Sunday, January 5, 2025
LATEST NEWS

ഡോളറിനെതിരെ രൂപ വീണ്ടും താഴുമെന്ന് ആശങ്ക

ന്യൂ​ഡ​ൽ​ഹി: വ്യാപാരക്കമ്മി വർദ്ധിച്ചു വരുന്നതും യുഎസ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്ന അഭ്യൂഹങ്ങളും കാരണം ഡോളറിനെതിരെ രൂപയുടെ മൂല്യം 82 വരെ താഴുമെന്ന് ആശങ്ക. അടുത്ത ദിവസം ചേരുന്ന സെൻട്രൽ ബാങ്കിന്‍റെ മീറ്റിംഗിൽ പലിശ നിരക്ക് 50-75 ബേസിസ് പോയിന്‍റുകൾ ഉയർത്തുമെന്ന് അനലിസ്റ്റുകൾ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് നിക്ഷേപം എത്തുമെന്നും പറയുന്നു. രാജ്യത്ത് നിന്നുള്ള ഡോളർ ഒഴുക്കും ക്രൂഡ് ഓയിൽ വില വർദ്ധനവും രൂപയുടെ മൂല്യം കൂടുതൽ താഴേക്ക് തള്ളിവിടുമെന്ന ആശങ്കയുമുണ്ട്.

കഴിഞ്ഞയാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 80.06 ൽ എത്തിയിരുന്നു. അടുത്ത വർഷം മാർച്ചോടെ വലിയ ഇടിവുണ്ടാകുമെന്നും പിന്നീട് 78 ൽ അവസാനിക്കുമെന്നും ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഡോളറിനെതിരെ മൂല്യം ഇടിവ് തുടരുന്ന രൂപയുടെ മൂല്യം 79 ന് അടുത്താണ്, ഇത് ഈ വർഷം ശരാശരി നിരക്ക് ആയിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ, രൂപയുടെ മൂല്യം ഇപ്പോൾ 81 ൽ എത്താനും സാധ്യതയുണ്ട്,” ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ പറഞ്ഞു. ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിച്ചതിന്‍റെ ഫലമായി വ്യാപാര കമ്മി 26.18 ബില്യൺ ഡോളറായി ഉയർന്നു.