ഡ്യുറൻഡ് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്
ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഐ ലീഗ് ക്ലബ് സുദേവ എഫ് സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ഓഗസ്റ്റ് 23 ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിയുമായി അടുത്ത മത്സരം കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഓഗസ്റ്റ് 27 ന് മറ്റൊരു ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന ലീഗ് മത്സരം.
ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യത്തേയും അവസാനത്തേയും മത്സരം ആരംഭിക്കുക. ബാക്കി രണ്ട് മത്സരങ്ങളും വൈകിട്ട് 6 മണിക്ക് നടക്കും. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
ഡ്യൂറണ്ട് കപ്പിന്‍റെ 131-ാമത് എഡിഷൻ ആണ് അടുത്ത മാസം ആരംഭിക്കുന്നത്. പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ആദ്യ ടീം യു.എ.ഇയിലായതിനാൽ ഡ്യുറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം നിര ടീമിനെയാകും അയയ്ക്കുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഡ്യൂറാൻഡ് കപ്പ് നടക്കുക.