തനിയെ : ഭാഗം 8
Angel Kollam
ടൗണിലെ ഗവണ്മെന്റ് സ്കൂളിൽ ജിൻസിയ്ക്ക് പ്ലസ് ടു വിന് അഡ്മിഷൻ ലഭിച്ചു. അവൾ ആഗ്രഹിച്ചത് പോലെ സയൻസ് ഗ്രൂപ്പ് തന്നെ ലഭിച്ചു. പത്താം ക്ലാസ്സിൽ വരെ മലയാളം മീഡിയത്തിൽ പഠിച്ചിട്ട്, പെട്ടന്ന് ഇംഗ്ലീഷ് മാത്രം പഠിക്കാൻ തുടങ്ങിയത് അവൾക്ക് ഏറെ പ്രയാസകരമായി തോന്നി. പക്ഷേ തോറ്റ് കൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ട് അവൾ കഷ്ടപെട്ട് പഠിക്കാൻ തന്നെ തീരുമാനിച്ചു. വളരെ അപ്രതീക്ഷിതമായിട്ടാണ് ഗവണ്മെന്റ് പാറമടകളുടെ പ്രവർത്തനത്തിന്മേൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
ജനവാസം ഉള്ള പ്രദേശം ആയത് കാരണം അന്നമ്മ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന പാറമടയുടെ പ്രവർത്തനം എന്നെന്നേക്കുമായി നിലച്ചു. അതിന് ശേഷം ഇനി എന്ത് ജോലി ചെയ്യുമെന്ന ചോദ്യം അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നു. അന്നമ്മ എന്ത് ജോലിക്ക് പോകാനും സന്നദ്ധയായിരുന്നു. അവരുടെ അതിജീവനത്തിന്റെ ഭാഗമായി റോഡ് പണിക്കും മറ്റു കൂലിപ്പണികൾക്കും പോയിത്തുടങ്ങി . മാന്യമായ എന്ത് ജോലിയ്ക്കും അന്നമ്മ പോകുമായിരുന്നു.
എന്നാലും പല ദിവസങ്ങളിലും ജോലിയൊന്നും കിട്ടാതെ വീട്ടിലിരിക്കേണ്ടി വരാറുണ്ട്. ജോസഫ് വഴക്ക് ഉണ്ടാക്കുമെങ്കിലും അയാൾ അന്നമ്മയെ ഉപദ്രവിക്കാൻ കുട്ടികൾ അനുവദിക്കാറില്ല. കുട്ടികൾ മൂന്നുപേരും തനിക്കെതിരെയാണെന്ന് മനസിലായതിന് ശേഷം, കുട്ടികൾ വീട്ടിലുള്ളപ്പോൾ ജോസഫ് അന്നമ്മയോട് വഴക്ക് ഉണ്ടാക്കാൻ മുതിർന്നിട്ടുമില്ല. ജീവിതത്തിൽ പ്രയാസങ്ങൾ ഏറി വന്നു കൊണ്ടിരുന്നു. മൂന്നു കുട്ടികളും വലുതായി, അവർക്ക് ആവശ്യങ്ങൾ ഏറെയാണ്.
അന്നമ്മയ്ക്ക് മാസത്തിൽ പത്തോ പതിനഞ്ചോ ദിവസമേ ജോലി ലഭിക്കാറുള്ളൂ, എങ്കിലും തങ്ങളുടെ വരവനുസരിച്ചു, ചെലവ് ചുരുക്കി ജീവിക്കാൻ അവർക്ക് അറിയാമായിരുന്നു. എങ്കിലും പല സാഹചര്യത്തിലും ബുദ്ധിമുട്ടുകൾ ഏറി വന്നതോടു കൂടിയാണ് ചെറിയ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ ജിൻസി തീരുമാനിക്കുന്നത്. വീടിനടുത്തുള്ള അഞ്ചാറ് കുട്ടികളെ ട്യൂഷൻ എടുക്കാൻ തുടങ്ങിയതോടെ ആ ചെറുപ്രായത്തിലും ജിൻസിയ്ക്ക് ചെറിയ ഒരു വരുമാനം വന്നു തുടങ്ങി.
തനിക്ക് കിട്ടുന്ന ട്യൂഷൻ ഫീസ് അതേപോലെ അന്നമ്മയെ ഏൽപ്പിക്കുമ്പോൾ ജിൻസിയുടെ മനസ്സിൽ സംതൃപ്തിയായിരുന്നു. അന്നമ്മയുടെ ജീവിതം പച്ച പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും കുട്ടികളോട് മനസ്സ് തുറന്നു സംസാരിക്കാൻ അവർക്ക് സമയം ലഭിച്ചിരുന്നില്ല. ജിൻസിയ്ക്ക് തന്നെ ആരും സ്നേഹിക്കുന്നില്ല എന്നൊരു ചിന്ത മനസിലേക്ക് കടന്നു വന്നു. തന്റെ അതേ പ്രായത്തിലെ കുട്ടികൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ താൻ മാത്രം ഈ ചെറുപ്രായത്തിലും ഇത്രയും കഷ്ടപ്പെട്ട് ജീവിക്കുന്നു.
പല ചിന്തകളും അവളുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. ആരുടെയെങ്കിലും സ്നേഹം ലഭിക്കണമെന്ന് ജിൻസി മനസ്സിൽ അതിയായി ആഗ്രഹിച്ചു കൊണ്ടിരുന്നു. ക്ലാസ്സ് കഴിഞ്ഞു ബസ് കാത്ത് നിൽക്കുമ്പോളാണ് തന്റെ സ്കൂളിലുള്ള ഒരു പയ്യൻ കുറച്ച് ദിവസമായി തന്റെ പിന്നാലെ നടക്കുന്നത് ജിൻസിയുടെ ശ്രദ്ധയിൽ പെട്ടത്. വിടർന്ന കണ്ണുകളും തുടുത്ത കവിളുകളും ഒക്കെയുള്ള ജിൻസി ഒരു കൊച്ചുസുന്ദരി ആയിരുന്നു.
പള്ളിയിൽ കുർബാനയ്ക്ക് പോയിട്ട് തിരിച്ചു വരുമ്പോൾ പലരും തന്നെ നോക്കുന്നത് ജിൻസിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പക്ഷേ അവരോട് ആരോടും തോന്നാത്ത എന്തോ ഒരു മാനസിക അടുപ്പം ആ പയ്യനോട് തനിക്ക് തോന്നുന്നതായിട്ട് ജിൻസി തിരിച്ചറിഞ്ഞു. ഏകദേശം രണ്ടു മാസത്തോളമായിട്ട് അവൻ തന്റെ പിന്നാലെ നടക്കുന്നു, ഇതുവരെ ഒരക്ഷരവും പറഞ്ഞിട്ടില്ല. തനിക്ക് പോകാനുള്ള ബസ് വന്നപ്പോൾ ജിൻസി അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ നടന്നു വന്നു ബസിൽ കയറി.
ഞായറാഴ്ച , എല്ലാവരും പള്ളി കഴിഞ്ഞു വരുമ്പോൾ ജോസഫ് ഏതോ അയൽക്കാരനെ തെറി പറഞ്ഞു കൊണ്ട് നിൽക്കുകയാണ്. അന്നമ്മയും മക്കളും വരുന്നത് കണ്ടപ്പോൾ ജോസഫ് അവരുടെ നേർക്ക് തിരിഞ്ഞു. ഒരു പ്രകോപനവുമില്ലാതെ അന്നമ്മയെ അടിക്കാനായി കൈ ഉയർത്തിയതും അവൾ ഒഴിഞ്ഞു മാറി. ജോസഫ് നില തെറ്റി, താഴെക്ക് വീണു, അയാളുടെ താടി അവിടെ കിടന്നിരുന്ന ഒരു പാറകല്ലിൽ ഇടിച്ചു, മുറിഞ്ഞു ചോര വരാൻ തുടങ്ങി.
ജോസഫ് എല്ലാവരെയും മാറിമാറി നോക്കിയിട്ട് കൊച്ചു കുട്ടികളെപ്പോലെ പറയാൻ തുടങ്ങി. “അയ്യോ, എന്റെ താടി മുറിഞ്ഞു ചോര വരുന്നേ.. എന്നെ ആരെങ്കിലും ആശുപത്രിയിൽ കൊണ്ട് പോ ” അവർ നാലുപേരും അയാളെ ശ്രദ്ധിക്കാതെ വീടിനുള്ളിലേക്ക് കയറി. ജോസെഫിന്റെ താടിയിലെ മുറിവിന് അത്യാവശ്യം വലിപ്പമുണ്ടായിരുന്നു. അത്കൊണ്ട് അയാൾ ആശുപത്രിയിൽ പോകണമെന്നും പറഞ്ഞ് ബഹളം വച്ച് കൊണ്ടിരുന്നു. ജിൻസിയുടെ മനസ്സിൽ ചെറിയൊരു അലിവ് തോന്നി, അവൾ അന്നമ്മയോട് പറഞ്ഞു.
“പപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം അമ്മേ ” “എനിക്ക് വയ്യ ഹോസ്പിറ്റലിൽ കൊണ്ട് പോകാനൊന്നും, അത്രയ്ക്ക് സങ്കടം തോന്നുന്നെങ്കിൽ നീ കൊണ്ട് പോയിട്ട് വാ ” ജിൻസി നടന്നു വന്നു ജോസെഫിനെ പിടിച്ചെഴുന്നേൽപ്പിച്ചു. അന്നമ്മ നൽകിയ പൈസയും വാങ്ങിക്കൊണ്ടു അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഹോസ്പിറ്റലിൽ എത്തി, മുറിവ് സ്റ്റിച്ച് ചെയ്ത് തിരിച്ചു വരുമ്പോൾ, ജിൻസി സ്ഥിരമായിട്ട് സ്കൂൾ കഴിഞ്ഞു വരുന്ന ബസിലാണ് കയറിയത്.
ജോസഫിനോടൊപ്പം ജിൻസിയെ കണ്ടപ്പോൾ ആ ബസിലെ കണ്ടക്ടറിന്റെ മുഖത്ത് ഒരു പുച്ഛം അവൾ വായിച്ചെടുത്തു. അവൾ അതൊന്നും ശ്രദ്ധിക്കാത്ത ഭാവത്തിലിരുന്നു. അല്ലെങ്കിലും ജോസഫ് കാരണം താൻ അപമാനിക്കപ്പെടുന്നത് ആദ്യമായിട്ടൊന്നുമല്ലല്ലോ എന്നാണവൾ ചിന്തിച്ചത്. തങ്ങളുടെ നാട്ടിലെ സ്കൂളിൽ പഠിക്കുമ്പോൾ കുടിയന്റെ മോൾ എന്നും പറഞ്ഞ് എല്ലാവരും മാറ്റി നിർത്തിയിട്ടുണ്ട്, ഒരു നല്ല സൗഹൃദം പോലും തനിക്കില്ലായിരുന്നു.
ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് തന്റെ ജീവിതവും ജീവിതസാഹചര്യങ്ങളും അറിയാത്തത് കൊണ്ട് അവരുടെ മുന്നിൽ അപമാനിതരായി നിൽക്കേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് മാത്രം. പിറ്റേന്ന് സ്കൂൾ വിട്ടു വരുമ്പോൾ ആ ബസിൽ കയറാൻ ജിൻസിക്ക് സങ്കോചം ഉണ്ടായിരുന്നു. പക്ഷേ താൻ ക്ലാസ്സ് കഴിഞ്ഞു ചെല്ലുന്നതും കാത്ത് ട്യൂഷൻ പഠിപ്പിക്കുന്ന കുട്ടികൾ കാത്തിരിക്കുമെന്നറിയാവുന്നത് കൊണ്ട് അവൾ ആ ബസിൽ തന്നെ കയറി.
കണ്ടക്ടർ ഇടയ്ക്കിടെ തന്നെ പരിഹാസഭാവത്തിൽ നോക്കുന്നത് കണ്ടപ്പോൾ ജിൻസിയ്ക്ക് മനസ്സിൽ ചെറിയൊരു സങ്കടം തോന്നി. ജിൻസി ഇറങ്ങേണ്ട സ്റ്റോപ്പ് എത്താറായപ്പോളാണ് കണ്ടക്ടർ ടിക്കറ്റ് വാങ്ങാൻ അവളുടെ അടുത്തെത്തിയത്, ടിക്കറ്റിനുള്ള പൈസ നീട്ടിയപ്പോൾ അയാൾ മനഃപൂർവം അവളുടെ വലത് കരത്തിൽ സ്പർശിച്ചു. ജിൻസി പിടച്ചിലോടെ തന്റെ കരം വലിച്ചു, അയാളെ രൂക്ഷമായി നോക്കി.
ഒരു പരിഹാസച്ചിരിയോടെ അയാൾ ചോദിച്ചു. “എന്താടി, നോക്കി പേടിപ്പിക്കുന്നത്? ഞാൻ അറിയാതെ നിന്റെ കയ്യിലൊന്ന് തൊട്ടതല്ലേ.. അവളുടെ നോട്ടവും ഭാവവും കണ്ടാൽ തോന്നും കളക്ടറുടെ മോളാണെന്ന്.. ഈ നാട്ടിലെ നമ്പർ വൺ കുടിയന്റെ മോളാണെന്ന് നമുക്കല്ലേ അറിയൂ ” ബസിലെ അത്രയും യാത്രക്കാരുടെ മുന്നിൽ വച്ച് അപമാനിതായത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. എത്ര നിയന്ത്രിച്ചിട്ടും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. കവലയിൽ ബസ് നിർത്തിയതും ജിൻസി ചാടിയിറങ്ങി.
