രാജ്യത്ത് ഇന്ന് 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേരളത്തിൽ
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസകരമാണ്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. നിലവിൽ 79,313 സജീവ കേസുകളാണുള്ളത്. 17 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സജീവ കേസുകളുടെ എണ്ണത്തിൽ 2,613 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ, സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.18 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവുമാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 7,293 രോഗികൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,27,15,193 ആയി ഉയർന്നു. ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.61 ശതമാനമാണ്. രാജ്യത്തെ മരണനിരക്ക് 1.21 ശതമാനമാണ്.
രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 196.32 കോടി വാക്സിൻ ഡോസുകൾ നൽകിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,88,641 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. അതേസമയം ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 2,786 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 2,354 കേസുകളുള്ള മഹാരാഷ്ട്ര, 1,060 കേസുകളുള്ള ഡൽഹി, 686 കേസുകളുള്ള തമിഴ്നാട്, 684 കേസുകളുള്ള ഹരിയാന എന്നിവയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള മറ്റ് സംസ്ഥാനങ്ങൾ. പുതിയ കേസുകളുടെ 76.28 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഇതിൽ 28.08 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്.