Friday, November 22, 2024
LATEST NEWSSPORTS

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം

അമേരിക്ക: 18-ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ യൂജീനിൽ വെള്ളിയാഴ്ച തുടക്കം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മീറ്റ് കഴിഞ്ഞ വർഷമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് -19 മഹാമാരി കാരണം ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷം വൈകിയതിന് പിന്നാലെ ലോക ചാമ്പ്യൻഷിപ്പും ഒരു വർഷത്തേക്ക് മാറ്റിവച്ചു. 2019 ൽ ദോഹയിലാണ് അവസാന ചാമ്പ്യൻഷിപ്പ് നടന്നത്. വെള്ളിയാഴ്ച രാത്രി 9.30ന് യൂജിനിലെ ഹേവാർഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഇതാദ്യമായാണ് അമേരിക്ക ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

49 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ, ബെലാറസ് കളിക്കാരെ ടൂർണമെന്‍റിൽ നിന്ന് വിലക്കിയിരുന്നു. മീറ്റ് ജൂലായ് 24-ന് സമാപിക്കും.

അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) ലോക അത്ലറ്റിക്സിനുള്ള 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ അഞ്ച് സ്ത്രീകളും ഒമ്പത് മലയാളികളുമുണ്ട്.