ആദ്യമായി ക്വാണ്ടം കമ്പ്യൂട്ടർ സ്വന്തമാക്കി യു.കെ പ്രതിരോധ മന്ത്രാലയം
യുകെ: ക്വാണ്ടം കമ്പ്യൂട്ടർ വാങ്ങി യു കെ പ്രതിരോധ മന്ത്രാലയം. ഇതാദ്യമായാണ് യു.കെ. സർക്കാർ ഒരു ക്വാണ്ടം കമ്പ്യൂട്ടർ വാങ്ങുന്നത്. സാധാരണ കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയാത്ത വളരെ സങ്കീർണ്ണമായ ജോലികൾ നിർവഹിക്കാൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് കഴിയും.
പ്രതിരോധ രംഗത്ത് ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ സാധ്യതകൾ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാൻ ബ്രിട്ടീഷ് കമ്പനിയായ ഓർക കമ്പ്യൂട്ടിംഗുമായി പ്രതിരോധ മന്ത്രാലയം പ്രവർത്തിക്കും.
വീട്ടിലും ജോലിസ്ഥലത്തും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ ഡാറ്റ, ബിറ്റുകളായി കൈകാര്യം ചെയ്യുന്നു. പൂജ്യം, ഒന്ന് എന്നീ സംഖ്യകൾ അതിന്റെ ബൈനറി മൂല്യമായിരിക്കും. എന്നാൽ ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്യുബിറ്റ് എന്നറിയപ്പെടുന്ന ഒരു യൂണിറ്റ് ആണ് ഡാറ്റ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നത്. സൂപ്പർപോസിഷൻ എന്നറിയപ്പെടുന്ന ക്വാണ്ടം മെക്കാനിക്കൽ പ്രക്രിയയിലൂടെ ഒരേ സമയം ഒന്ന്, പൂജ്യം തുടങ്ങിയ സംഖ്യകളെ പ്രതിനിധീകരിക്കാൻ ഇതിന് കഴിയും. സാധാരണ കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയാത്ത ജോലികൾ ചെയ്യാൻ ഇത് ക്വാണ്ടം കമ്പ്യൂട്ടറുകളെ സഹായിക്കുന്നു.