Sunday, December 22, 2024
LATEST NEWSSPORTS

11000 റൺസ്; കോഹ്‌ലിക്ക് മുന്നിൽ മറ്റൊരു നാഴികക്കല്ല്

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയുടെ വിരാട് കോഹ്ലിക്ക് മറ്റൊരു നാഴികക്കല്ല് കൂടി. ടി20യിൽ 11,000 റൺസ് എന്ന നേട്ടം കൈവരിക്കാൻ വെറും 98 റൺസ് അകലെയാണ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ 98 റൺസ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി മാറും. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമടക്കം 349 മൽസരങ്ങളിൽ നിന്നും 40.37 ശരാശരിയിൽ 10,902 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇതിൽ ആറ് സെഞ്ചുറികളും 80 അര്‍ധ സെഞ്ചുറികളും ഉൾപ്പെടുന്നു.

നേരത്തെ ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടിയ കോഹ്ലി രണ്ടര വർഷം നീണ്ട സെഞ്ചുറി കാത്തിരിപ്പിന് വിരാമമിട്ടിരുന്നു. സുരേഷ് റെയ്ന, കെഎൽ രാഹുൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹർമൻപ്രീത് കൗർ എന്നിവർക്ക് ശേഷം ടി20യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും കോഹ്‌ലി സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 122 റൺസ്, ടി20യിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്‍റെ ഏറ്റവും ഉയർന്ന സ്കോറായി കോഹ്ലിയുടേത് മാറി.