Sunday, November 24, 2024
LATEST NEWSSPORTS

അമേരിക്കയുടെ വേഗ രാഞ്ജി അലിസൺ ഫെലിക്‌സ് വിരമിക്കുന്നു

അമേരിക്ക: അമേരിക്കയുടെ ഇതിഹാസ അത്‌ലറ്റ് അലിസൺ ഫെലിക്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022ലെ അത്‌ലറ്റിക്‌സ് സീസണോടെ താന്‍ ട്രാക്കില്‍ നിന്നും പിന്മാറുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ 20 വർഷം നീണ്ട കരിയറാണ് ഫെലിക്സിനുള്ളത്. ചാമ്പ്യൻഷിപ്പിൽ 13 സ്വർണം ഉൾപ്പെടെ 18 മെഡലുകൾ നേടി. ഇത്തവണ അമേരിക്കയുടെ റിലേ ടീമിലും താരമുണ്ട്.

2002ലെ പാരീസ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നാണ് അലിസണ്‍ കരിയർ ആരംഭിച്ചത്. 200 മീറ്റർ ഓട്ടത്തിൽ ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും മെഡൽ നേടിയില്ല.

2005ൽ ഹെൽസിങ്കിയിൽ മെഡൽ നേട്ടം ആരംഭിച്ചു. അവിടെ 200 മീറ്ററില്‍ സ്വര്‍ണം നേടി. അന്ന് 20 വയസ്സായിരുന്നു അലിസണ് പ്രായം. രണ്ട് വർഷം മുമ്പ് ദോഹ ലോക ചാമ്പ്യൻഷിപ്പിൽ 4×400 മീറ്റർ റിലേ, മിക്സഡ് റിലേ ഇനങ്ങളിൽ സ്വർണം നേടിയിരുന്നു. അതേസമയം, ഒളിംപിക്സിൽ 10 മെഡലുകൾ നേടിയ അമേരിക്കൻ വനിതാ കായിക താരമാണവർ. അലിസൺൻ്റെ ഒളിംപിക്സ് മെഡൽ വേട്ടയിൽ അവസാനത്തേത് ടോക്കിയോവിലായിരുന്നു. 2020 ആഗസ്ത് 06-ന് 400 മീറ്റർ റിലേയിൽ അലിസൺ ഫെലിക്സ് വെങ്കല മെഡൽ കരസ്ഥമാക്കി. 20 വർഷം നീണ്ട കരിയറിനിടെ ലോക അത്ലറ്റിക്‌സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ അത്ലറ്റ് എന്ന നേട്ടത്തോടെയാണ് ഈ 36-കാരി കളംവിടുന്നത്.