Sunday, December 22, 2024
GULFLATEST NEWS

മലബാർ മേഖലയക്ക് ആശ്വാസം ;കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യയുടെ സർവീസ്

കണ്ണൂർ : ജൂൺ 21 മുതൽ കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിക്കും. മലബാർ മേഖലയിലെ യാത്രക്കാർക്ക് ഈ സർവീസുകൾ ഏറെ പ്രയോജനകരമാകും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് വീതം സർവീസുകൾ നടത്തുന്നതാണ്. കണ്ണൂരിൽ നിന്ന് രാത്രി 10.20നു പുറപ്പെടുന്ന വിമാനം ഒമാൻ സമയം ഉച്ചയ്ക്ക് 12.20നു മസ്കറ്റിലെത്തും. മസ്കറ്റിൽ നിന്ന് വൈകിട്ട് 4.30നു പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 9.30നു കണ്ണൂരിൽ ഇറങ്ങും.

നിലവിൽ കണ്ണൂരിലേക്കുള്ള സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നിവയാണ്. നേരത്തെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നെങ്കിലും തിരുവനന്തപുരം സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. നിലവിൽ കൊച്ചിയിൽ നിന്ന് മാത്രമാണ് വിമാന സർവീസുകൾ ഉള്ളത്.

കണ്ണൂർ വിമാനത്താവളത്തിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാണെങ്കിലും കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചിട്ടില്ല. എയർ ഇന്ത്യ ഏറ്റെടുത്തതു മുതൽ ടാറ്റ ഗ്രൂപ്പ് വലിയ പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂരിൽ നിന്ന് ഒമാനിലേക്ക് എയർ ഇന്ത്യ സർവീസ് ആരംഭിച്ചത്.