അവൾ കരഞ്ഞു കൊണ്ട് ബസിറങ്ങുന്നത് കവലയിലിരുന്നവർ ശ്രദ്ധിച്ചു. അവർ ജിൻസിയോട് കാര്യം അന്വേഷിച്ചു. അവൾ ബസിലെ കണ്ടക്ടർ തന്നെ അപമാനിച്ച കാര്യം അറിയിച്ചു. വേറെയും ആളുകൾ ഇറങ്ങാനുള്ളത് കൊണ്ട് ബസ് അവിടുന്ന് പോയിട്ടില്ലായിരുന്നു. കവലയിൽ നിന്നവരുടെ കൂട്ടത്തിലെ ചെറുപ്പക്കാരനായ ബിനു ബസിനുള്ളിലേക്ക് കയറി ആ കണ്ടക്ടറെ പിടിച്ചു പുറത്തേക്കിറക്കി.
“സ്കൂളിൽ പോകുന്ന ചെറിയ പെൺപിള്ളേരുടെ കയ്യിൽ പിടിച്ചതും പോരാ, അവരെ ആളുകളുടെ മുന്നിൽ വച്ച് അപമാനിക്കുന്നോടാ?” തനിക്കിപ്പോൾ അടി വീണേക്കുമെന്ന് തോന്നിയ കണ്ടക്ടർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഒരബദ്ധം പറ്റിയതാണ് ചേട്ടാ, ഇനി ഇങ്ങനെ ഒന്നും ഉണ്ടാകത്തില്ല ” “എങ്കിൽ ഇവളോട് മാപ്പ് പറഞ്ഞിട്ട് പൊയ്ക്കോ ” കണ്ടക്ടർ മനസില്ലമനസോടെ ജിൻസിയോട് മാപ്പ് പറഞ്ഞു. ജിൻസിയുടെ മുഖത്ത് തെളിച്ചമുണ്ടായി. ബസ് അവിടുന്ന് പോയപ്പോൾ ജിൻസി തന്റെ വീട്ടിലേക്ക് നടന്നു.
ബിനുവും അവളോടൊപ്പം നടന്നു ചെന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി ആകാംഷയോടെ ചോദിച്ചു. “ഞങ്ങളുടെ പപ്പ അമ്മയെ ഉപദ്രവിക്കുമ്പോൾ ഇത് കാണുന്ന ആരും ചോദിക്കാൻ വരാത്തതെന്താണ്?” “ഈ നാട്ടിൽ നിങ്ങളുടെ വീട്ടിൽ മാത്രമല്ലല്ലോ മോളെ അടിയും വഴക്കും നടക്കുന്നത്. മിക്കവാറും എല്ലാ വീടുകളിലും ഇതൊക്കെ പതിവാണ്. ഞാൻ നോക്കിയിട്ട് ആ ബാലൻ ചേട്ടനും വേണുവേട്ടനും മാത്രമേയുള്ളൂ നേരെചൊവ്വേ കുടുംബം നോക്കുന്നത്.
ഇനി ആരെങ്കിലും ചോദിക്കാനും പറയാനും വന്നാൽ നിന്റെ പപ്പ അവരെയും നിന്റെ അമ്മയേയും ചേർത്ത് അപവാദം പറഞ്ഞു പ്രചരിപ്പിക്കും.. നിങ്ങളുടെ ചെറുപ്പത്തിൽ എപ്പോൾ വഴക്ക് ഉണ്ടായാലും ആ ബാലൻ ചേട്ടനും ലീലചേച്ചിയും ഓടി വരുമായിരുന്നു. അവരെയൊക്കെ വെറുപ്പിച്ചത് നിന്റെ പപ്പയുടെ ഓരോ വർത്തമാനങ്ങളാണ് ” ബിനു പറയുന്നത് യാഥാർഥ്യം ആണെന്ന് ജിൻസിയ്ക്ക് തോന്നി.
അവൾ വീട്ടിലെത്തി നടന്ന സംഭവങ്ങൾ അമ്മയോട് പറഞ്ഞു. എന്നും ഇങ്ങനെ അപമാനം സഹിച്ചു ജീവിക്കാനാണോ വിധി എന്ന് നെടുവീർപ്പിടാനല്ലാതെ അന്നമ്മയ്ക്ക് മറ്റൊന്നിനും കഴിഞ്ഞില്ല. പിറ്റേന്ന് ജിൻസി സ്കൂളിൽ എത്തിയപ്പോൾ ബസിൽ നടന്ന സംഭവം ആരോ പറഞ്ഞിട്ട് സ്കൂളിൽ ചിലരൊക്കെ അറിഞ്ഞു. ആ കൂട്ടത്തിൽ ജിൻസിയുടെ പിന്നാലെ നടന്നിരുന്ന ആ പയ്യനും വിവരമറിഞ്ഞു. അന്ന് മുതൽ അവനും ജിൻസി പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരനായി.
അവന്റെ വീട് താൻ പോകുന്ന വഴിയ്ക്ക് അല്ലാഞ്ഞിട്ട് പോലും തന്റെ അതേ ബസിൽ യാത്ര ചെയ്ത് താൻ സുരക്ഷിതമായി വീടെത്തിയെന്ന് ഉറപ്പ് വരുത്തുന്ന അവനോട് ജിൻസിയ്ക്ക് പ്രണയം തോന്നിത്തുടങ്ങി. ദിവസങ്ങൾ കടന്ന് പോയി. ജിൻസിയുടെ പിറന്നാളിന്റെയന്ന് അവൾ സ്കൂളിലെത്തിയപ്പോൾ കയ്യിൽ ഒരു കാർഡുമായി ആ പയ്യൻ അവളുടെ അടുത്തെത്തി. ആ കാർഡ് അവളുടെ നേർക്ക് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. “ഹായ്, ആം പ്രസാദ് .
എനിക്ക് നിന്നോട് പറയാനുള്ളത് ഇതിൽ എഴുതിയിട്ടുണ്ട് ” ജിൻസി ആ കാർഡ് വാങ്ങി അത് അപ്പോൾ തന്നെ തുറന്നു നോക്കി. അതിലെ ആദ്യവാചകം തന്നെ അവളുടെ ഹൃദയത്തെ സ്പർശിച്ചു. ഡിയർ വൈഫ്, എനിക്ക് നിന്നെ അങ്ങനെ വിളിക്കാനാണ് ഇഷ്ടം.. എനിക്ക് നിന്നെപ്പറ്റി എല്ലാം അറിയാം, നിന്റെ ജീവിതസാഹചര്യങ്ങൾ എല്ലാം അറിയാം. എല്ലാം മനസിലാക്കികൊണ്ട് തന്നെ നിന്നെ എന്റെ ജീവിതസഖിയാക്കാൻ ഞാൻ തീരുമാനിച്ചു.
എല്ലാവരെയും പോലെ മരം ചുറ്റി പ്രേമത്തിനൊന്നും എനിക്ക് താല്പര്യമില്ല അതുകൊണ്ട് നന്നായിട്ട് ആലോചിച്ചിട്ട് എനിക്ക് മറുപടി തന്നാൽ മതി. ഒരിക്കൽ നീ എന്റെ കരം പിടിക്കാൻ സമ്മതം മൂളിയാൽ ജീവിതത്തിന്റെ അവസാനം വരെ നീ എന്റെ ഒപ്പം വേണം.. ആരെയും വിഷമിപ്പിച്ചു കൊണ്ട് ഒന്നും സ്വന്തമാക്കുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് നിന്റെ അമ്മയുടെ അനുഗ്രഹത്തോടെ തന്നെയേ ഞാൻ നിന്നെ എന്റെ ഭാര്യ ആക്കുകയുള്ളൂ..
എപ്പോളും ഞാൻ നിന്റെ കൂടെയുണ്ടാകും, നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകുന്നത് വരെ ഞാൻ കാത്തിരിക്കാം, അതിനി എത്ര വർഷങ്ങൾ വേണമെങ്കിലും… അനുകൂലമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്… പ്രസാദ്.. ജിൻസി ആ വരികളിലേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി. ഒരു പതിനെട്ടുകാരന്റെ അപക്വമായ വാക്കുകളായിട്ട് ജിൻസിയ്ക്ക് അത് തോന്നിയില്ല. അവനെന്തു മറുപടി കൊടുക്കണമെന്ന് അവൾ ഒരുനിമിഷം ആലോചനയോടെ നിന്നു.
തുടരും..