Tag

SPORTS

Browsing

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ(ഐഎസ്എൽ) ഒമ്പതാം സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ആവേശക്കടലാക്കി മാറ്റിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനാണ്.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34,978 കാണികളാണ് പങ്കെടുത്തത്. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റാണ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു.

ഉദ്​ഘടനമത്സരത്തിന് ശേഷം കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള മത്സരത്തിനാണ് ഏറ്റവും കൂടുതൽ കാണികൾ സ്റ്റേഡിയത്തിൽ എത്തിയത്. 22,236 പേരാണ് മത്സരം കാണാനെത്തിയത്. എന്നാൽ ഈസ്റ്റ് ബംഗാൾ-എഫ്സി ഗോവ മത്സരം കാണാൻ 17,500 പേർ മാത്രമാണ് എത്തിയത്.

ന്യൂഡല്‍ഹി: വനിത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 മാർച്ചിൽ ആരംഭിച്ചേക്കും. പുരുഷ ഐപിഎല്ലിന് മുമ്പാണ് ടൂർണമെന്‍റ് നടക്കുക. അഞ്ച് ടീമുകളാണ് ടൂർണമെന്‍റിൽ മത്സരിക്കുന്നത്. ഇതാദ്യമായാണ് വനിത ഐപിഎല്ലിന് കൊടിയുയരുന്നത്.

അഞ്ച് ടീമുകൾ പരസ്പരം മത്സരിക്കും. ഏറ്റവും കൂടുതൽ പോയിന്‍റുള്ള രണ്ട് ടീമുകൾ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. ടൂർണമെന്‍റിൽ 20 ലീഗ് മത്സരങ്ങൾ നടക്കും. ഓരോ ടീമിനും പ്ലെയിങ് ഇലവനിൽ അഞ്ച് വിദേശ താരങ്ങൾ ഉണ്ടാകാം.

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിത ടി20 ലോകകപ്പിന് ശേഷം വനിത ഐപിഎൽ തുടങ്ങും. ഫെബ്രുവരി 9 മുതൽ 26 വരെയാണ് ലോകകപ്പ് നടക്കുക. വനിത ഐപിഎല്ലിൽ പങ്കെടുക്കുന്ന അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

മുംബൈ: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് താൻ സമ്പൂർണ പരാജയമായിരുന്നെന്ന മുൻ ബി.സി.സി.ഐ പ്രസിഡന്‍റ് എൻ.ശ്രീനിവാസന്‍റെ ആരോപണത്തിന് മറുപടിയുമായി സൗരവ് ഗാംഗുലി. താൻ കളിക്കാരുടെ ഭരണാധികാരിയായിരുന്നുവെന്നും തന്‍റെ ഭരണകാലത്തും ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കോവിഡ് -19 പ്രതിസന്ധിക്കിടയിലും ഐപിഎൽ നടന്നു, ഐപിഎൽ പ്രക്ഷേപണ അവകാശങ്ങൾ റെക്കോർഡ് വിലയ്ക്ക് വിറ്റു, അണ്ടർ -19 ടീം ലോകകപ്പ് നേടി, വനിതാ ടീം ലോകകപ്പിൽ റണ്ണേഴ്സ് അപ്പായി, കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടി, ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര നേടി, വനിതാ ഐപിഎല്ലിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി എന്നിവയെല്ലാം തൻ്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിനായി എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

വെല്ലിംഗ്ടണ്‍: ടി20യിൽ കോഹ്ലിയുടെ മറ്റൊരു റെക്കോർഡും തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ 40 പന്തിൽ നിന്ന് 55 റൺസ് നേടിയ ബാബർ ഓപ്പണർ മുഹമ്മദ് റിസ്വാനുമൊത്ത് (56 പന്തിൽ 69) ഓപ്പണിംഗ് വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടിയപ്പോൾ പാകിസ്ഥാൻ 19.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11,000 റൺസ് തികയ്ക്കുന്ന ഏഷ്യൻ താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ബാബർ മറികടന്നത്. 251 ഇന്നിങ്സുകളിൽ നിന്നാണ് ബാബർ 11,000 റൺസ് തികച്ചത്. 261 ഇന്നിങ്സുകളിലാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികച്ചത്. 262 ഇന്നിങ്സുകളിൽ നിന്ന് 11,000 റൺസ് തികച്ച ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറാണ് പട്ടികയിൽ മൂന്നാമത്.

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 9 റണ്‍സാണ്.

ആദ്യ അഞ്ച് പന്തിൽ ആറ് റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മത്സരം ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്ത് ഒരു ഫുൾ ടോസ് ആയിരുന്നുവെങ്കിലും എക്സ്ട്രാ കവർ ഫീൽഡറുടെ കൈകളിലേക്കാണ് പാകിസ്ഥാന്‍റെ നിദാ ദർ അടിച്ചത്. കവിഷ ദിൽഹാരി ആ ക്യാച്ച് നഷ്ടപ്പെടുത്തി. ഇതിനിടയിൽ നിദാ ദർ രണ്ടാം റൺസിനായി ഓടിയെങ്കിലും റണ്ണൗട്ടായി. ഇതോടെയാണ് ഒരു റൺസിന് ശ്രീലങ്ക മത്സരം ജയിച്ചത്. ശ്രീലങ്ക 20 ഓവറിൽ 122/6, പാകിസ്ഥാൻ 20 ഓവറിൽ 121/6.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ 15-ആം തീയതി(ശനിയാഴ്ച്ച) ഉച്ചയ്ക്ക് 1 മണിക്ക് ബംഗ്ലാദേശ് സിൽഹെട്ട് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കും.

ന്യൂ ഡൽഹി: ബി.ജെ.പിക്ക് വഴങ്ങാത്തതിനാലാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആരോപണത്തോട് പ്രതികരിച്ച് സൗരവ് ഗാംഗുലി. ദീർഘകാലം ഈ പദവിയിൽ തുടരാൻ കഴിയില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ സ്ഥാനത്ത് ഇരിക്കാനും സാധ്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധാരാളം കളിക്കാനായി,ഭരണത്തിലും ഉണ്ടായിരുന്നു. ഇനി മറ്റെന്തെങ്കിലും ചെയ്യണമെന്നും ഗാംഗുലി പറഞ്ഞു. ബി.സി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനെച്ചൊല്ലി ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് തമ്മിൽ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം.

ഗാംഗുലി ബി.ജെ.പിയിൽ ചേരാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താൻ ആയിരുന്നു. എന്നാൽ ഗാംഗുലി ബി.ജെ.പിയിൽ ചേരില്ലെന്ന് മനസിലായതോടെ പകപോക്കലിന്‍റെ ഭാഗമായാണ് പുറത്താക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് എംപി ശന്തനു സെൻ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയത്. 

എന്നാൽ ഗാംഗുലിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി പറഞ്ഞു. ഗാംഗുലിയെ അമിത് ഷാ സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്നും ബിജെപി എംപി ലോക്കറ്റ് ചാറ്റർജി പറഞ്ഞു. 

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി ഉണ്ടായിട്ടും 36 റൺസിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോറിസ്, മക്കെൻസി, കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ 13 റൺസിന് ജയിച്ചിരുന്നു.

മറുപടി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് 11 പന്തിൽ 9 റൺസുമായി മടങ്ങി. ദീപക് ഹൂഡ (9 പന്തിൽ 6), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 17), അക്ഷർ പട്ടേൽ (7 പന്തിൽ 2) എന്നിവർ മടങ്ങുമ്പോൾ 79 റൺസ് ആയിരുന്നു ഇന്ത്യയുടെ സ്കോർ. ദിനേശ് കാർത്തിക് 14 പന്തിൽ 10 റൺസിനും കീഴടങ്ങി.

പ്രധാന ബാറ്റ്സ്മാൻമാർ പുറത്തായതോടെ അർധസെഞ്ചുറി നേടിയ കെ എൽ രാഹുലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 55 പന്തിൽ 74 റൺസ് എടുത്ത കെ എൽ രാഹുലിനെ ആൻഡ്രൂ ടൈ ആണ് പുറത്താക്കിയത്. ഹർഷൽ പട്ടേൽ 10 പന്തിൽ രണ്ടും ഭുവനേശ്വർ കുമാർ ഒന്നും നേടാതെയും പുറത്തായി.

ധാക്കാ: സെമിഫൈനലിൽ തായ്ലൻഡിനെ 74 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തായ്ലൻഡിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് തായ്ലൻഡിനെതിരെ ബൗളർമാരിൽ തിളങ്ങിയത്. 21 റണ്‍സ് വീതമെടുത്ത ചായ് വായും ബൂചാതമും ആണ് തായ്ലൻഡിന്‍റെ ടോപ് സ്കോറർമാർ. 19-ാം ഓവറിൽ രാജേശ്വരി ഗെയ്ക്വാദ് തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തായ്ലൻഡിന്‍റെ വാലറ്റത്തെ വേഗത്തിൽ മടക്കി അയച്ചു. 

തായ്ലൻഡിന്‍റെ രണ്ട് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. രേണുക സിംഗ്, സ്നേഹ് റാണ, ഷഫാലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ തായ്ലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെതിരെ ജയം സ്വന്തമാക്കി എഫ്.സി ഗോവ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എഡു ബേഡിയ നേടിയ ഗോളിലാണ് ഗോവ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ 2-1നാണ് ഗോവയുടെ വിജയം.

മത്സരത്തിന്‍റെ തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട ഈസ്റ്റ് ബംഗാളിനെതിരെ ഏഴാം മിനിറ്റിൽ ഗോവ ലീഡ് നേടി. അൽവാരെ വാസ്ക്വെസ് ബോക്സിലേക്ക് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ താരത്തിന് സംഭവിച്ച പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രണ്ടൻ ഫെർണാണ്ടസ് ഗോൾകീപ്പർ കമൽജിത് സിംഗിനെ മറികടന്ന് ഗോൾ നേടി. കളിയുടെ 20-ാം മിനിറ്റിലും 39-ാം മിനിറ്റിലും നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും അത് ഗോളാക്കാൻ ഗോവയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ചില അവസരങ്ങൾ സൃഷ്ടിക്കുകയും 64-ാം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു.

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ വോളിബോളിൽ കേരളം ഇരട്ട സ്വർണം നേടി. പുരുഷ ടീം തമിഴ്നാടിനെ തോൽപ്പിച്ച് സ്വർണം നേടി. മൂന്ന് സെറ്റുകൾക്കായിരുന്നു ജയം. സ്കോർ: 25-23, 28-26, 27-25. നേരത്തെ കേരളാ വനിതാ ടീമും സ്വർണം നേടിയിരുന്നു. ബംഗാളിനെയാണ് മൂന്ന് സെറ്റുകൾക്ക് കേരളം തോൽപ്പിച്ചത്.

ഈ വർഷത്തെ ദേശീയ ഗെയിംസിലും മികച്ച പുരുഷ അത്ലറ്റായി സജൻ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് സജൻ ഈ നേട്ടം കൈവരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് സജൻ പ്രകാശ്.

ഗുജറാത്തിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് സജൻ നീന്തി നേടിയത്. കേരള അക്വാട്ടിക് അസോസിയേഷൻ സജനെയും പരിശീലകൻ എസ് പ്രദീപ് കുമാറിനെയും അഭിനന്ദിച്ചു.

ഷില്ലോംഗ്: മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് ‘മേഘ കയാക് ഫെസ്റ്റിവൽ 2022’ന് മേഘാലയ ഒരുങ്ങുന്നു. 20 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം അത്ലറ്റുകൾ ഉംതാം വില്ലേജിലെ ഉംട്രൂ നദിയിൽ നടക്കുന്ന മേളയിൽ പങ്കെടുക്കും. നാളെ മുതൽ 4 ദിവസം നീളുന്ന ഫെസ്റ്റിവൽ ആണ് നടക്കുക.

പ്രൊഫഷണലുകൾക്കും ഇന്‍റർമീഡിയറ്റ്/അമേച്വർ റേസർമാർക്കുമായി ഡൗൺറിവർ ടൈം ട്രയൽ, എക്‌സ്ട്രീം സ്ലാലോം, ഡൗൺറിവർ ഫ്രീസ്റ്റൈൽ എന്നിങ്ങനെ മത്സര വിഭാഗങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും.

നിരവധി അന്താരാഷ്ട്ര കയാക് അത്‌ലറ്റുകൾ മേളയുടെ ഭാഗമാകും. മുൻനിര കയാക്കിംഗ് സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പെഡലർമാരായ അമിത് മഗർ, ആഷു റാവത്ത്, ആനി മത്തിയാസ്, നിസ്ഫുൽ ജോസ്, മനീഷ് റാവത്ത്, പിങ്കി റാണ, നൈന അധികാരി എന്നിവരും മേളയുടെ ഭാഗമാകും.

ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.

തനിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹുമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ കാമിയോ റോളിലാവും ധവാൻ എത്തുക എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 14ന് ചിത്രം പുറത്തിറങ്ങും.

ബെംഗലൂരു: പരിക്കിനെ തുടർന്ന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങാനുള്ള മത്സരം കടുപ്പമേറിയതായി മാറുകയാണ്. മെയ് ആറിന് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പരിക്കേറ്റ ബുംറയെ ഒഴിവാക്കിയിരുന്നുവെങ്കിലും പകരക്കാരനെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നില്ല. ബുംറയുടെ പകരക്കാരനായി ആദ്യം പരിഗണിച്ചിരുന്ന മുഹമ്മദ് ഷമി ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കാത്തതാണ് പ്രഖ്യാപനം വൈകിയത്.

ഷമി ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പേസറെ തിരഞ്ഞെടുക്കാമെന്നായിരുന്നു സെലക്ടർമാരുടെ അഭിപ്രായം. ഇതിനായി ദീപക് ചഹറിനെയും മുഹമ്മദ് സിറാജിനെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന ചാഹര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയത് സെലക്ടര്‍മാർക്ക് തലവേദനയായി. അതേസമയം, ഇന്നലെ അവസാനിച്ച ഏകദിന പരമ്പരയിലെ പ്ലെയർ ഓഫ് ദ സീരീസായി പേസർ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു.

ന്യൂഡൽഹി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാൻ കാരണമെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അധ്യക്ഷനെന്ന നിലയിൽ ഗാംഗുലിയുടെ മോശം പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലിനെതിരെ തൃണമൂൽ കോണ്‍ഗ്രസും രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോഴാണ് ഗാംഗുലിയെ ഒഴിവാക്കിയതെന്ന് ശന്തനു സെൻ ആരോപിച്ചു.

ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഈ മാസം 18ന് അവസാനിക്കും. സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്‍റായി രണ്ടാമതൊരു അവസരം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സെക്രട്ടറി ജയ് ഷായും സംഘവും അത് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. ഗാംഗുലിക്ക് ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും തരംതാഴ്ത്തപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഗാംഗുലി പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഭുവനേശ്വര്‍: അണ്ടര്‍ 17 ഫുട്‌ബോൾ ലോകകപ്പിൽ തോൽവിയോടെ തുടക്കം കുറിച്ച് ഇന്ത്യ. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയെ ഒന്നിനെതിരെ എട്ട് ഗോളുകൾക്കാണ് അമേരിക്ക പരാജയപ്പെടുത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

മത്സരത്തിൽ ശക്തരായ യുഎസിനെതിരെ പോരാടാൻ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മെലിന ആഞ്ചലിക്ക റെബിംബാസ് അമേരിക്കയ്ക്കായി രണ്ട് ഗോളുകൾ നേടി. ഷാർലറ്റ് റൂത്ത് കോലാർ, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംസൺ, എല്ല എമ്രി, ടെയ്ലർ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും സ്കോർ ചെയ്തു.

ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. മത്സരത്തിലുടനീളം അമേരിക്ക ആധിപത്യം പുലർത്തി. ഇന്ത്യൻ പോസ്റ്റിലേക്ക് 14 ഷോട്ടുകളാണ് ടീം അടിച്ചത്. കളിയിൽ 79 ശതമാനം പന്തും സന്ദർശകർ കൈവശം വെച്ചു.

ന്യൂ ഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനം ജയിച്ച് ടീം ഇന്ത്യ മറ്റൊരു റെക്കോർഡും സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഈ വർഷം വിവിധ ഫോർമാറ്റിലായി ഇന്ത്യയുടെ 38-ാം ജയമാണിത്. ഒരു കലണ്ടർ വർഷത്തിൽ 38 വിജയങ്ങൾ ഓസ്ട്രേലിയയ്ക്കുമുണ്ട്.

