ബൈജൂസിന് കീഴിലുള്ള വൈറ്റ്ഹാറ്റ് ജൂനിയർ 300 ജീവനക്കാരെ പിരിച്ചുവിട്ടു
ദില്ലി: ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ വൈറ്റ്ഹാറ്റ് ജൂനിയർ, ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ 300 ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം.
ഏപ്രിൽ-മെയ് മാസങ്ങളിൽ ആയിരത്തിലധികം ജീവനക്കാർ ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രാജിവച്ചിരുന്നു. ഇത്തവണ, പിരിച്ചുവിട്ട ജീവനക്കാരിൽ ഭൂരിഭാഗവും പ്ലാറ്റ്ഫോമിലെ കോഡ് ടീച്ചിംഗ്, സെയിൽസ് ടീമുകളിൽ നിന്നുള്ളവരായിരുന്നു.
കോവിഡ് -19 മഹാമാരിക്ക് ശേഷം ആഗോളതലത്തിൽ സ്കൂളുകൾ, കോളേജുകൾ, ഫിസിക്കൽ ട്യൂഷൻ സെന്ററുകൾ എന്നിവ വീണ്ടും തുറന്നത് എഡ്ടെക് മേഖലയെ സാരമായി ബാധിച്ചു. 2020 ജൂലൈയിൽ 300 ദശലക്ഷം ഡോളറിനാണ് ബൈജൂസ് വൈറ്റ്ഹാറ്റ് ജൂനിയറിനെ സ്വന്തമാക്കിയത്. വൈറ്റ്ഹാറ്റ് ജൂനിയർ 2021 സാമ്പത്തിക വർഷത്തിൽ 1,690 കോടി രൂപയുടെ വലിയ നഷ്ടം രേഖപ്പെടുത്തി. അതേസമയം, ഇതിന്റെ ചെലവ് 2,175 കോടി രൂപയായിരുന്നു. 2020 സാമ്പത്തിക വർഷത്തിൽ 69.7 കോടി രൂപ മാത്രമാണ് ചെലവ്.