Sunday, November 24, 2024
LATEST NEWSSPORTS

ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോങ്കോങ്ങിനെ തോൽപ്പിച്ചു. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയും അന്‍വര്‍ അലിയുമാണ് ആദ്യ പകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ മന്‍വീര്‍ സിങ്ങും ഇഷാൻ പണ്ഡിതയുമാണ് ഗോൾ നേടിയത്. 29 വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോങ്കോങ്ങിനെതിരെ ജയിക്കുന്നത്.

നേരത്തെ ഗ്രൂപ്പ് ബിയിൽ പലസ്തീനെയും ഫിലിപ്പൈൻസിനെയും തോൽപ്പിച്ച് ഇന്ത്യ ഏഷ്യൻ കപ്പിൻ യോഗ്യത നേടിയിരുന്നു. നേരത്തെ യോഗ്യതാ മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെയും കംബോഡിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് തുടർച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്.

മത്സരത്തിൻറെ രണ്ടാം മിനിറ്റിൽ അന്‍വര്‍ അലിയാണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ ലീഡ് രണ്ടായി ഉയർത്തിയത്. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിൻറെ റെക്കോർഡും ഈ നേട്ടത്തോടെ ഛേത്രി മറികടന്നു.