Saturday, December 21, 2024
LATEST NEWSTECHNOLOGY

60 സെക്കൻഡിൽ 25000 ബുക്കിങ്; ബംബർ ഹിറ്റായി സ്കോർപ്പിയോ എൻ

മഹീന്ദ്രയുടെ പുതിയ സ്കോർപിയോ എൻ സൂപ്പർഹിറ്റായി മാറി. ബുക്കിംഗ് ആരംഭിച്ച് ഒരു മിനിറ്റിനുള്ളിൽ 25,000 യൂണിറ്റുകളുടെ ഓർഡർ ലഭിച്ചു. 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ ലഭിച്ചതായി മഹീന്ദ്ര പറയുന്നു. ഏകദേശം 18,000 കോടി രൂപയുടെ ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചതെന്ന് കമ്പനി പറയുന്നു. ജൂലൈ 30ന് രാവിലെ 11 മണിക്കാണ് ബുക്കിംഗ് ആരംഭിച്ചത്. സെപ്റ്റംബർ 26ന് വാഹനങ്ങളുടെ വിതരണം ആരംഭിക്കും. ആദ്യ 20,000 യൂണിറ്റുകളുടെ ഡെലിവറി ഡിസംബറോടെ പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. 

വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ബുക്കിംഗ് നിർത്തുന്നില്ലെന്നും മഹീന്ദ്ര പറയുന്നു. 21,000 രൂപ അടച്ച് ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്യുവി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന ആദ്യത്തെ 25,000 പേർക്ക് നേരത്തെ പ്രഖ്യാപിച്ച സ്റ്റാർട്ടിംഗ് വിലയിൽ വാഹനം ലഭിക്കും. പുതിയ ഫിനാൻസ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്കീമിന് കീഴിൽ, 6.99 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് വായ്പ ലഭിക്കും. ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെ നിങ്ങൾക്ക് വായ്പ ലഭിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു.