Tuesday, December 17, 2024
LATEST NEWSPOSITIVE STORIES

അനാഥാലയത്തിൽ പഠിച്ച 3 കൂട്ടുകാർ; കാർഷിക വ്യവസായമായി വളർന്ന കൂട്ടായ്മ

മലപ്പുറം: ഒരേ അനാഥാലയത്തിൽ പല കാലങ്ങളിൽ പഠിച്ച 3 സുഹൃത്തുക്കൾ. പിന്നീട് അവർ ജീവിതത്തിന്‍റെ വിവിധ വഴികളിലേക്ക് പോയി. ലോകം നിശ്ചലമായ കൊവിഡ് കാലത്ത് അവർ വീണ്ടും ഒന്നിച്ചു. നാളുകൾക്കിപ്പുറം, ഹൈജീൻ ഓർഗാനിക് കൂവപ്പൊടിയെന്ന ഒരു കാർഷിക വ്യവസായമായി ആ കൂട്ടായ്മ വളർന്നു. 4 പഞ്ചായത്തുകളിലായി 8 ഏക്കർ സ്ഥലത്താണ് കൃഷി. ഏകദേശം 3-5 ടൺ കൂവക്കിഴങ്ങ് ഒരു ഏക്കറിൽ നിന്ന് പ്രതിവർഷം ലഭിക്കും. ഇത് അരച്ചെടുത്ത് ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് രാജ്യത്തുടനീളം ഹൈജീൻ ഓർഗാനിക് കൂവപ്പൊടി എന്ന പേരിൽ വിപണനം ചെയ്യുന്നു.

മലപ്പുറം വാവൂരിലെ ടി.കെ അബ്ദുറഹ്മാൻ, ഉഗാപുരം സ്വദേശി അഷ്റഫ് മേക്കുത്ത്, കൊണ്ടോട്ടി സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് വേറിട്ട കൃഷിയിലൂടെ ശ്രദ്ധ നേടുന്നത്. അബ്ദുറഹ്മാനും അഷ്റഫും മുൻ പ്രവാസികളാണ്. കൊവിഡ് ഭീതിയെ തുടർന്ന് അഷ്റഫ് പ്രവാസം അവസാനിപ്പിച്ചിരുന്നു. 

നാട്ടിൽ വ്യാപകമല്ലാത്ത കൃഷി എന്ന ആലോചനയാണ് കൂവ കൃഷിയിലേക്ക് നയിച്ചത്. അബ്ദുറഹ്മാൻ നേരത്തെ സ്വന്തം ഉപയോഗത്തിനായി കൂവ കൃഷി ചെയ്തിരുന്നു. ഔഷധക്കൂട്ടുള്ള ഒറ്റമൂലിയെന്ന നിലയിൽ പണ്ട് അടുക്കളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു കൂവപ്പൊടി. അതിന്റെ സാധ്യതകൾ വിശദമായി പഠിച്ച ശേഷമാണ് മൂവരും ഒരുമിച്ച് കൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.