ച്ആർഡി ടീമിന്റെ ഭാഗമാക്കാനും, കോഡ് ചെയ്യുന്ന മറ്റ് ആളുകളെ പരിശീലിപ്പിക്കാനും വേണ്ടി വേദാന്തിന് ജോലി വാഗ്ദാനം ചെയ്തു. ഓഫർ ലെറ്ററും അയച്ചു. പ്രതിവർഷം 33 ലക്ഷം രൂപയായിരുന്നു ശമ്പളം. ഒടുവിൽ ജോലിക്കായി പേര് വിവരങ്ങൾ ശേഖരിക്കുമ്പോഴാണ് വേദാന്തിന്റെ പ്രായം അവർ മനസിലാക്കുന്നത്. 15 വയസ്സ് മാത്രമാണ് അവന്റെ പ്രായംമെന്നറിഞ്ഞ കമ്പനി അവന് നൽകിയ ജോലി വാഗ്ദാനം പിൻവലിച്ചു.എന്നാൽ, ഇപ്പോൾ ജോലി നൽകാൻ നിവർത്തിയില്ലെങ്കിലും, നാളെ പഠനം പൂർത്തിയാക്കുന്ന സമയത്ത് തങ്ങളെ ബന്ധപ്പെടണമെന്നും ജോലി നൽകാമെന്നും കമ്പനി നിർദ്ദേശിച്ചു. ഇപ്പോൾ പത്താം ക്ലാസ്സിലാണ് വേദാന്ത് പഠിക്കുന്നത്.