Saturday, January 18, 2025
HEALTHLATEST NEWS

ഇന്ത്യ കോവിഡ് വാക്സിൻ വിതരണം ചെയ്തത് 50 രാജ്യങ്ങൾക്ക്

വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്ന വാക്സിൻ മൈത്രി സ്കീമിന് കീഴിൽ ഇന്ത്യ ഇതുവരെ 50 രാജ്യങ്ങൾക്ക് 23 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്‍റെ വാക്സിൻ ട്രാക്കർ ഡാറ്റ അനുസരിച്ച് 17.30 കോടി ഡോസുകൾ വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള കോവാക്സ് പ്ലാറ്റ്ഫോമിലേക്ക് 4.45 കോടി വാക്സിനുകളും കൈമാറി. ഏകദേശം 1.50 കോടി വാക്സിനുകൾ ഗ്രാന്‍റായി കൈമാറിയിട്ടുണ്ട്.

ആഫ്രിക്കയിലെ 33 രാജ്യങ്ങൾ, ഏഷ്യയിലെ 9 രാജ്യങ്ങൾ, ബൊളീവിയ, നിക്കരാഗ്വ, ഓഷ്യാനിയ (പാപ്പുവ ന്യൂ ഗിനിയ, സോളമൻ ദ്വീപുകൾ), മിഡിൽ ഈസ്റ്റ് (സിറിയ, യെമൻ) എന്നിവിടങ്ങളിലേക്കാണ് ഇവ പ്രധാനമായും വിതരണം ചെയ്തത്. ലോകത്തിലെ 60 ശതമാനം വാക്സിനുകളും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. യുഎന്നിന്‍റെ വാർഷിക വാക്സിൻ ശേഖരത്തിന്‍റെ 60-80 ശതമാനവും ഇന്ത്യയിലാണ്.

കോവിഡ് -19 നെതിരെ ചെലവുകുറഞ്ഞ വാക്സിനുകൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ കഴിവ് രാജ്യത്തിന്‍റെ വാക്സിൻ മുന്നേറ്റങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ വാക്സിൻ ട്രാക്കർ ഉദ്യോഗസ്ഥനായ മോന പറഞ്ഞു. ലോകത്ത് കോവിഡിനെതിരെ നിരവധി വാക്സിനുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ നിർമ്മിച്ച വാക്സിനുകൾ ലോകത്ത് വളരെയധികം വിശ്വാസം നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ട് മാത്രം 150 കോടി ഡോസ് കോവിഷീൽഡ് കോവാക്സിൻ നൽകിയിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിൽ ബയോളജിക്കൽ ഇ യുടെ കോർബെവാക്സിന്‍റെ 1 ബില്യൺ ഡോസുകൾ വിതരണം ചെയ്യാനും ക്വാഡ് രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.