2003ൽ 47 മത്സരങ്ങളിൽ നിന്ന് 38 വിജയങ്ങളുമായി ഓസ്ട്രേലിയയുടെ സുവർണ തലമുറയാണ് ലോകറെക്കോർഡ് സ്ഥാപിച്ചത്. 2022 ൽ 55 മത്സരങ്ങളിൽ നിന്ന് 38 മത്സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഓസ്ട്രേലിയയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ൽ 53 മത്സരങ്ങളിൽ 37ലും ഇന്ത്യ ജയിച്ചിരുന്നു. 2018 ലും 2019 ലും ഇന്ത്യ 35 മത്സരങ്ങൾ വീതം ജയിച്ചെങ്കിലും ഓസ്ട്രേലിയയെ മറികടക്കാനായിരുന്നില്ല.

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ ഫുട്‌ബോളില്‍ കേരളം വെള്ളി നേടി. ഫൈനലിൽ ബംഗാളിനോട് തോൽവി വഴങ്ങിയാണ് കേരളം വെള്ളിയിലേക്ക് ഒതുങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബംഗാൾ കേരളത്തെ തോൽപ്പിച്ചത്.

ക്യാപ്റ്റൻ നരോ ഹരി ശ്രേഷ്ഠ ബംഗാളിനായി ഹാട്രിക്ക് നേടി ടീമിനെ വിജയത്തിലെത്തിച്ചു. റോബി ഹൻസ്ദ, അമിത് ചക്രവർത്തി എന്നിവരും ടീമിനായി സ്കോർ ചെയ്തു. ആദ്യപകുതിയിൽ മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ രണ്ട് ഗോളുകളും ബംഗാൾ നേടി. മത്സരത്തിന്‍റെ 16, 30, 45, 51, 85 മിനിറ്റുകളിലായിരുന്നു ഗോളുകൾ.

കേരളത്തെ സംബന്ധിച്ചിടത്തോളം അടിമുടി താളം തെറ്റിയ മത്സരമായിരുന്നു ഇത്. ഫോർവേഡ്സ്, മിഡ്ഫീൽഡ്, പ്രതിരോധം എന്നിവയിൽ കളിക്കാർ മോശം ഫോമാണ് കാഴ്ചവെച്ചത്. ഒരു ഗോളിന് പോലും അവസരം സൃഷ്ടിക്കാതെയാണ് കേരളം കീഴടങ്ങിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി.

100 റൺസിന്റെ തുച്ഛമായ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ധവാൻ 8 റൺസെടുത്ത് പുറത്തായപ്പോൾ ഗിൽ 49 റൺസിന് പുറത്തായി. ഫോമിലുള്ള ശ്രേയസ് അയ്യർ പിന്നീട് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ വെറും 19.1 ഓവറിൽ റൺസ് വേട്ട പൂർത്തിയാക്കി.

34 റൺസെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. കുൽദീപ് യാദവ് നാലും വാഷിംഗ്ടണ്‍ സുന്ദർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.

അഹമ്മദാബാദ്: 2022ലെ ദേശീയ ഗെയിംസിൽ കേരളം ഒരു വെള്ളി കൂടി നേടി. വനിതാ വിഭാഗം സോഫ്റ്റ് ബോളിലാണ് കേരള ടീം വെള്ളി മെഡൽ നേടിയത്. അവസാന മത്സരത്തിൽ ഛത്തീസ്ഗഡിനെ തോൽപ്പിച്ചാണ് കേരളം വെള്ളി മെഡൽ നേടിയത്. മത്സരത്തിൽ കേരളം 2-1നാണ് വിജയിച്ചത്. ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് പഞ്ചാബ് ഈ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി.

ഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത ഹെയ്ന്‍റിച്ച് ക്ലാസനാണ് ടീമിന്‍റെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് കളിക്കാർ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത് സ്പിന്നർമാരാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെ വാഷിംഗ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറു റൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്‍റെ കൈയിൽ എത്തിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നെമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിന്‍റെ ഷോർട്ട് പിച്ച് പന്തിനെ നേരിടുന്നതിൽ അദ്ദേഹത്തിന് പിഴവ് പറ്റി.

റീസ ഹെൻഡ്രിക്സ് (3), എയ്ഡൻ മാർക്രം (9), ഡേവിഡ് മില്ലർ (7), ആൻഡിൽ ഫെഹ്ലുക്വായോ (5) എന്നിവർ നിലയുറപ്പിക്കും മുൻപ് പുറത്തായത് ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി. വെറും 71 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് വീണത്.

മൊഹാലി: മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചു. 10 വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ വിജയം.

11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അരുണാചൽ പ്രദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് മാത്രമാണ് നേടിയത്. കേരളത്തിനായി സിജിമോൻ ജോസഫും എസ് മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

4.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ കേരളം ലക്ഷ്യം മറികടന്നു. കേരളത്തിനായി വിഷ്ണു വിനോദും രോഹൻ കുന്നുമ്മലുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 16 പന്തിൽ 23 റൺസാണ് വിഷ്ണു നേടിയത്. രണ്ട് ഫോറും ഒരു സിക്സും വിഷ്ണുവിന്‍റെ വകയായിരുന്നു. രോഹൻ 13 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിംഗ്‌സ്. 

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും.

നവംബർ 14നാണ് മത്സരം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലിന്‍റെ റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ബഫൺ, റോമയുടെ പോർച്ചുഗൽ പരിശീലകൻ മൗറീഞ്ഞോ എന്നിവരും മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. 

റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെസിയും മറ്റ് താരങ്ങളും ഈ മത്സരത്തിനെത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ലോകത്തെ ഞെട്ടിച്ചത്. തന്‍റെ 60-ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചത്.

അജ്മാൻ: ഡഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടൂർണമെന്‍റിൽ ഉടനീളം പരാജയം അറിയാതെ കളിച്ച ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് 141 റൺസ് വിജയലക്ഷ്യം നൽകി. 101 റൺസെടുക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി.

ഇന്ത്യൻ ക്യാപ്റ്റൻ വീരേന്ദ്ര സിംഗാണ് മാൻ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നായകൻ വീരേന്ദ്ര സിംഗിന്‍റെ 50 റൺസിന്‍റെയും ഇന്ദ്രജീത് യാദവിന്‍റെ 40 റൺസിന്‍റെയും പിൻബലത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. 23 റൺസെടുത്ത ആർ ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.

ദോഹ: ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കാനായി ഏറ്റവും നീളമേറിയ ഡിസ്പ്ലേ സ്ക്രീൻ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് എതിർവശത്തുള്ള ദോഹ കോർണിഷിൽ സ്ഥാപിച്ചു. ഏറ്റവും നൂതനമായ ഹൈ-ഡെഫിനിഷൻ വിഷ്വൽ ഡിസ്പ്ലേ സാങ്കേതികവിദ്യയും ഉയർന്ന നിലവാരമുള്ള ഓഡിയോ സിസ്റ്റവുമാണ് സ്ക്രീനിലുള്ളത്. 

ദോഹ കോർണിഷ് ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയായതിനാൽ, ആരാധകർക്ക് ഈ ഭീമൻ സ്ക്രീനിൽ മത്സരങ്ങൾ കാണാനും ചുറ്റും നടക്കുന്ന ആഘോഷങ്ങൾ ആസ്വദിക്കാനും കഴിയും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന 64 മത്സരങ്ങളും തത്സമയം സ്ക്രീനിൽ ആസ്വദിക്കാം. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരങ്ങൾ കാണാൻ ടിക്കറ്റ് ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിനുള്ളിലെ അതേ ആവേശത്തോടെ ദോഹ കോർണിഷിലെ ഭീമൻ സ്ക്രീനിലൂടെ മത്സരം കാണാൻ കഴിയും. 

ദോഹ: ഖത്തറിന്റെ 3-2-1 ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം ലോകകപ്പ് ആരാധകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇതുവരെ ഒരു ലക്ഷം പേരാണ് മ്യൂസിയം സന്ദർശിച്ചത്. ഈ വർഷം അവസാനത്തോടെ മ്യൂസിയം 5 ലക്ഷത്തോളം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മാർച്ചിൽ തുറന്ന മ്യൂസിയം ഇതിനകം 100,000 ആളുകൾ സന്ദർശിച്ചതായി മ്യൂസിയം ഡയറക്ടർ അബ്ദുല്ല യൂസഫ് അൽ മുല്ല പറഞ്ഞു.

