ഇന്ത്യ– ഖത്തർ വ്യാപാരത്തിൽ 63 ശതമാനം വർധനയെന്ന് കണക്കുകൾ
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്‍റെ അടിസ്ഥാനത്തിൽ 63 ശതമാനം വർദ്ധന. 2021-2022 ൽ ഖത്തറുമായുള്ള വ്യാപാരം 15 ബില്യൺ ഡോളറാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ (എൽഎൻജി) ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാരാണ് ഖത്തർ.
ഇന്ത്യയുടെ ആഗോള എൽഎൻജി ഇറക്കുമതിയുടെ 50 ശതമാനത്തിലേറെയും ഖത്തറിൽ നിന്നാണ്. എൽഎൻജിക്ക് പുറമെ ഈഥൈൽ, പ്രൊപ്പിലീൻ, അമോണിയ, യൂറിയ, പോളിതൈലീൻ എന്നിവയും ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഖത്തറിന്റെ നാലാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. 2021-2022 ൽ 5.9 ബില്യൺ ഡോളറിന്‍റെ എൽഎൻജിയാണ് ഖത്തറിൽ നിന്ന് ഇറക്കുമതി ചെയ്തത്.
വാർഷികാടിസ്ഥാനത്തിൽ 88 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഊർജ്ജ മേഖലയിൽ മുൻ പന്തിയിലാണ്. അതേസമയം, കഴിഞ്ഞ 2-3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള ഇറക്കുമതിയിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ചും ഖത്തർ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സമുദ്രപാത തുറന്നതോടെയാണിത്.