ക്രിക്കറ്റ് ആവേശം കേരളത്തിലേക്ക്; ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 കാര്യവട്ടത്ത്
തിരുവനന്തപുരം: കേരളം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയാകുന്നു. സെപ്റ്റംബർ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം നടക്കുക. ഒക്ടോബർ, നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയിൽ മൂന്ന് മത്സരങ്ങളുടെ പരമ്പര കളിക്കാനെത്തുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരമാണിത്. സെപ്റ്റംബർ രണ്ടാം പകുതിയിൽ മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഓസ്ട്രേലിയ ഇന്ത്യയിൽ കളിക്കാനെത്തുക. പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്ത് നടക്കുമെന്ന് നേരത്തെ ധാരണയായിരുന്നു. മത്സരം നടത്താൻ തയ്യാറാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ബിസിസിഐയെ അറിയിച്ചിരുന്നു.
എന്നാൽ ആ മത്സരം കഴിഞ്ഞ് സിംഗപ്പൂർ വഴി മടങ്ങാൻ തിരുവനന്തപുരത്തുനിന്ന് മതിയായ വിമാന സർവീസ് ഇല്ലെന്ന അസൗകര്യം പരിഗണിച്ച് ആ മത്സരം ഹൈദരാബാദിലേക്കു മാറ്റാൻ തീരുമാനിച്ചു. ഇതിന് പകരമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിരുവനന്തപുരത്ത് മത്സരം നടത്താൻ ബിസിസിഐയുടെ ഫിക്സ്ചർ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി-20 മത്സരം തിരുവനന്തപുരത്തിന് അനുവദിച്ചിരുന്നു. എന്നാൽ, കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ ആ പരമ്പരയിലെ എല്ലാ മത്സരങ്ങളും ഒരിടത്ത് നടത്താൻ തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തിന് അവസരം നഷ്ടമായി.