Thursday, January 23, 2025
TECHNOLOGY

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; സ്റ്റാര്‍ലിങ്കിനെതിരേ പ്രതിരോധ ഗവേഷകര്‍

എലോൺ മസ്കിന്റെ ഉപഗ്രഹ ശൃംഖലയായ സ്റ്റാർലിങ്കിനെതിരെ മുൻകരുതൽ വേണമെന്ന് ചൈനീസ് പ്രതിരോധ ഗവേഷകർ. ദേശീയ സുരക്ഷ ഭീഷണി നേരിടുന്ന ഈ സമയത്ത്, സ്റ്റാർലിങ്കിനെ നശിപ്പിക്കാൻ ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന് ഇവർ നിർദ്ദേശിച്ചിട്ടുണ്ട്. ചൈനയുടെ ‘ജേണൽ ഓഫ് മോഡേൺ ഡിഫൻസ് ടെക്നോളജി’യിൽ പ്രസിദ്ധീകരിച്ച ഈ പഠനം സ്റ്റാർലിങ്കിന്റെ സൈനിക സാധ്യതകൾ വിലയിരുത്തുന്നു.

ഇന്റർനെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു വലിയ ഉപഗ്രഹ ശൃംഖലയാണ് സ്റ്റാർലിങ്ക്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ആണ് പദ്ധതി നടപ്പാക്കുന്നത്. 2019 ലാണ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ വിക്ഷേപണം ആരംഭിച്ചത്. ഇതുവരെ 2,300 പേരെ ഭ്രമണപഥത്തിലെത്തിച്ചു. 42,000 ഉപഗ്രഹങ്ങളെ സ്റ്റാർലിങ്ക് വഴി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ ഹൈപ്പർസോണിക് മിസൈലുകൾ എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയും. യുഎസ് ഡ്രോണുകളിലും യുദ്ധവിമാനങ്ങളിലും അതിവേഗ ആശയവിനിമയം സാധ്യമാകും. കൂടാതെ, സ്വന്തം ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുമോ എന്ന ആശങ്കയും ചൈനയ്ക്കുണ്ട്. കഴിഞ്ഞ വർഷം, ചൈനയുടെ ബഹിരാകാശ നിലയം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിച്ച് കഷ്ടിച്ച് രക്ഷപ്പെട്ടതായി ആരോപണമുയർന്നിരുന്നു.