Monday, November 25, 2024
LATEST NEWS

പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക കണക്ഷനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. ഇത് 750 രൂപയായാണ് വർദ്ധിപ്പിച്ചത്. ഇപ്പോൾ, ഒരു പുതിയ കണക്ഷൻ എടുക്കുമ്പോൾ, ഒരു സിലിണ്ടറിന് സെക്യൂരിറ്റിയായി 2,200 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 1450 രൂപയായിരുന്നു. 14.2 കിലോഗ്രാം സിലിണ്ടറിൻറെ സെക്യൂരിറ്റി ഡെപ്പോസിറ്റിന് 750 രൂപയാണ് വർധിപ്പിച്ചത്. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഇതിന് 250 ആണ് വില. നേരത്തെ ഇത് 150 ആയിരുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ ദേശീയ എണ്ണ വിപണന കോര്‍പ്പറേഷനുകളിൽ നിന്ന് പുതിയ എൽപിജി കണക്ഷനുകൾ എടുക്കുന്നതിന് ഇപ്പോൾ 850 രൂപ അധിക ചെലവ് വരും, ജൂൺ 16 മുതൽ സിലിണ്ടറിനും പ്രഷർ റെഗുലേറ്ററിനും നൽകേണ്ട ഒറ്റത്തവണ സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയ നിരക്കായിരിക്കും.

അതേസമയം, 5 കിലോഗ്രാം സിലിണ്ടറിൻറെ സെക്യൂരിറ്റി ഡെപ്പോസിറ്റും വർദ്ധിപ്പിച്ചിട്ടുണ്ട്. നിക്ഷേപം 800 രൂപയിൽ നിന്ന് 1,150 രൂപയായി ഉയർത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 2,000 രൂപയും (1,150 രൂപ) പ്രഷർ റെഗുലേറ്ററിന് 200 രൂപയും (100 രൂപ) ആയി പരിഷ്കരിച്ചു.