Sunday, November 24, 2024
GULFLATEST NEWSSPORTS

ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും

ദോഹ: ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനം. ഇതാദ്യമായാണ് ഒരു വലിയ കായിക ടൂർണമെന്റിൽ മനുഷ്യാവകാശ സന്നദ്ധപ്രവർത്തകർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനാണിത്.

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ ഈ പദ്ധതി പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഫിഫ അറബ് കപ്പിന് എത്തിയ ആരാധകരുടെ സംരക്ഷണം ഉറപ്പാക്കാൻ ഈ പദ്ധതി സഹായിച്ചു. പദ്ധതിയുടെ വൊളന്റിയർമാരിൽ നിന്നും പങ്കാളികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഫിഫയുടെ മനുഷ്യാവകാശ, വിവേചന വിരുദ്ധ വിഭാഗം മേധാവി ആൻഡ്രിയാസ് ഗ്രഫ് പറഞ്ഞു.

അറബ് കപ്പിൽ 12 വൊളന്റിയർമാരെ തിരഞ്ഞെടുത്തപ്പോൾ നവംബർ ലോകകപ്പിൽ 96 വൊളന്റിയർമാരും 10 ടീം ലീഡർമാരുമുണ്ടാകും. കായികം, മനുഷ്യാവകാശം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പിന്തുണയോടെ ഫിഫ മനുഷ്യാവകാശ ടീമിന്റെ കീഴിൽ 12 വൊളന്റിയർമാർക്കാണ് അറബ് കപ്പിനിടെ പരിശീലനം നൽകിയത്.