രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തതായി കേന്ദ്രം
ന്യൂ ഡൽഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് വാക്സിൻ ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. അസാധാരണ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോവിഡിനെതിരെ ഒന്നിച്ച് പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ വാക്സിനുകളുടെ എണ്ണം 197.98 കോടി (1,97,98,21,197) കവിഞ്ഞു. 2,58,55,578 സെഷനുകളിലൂടെയാണ് ഈ ഡോസ് വാക്സിൻ നൽകിയത്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവാര കോവിഡ് കേസുകൾ ഒരു ലക്ഷം കടന്നു. നാല് മാസത്തിന് ശേഷമാണ് ഇത് ഒരു ലക്ഷം കടന്നത്. മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവുണ്ടായി. നിലവിൽ 1,13,864 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് മൊത്തം കേസുകളുടെ 0.26 ശതമാനമാണിത്.