തൃശൂരിൽ 80 കുട്ടികൾക്ക് കോവിഡ് വാക്സീൻ മാറി നൽകി
തൃശൂർ നെന്മണിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 80 കുട്ടികൾക്ക് വാക്സീൻ മാറി നൽകി. 80 കുട്ടികൾക്കാണ് കോവിഡ് വാക്സിൻ നൽകിയത്. കുട്ടികൾക്ക് കോർബി വാക്സിന് പകരം കൊവാക്സിനാണ് ആരോഗ്യ പ്രവർത്തകർ നൽകിയത്.
അതേസമയം, ഏഴ് വയസിനു മുകളിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ അനുമതിയുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് കലക്ടർ ഹരിത വി കുമാർ കുട്ടികളുടെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കൽ കോളേജ് ആശുപത്രികളിലും ശിശുരോഗവിദഗ്ദ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സിഎംഒയ്ക്കാണ് അന്വേഷണ ചുമതല.
അതേസമയം, 12 വയസ് മുതലുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 58,009 കുട്ടികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 15 നും 17 നും ഇടയിൽ പ്രായമുള്ള 12,106 കുട്ടികളും 12 നും 14 നും ഇടയിൽ പ്രായമുള്ള 45,903 കുട്ടികളും വാക്സിൻ സ്വീകരിച്ചു. 15 നും 17 നും ഇടയിൽ പ്രായമുള്ള 5249 കുട്ടികൾക്ക് ആദ്യ ഡോസും 6857 കുട്ടികൾക്ക് രണ്ടാം ഡോസും ലഭിച്ചു. 12-നും 14-നും ഇടയിൽ പ്രായമുള്ള 35,887 കുട്ടികൾക്ക് ആദ്യ ഡോസും 10,016 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. മെയ് 28 വരെ വാക്സിനേഷൻ ഡ്രൈവ് തുടരും. 12 വയസിൻ മുകളിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കണമെന്ന് മന്ത്രി പറഞ്ഞു.