സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമൈക്രോൺ ബിഎ5 തുടങ്ങിയ വകഭേദങ്ങളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
എക്സ്ഇയുടെ ഏഴ് സാമ്പിളുകളും എച്ച്ക്യുവിന്‍റെ എട്ട് സാമ്പിളുകളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം പുതിയവയില്‍പ്പെട്ട മറ്റു വകഭേദങ്ങളില്‍ ഓരോ സാംപിളും സ്ഥിരീകരിച്ചിട്ടുണ്ട്. ബി. 1. 1. 7 (ആൽഫ), ബി. 1. 351, പി.1 (ഗാമ), ബി. 1.617.2 (ഡെൽറ്റ), എ. വൈ. 1 (ബി. 1.617.2-+ കെ417 എൻ) (ഡെൽറ്റ പ്ലസ്), ഒമിക്രോണ്‍, ഒമിക്രോണ്‍-ബി. എ. 5, എക്സ്. ഇ. എക്സ്. എച്ച്, എച്ച്. ക്യു, ബി. 1.617.2 + കെ417 എന്‍ (ഡെല്‍റ്റ പ്ലസ് വകഭേദം) എന്നിവയാണ് കേരളത്തിൽ വ്യാപിച്ച കോവിഡ് വകഭേദങ്ങൾ.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗം മുതൽ സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയായിരുന്നു. മാർച്ച് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണം 1,000 ൽ താഴെ എത്തിയിരുന്നു. മെയ് രണ്ടാം വാരം വരെ സംസ്ഥാനത്ത് ഈ സ്ഥിതി തുടർന്നു. എന്നിരുന്നാലും, പിന്നീട്, സംസ്ഥാനത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.