പ്രവാസി സുരക്ഷാ ബില്ല് അനിവാര്യം; ഒഐസിസി
തിരുവനന്തപുരം: പ്രവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച ഒസിഐ കാർഡ് ഉൾപ്പെടെയുള്ള സംരക്ഷണം പോലെ നാട്ടിലെ അവരുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംരക്ഷണം നൽകുന്ന പ്രവാസി സുരക്ഷാ ബിൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന ഒഐസിസിയുടെ ആവശ്യം മൂന്നാം ലോക കേരള സഭയിൽ ശ്രദ്ധിക്കപ്പെടുകയും മേഖലാ റിപ്പോർട്ടിംഗിൽ ഒന്നാമത് പരിഗണിക്കുകയും ചെയ്തു.
മന്ത്രിമാരായ എം.വി ഗോവിന്ദൻ മാസ്റ്റർ, ആന്റണി രാജു എന്നിവർക്ക് മുന്നിൽ ജർമ്മനിയിൽ നിന്നുള്ള ഒഐസിസി ഗ്ലോബൽ സെക്രട്ടറി/യൂറോപ്പ് കോർഡിനേറ്റർ ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ നിർദ്ദേശം ആദ്യം അവതരിപ്പിച്ചു. വിഷയം മുൻഗണനാക്രമത്തിൽ ഏറ്റെടുക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകുകയും നോർക്ക സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി മുഖേന സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും ഉപസമിതിയെ തിരഞ്ഞെടുക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
എൻആർഐ (എൻആർകെ), ഒസിഐ ഉടമകൾക്ക് അവരുടെ കഠിനാധ്വാനഥ്തിന്റെ ഫലമായ ആസ്തികൾ, കെട്ടിടങ്ങൾ, പാരമ്പര്യ സ്വത്തുക്കൾ, പൂർവ്വിക സ്വത്തുക്കൾ, എന്നിവ നാട്ടില്‍ ഇല്ലാത്തതിന്റെ പേരില്‍ കൈമോശം വരികയോ അന്യാധീനപ്പെടുകയോ അപരിചിതർ കൈയേറുകയോ ചെയ്യുന്നത് ഇക്കാലത്ത് സാധാരണമാണ്. ജോലി തേടി വിദേശത്തേക്ക് പോയിപിന്നീട് തിരിച്ചുവരുക എന്ന സ്വപ്നവുമായാണ് പ്രവാസികൾ കേരളത്തിൽ നിക്ഷേപം നടത്തുന്നത്.