Tuesday, December 17, 2024
HEALTHLATEST NEWS

അര്‍ബുദം, പ്രമേഹ, ഹൃദ്രോഗ മരുന്നുകളുടെ വില 70% വരെ കുറഞ്ഞേക്കും

ന്യൂഡല്‍ഹി: കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ മാസം 26ന് കേന്ദ്ര സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് കമ്പനികൾ വൻ വില ഈടാക്കുന്നതായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏതൊക്കെ മരുന്നുകളാണ് അമിത വിലയ്ക്ക് വിൽക്കുന്നതെന്നതിന്‍റെ കണക്ക് മരുന്ന് നിർമ്മാണ കമ്പനികൾക്ക് മുന്നിൽ വയ്ക്കും. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്ര സർക്കാർ മരുന്ന് കമ്പനികൾക്ക് മുന്നിൽ വയ്ക്കും. അതിനുശേഷം വില കുറയ്ക്കുന്നതിൽ തീരുമാനമെടുക്കും. ഇതുവഴി വിവിധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില കുറയുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും.