Friday, November 22, 2024
LATEST NEWSPOSITIVE STORIES

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനട യാത്ര തുടങ്ങി ശിഹാബ്; താണ്ടേണ്ടത് 8640.കി.മീ

കോട്ടയ്ക്കല്‍: ശിഹാബ് തന്റെ വിശുദ്ധ യാത്ര പ്രാർത്ഥനയോടെ ആരംഭിച്ചു. സുബ്ഹി നമസ്കാരം കഴിഞ്ഞ് ദു ആ ചൊല്ലി തന്റെ പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് നടത്തം ആരംഭിച്ച ശിഹാബിന് ഇനി ഒരേയൊരു ലക്ഷ്യമേയുള്ളൂ , അടുത്ത ഹജ്ജിന് മുമ്പ് മക്കയിലെത്തുക. 29 കാരനായ ശിഹാബ് കാൽനടയായി മക്കയിലേക്ക് പോകാനുള്ള യാത്രയാണ് ആരംഭിച്ചത്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെയാണ് ഷിഹാബ് പുറപ്പെട്ടത്. ഷിഹാബിനെ നാട്ടുകാരും ബന്ധുക്കളും കുറച്ച് ദൂരം പിന്തുടർന്നു. പിന്നീട് സലാം പറഞ്ഞു പിരിഞ്ഞു. ശിഹാബിന്റെ കൈയിൽ അവശ്യസാധനങ്ങൾ മാത്രമേ ഉള്ളൂ. ഭക്ഷണവും ഉറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകും.

ആദ്യ ദിവസത്തെ യാത്ര രാത്രി പരപ്പനങ്ങാടിയിൽ സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദിൽ താമസിച്ച ശേഷം യാത്ര പുനരാരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ഷിഹാബ് പറഞ്ഞു. വീട്ടിൽ നിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ ദൂരമുണ്ട്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്ത വർഷത്തെ ഹജ്ജാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം.