Sunday, December 22, 2024
SPORTS

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നതായി റിപ്പോർട്ട്. ആറ് വർഷം നീണ്ട കരിയറിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലിവർപൂളിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിവർപൂൾ വിട്ട് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് പോകുമെന്നാണ് സൂചന.

2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്തിന്റെ മുഹമ്മദ് സലാ, ബ്രസീലിന്റെ റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റ മുന്നേറ്റത്തിലെ പ്രധാന കണ്ണിയാണ്. ലിവർപൂളിനായി 296 മത്സരങ്ങൾ കളിച്ച മാനെ 120 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ആറ് കിരീട വിജയങ്ങളിലും മാനെ പങ്കാളിയായിട്ടുണ്ട്.

ബയേൺ താരം റോബർട്ട് ലെവൻഡോസ്കി ഈ വർഷം ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ ലെവൻഡോസ്കി ചേരുമെന്നാണ് സൂചന. ലെവൻഡോവ്സ്കി ക്ലബ് വിടുമ്പോൾ മാനെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബയേൺ എന്നാണ് റിപ്പോർട്ടുകൾ.