ലോകകപ്പിന്റെ വേദികളിലൊന്നായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തോട് ചേർന്നാണ് ഒളിമ്പിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിന് ടിക്കറ്റ് ബുക്ക് ചെയ്ത ഹയ കാർഡ് ഉടമകൾക്ക് മാത്രമേ മ്യൂസിയത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരങ്ങൾ ഇല്ലാത്ത ദിവസം മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഖത്തർ മ്യൂസിയത്തിന്റെ പുതുക്കിയ ടിക്കറ്റിംഗ് നയം അനുസരിച്ച് 3-2-1 ഒളിമ്പിക് മ്യൂസിയം ഒരാൾക്ക് 100 റിയാൽ ഫീസ് ഈടാക്കും. 16 വയസിന് താഴെയുള്ള കുട്ടികൾക്കും ഖത്തർ ക്രിയേഷൻസിന്റെ വൺപാസ് ഉടമകൾക്കും മാത്രമാണ് സൗജന്യ പ്രവേശനം.

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമ്പൂർണ വിജയം നേടാൻ ഇന്ത്യ ഇന്നു 3–ാം മത്സരത്തിനിറങ്ങും. നിലവിൽ ഓരോ മത്സരം ജയിച്ചു നിൽക്കുകയാണ് ഇരുടീമുകളും. ഉച്ചയ്ക്ക് 1.30ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരത്തിനു തുടക്കം. മഴ ഭീഷണിയുണ്ട്.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ശിഖർ ധവാന്റെ ഫോമിന്റെ കാര്യത്തിൽ ഇന്ത്യ വലിയ ആശങ്കയിലാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് 17 റൺസാണ് ധവാൻ നേടിയത്. സഹ ഓപ്പണർ ശുഭ്മാൻ ഗില്ലും വലിയ സ്കോർ നേടിയിട്ടില്ല. എന്നാൽ ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും മികച്ച ഫോം മധ്യനിരയിൽ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ മുഹമ്മദ് സിറാജിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യക്കുണ്ട്.

റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ സ്വർണം നേടി. 500 മീറ്റർ സി 2 ഇനത്തിൽ രണ്ടംഗ കനോയ‍ിങ് സംഘവും സ്വർണം നേടി.

ആറുപേരും പുന്നമട സായി സെന്ററിലെ താരങ്ങളാണ്. ഈ വിജയത്തോടെ 19 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി മെഡൽ പട്ടികയിൽ കേരളം ഒരു പടി കൂടി ഉയർന്ന് ഏഴാം സ്ഥാനത്തെത്തി.

മേഘ പ്രദീപും അക്ഷയ സുനിലും 2:16:81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സബർമതി നദിയിലെ ട്രാക്കിൽ കനോയ‍ിങ്ങിൽ സ്വർണം നേടി. അലീന ബാബു, ശ്രീലക്ഷ്മി ജയപ്രകാശ്, ട്രീസ ജേക്കബ്, ജി.പാർവതി എന്നിവർ 1:56:25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കയാക്കിങ്ങിൽ സ്വർണം നേടി.

കേരളത്തിൽ കയാക്കിങ് പരിശീലനം നടത്തുന്നതിനിടെ 2015 ലെ ദേശീയ ഗെയിംസിനായി വാങ്ങിയ നെലോ എന്ന ബോട്ട് ടീമിന് ലഭിച്ചിരുന്നു. വർഷങ്ങളായി ഉപയോഗമില്ലാതെ കിടന്നിരുന്ന ബോട്ടിന്‍റെ റഡാർ തകരാറിലായിരുന്നു. ഇതുപയോഗിച്ചാണ് ഇവർ പരിശീലനം നടത്തിയിരുന്നത്.

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ എടികെ മോഹൻ ബഗാനെ ചെന്നൈയിൻ എഫ്.സി തോൽപ്പിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിനിന്റെ വിജയം. മോഹൻ ബഗാനുവേണ്ടി മൻവീർ സിംഗ് ഗോൾ നേടിയപ്പോൾ ചെന്നൈയിന് വേണ്ടി ക്വാമി കരികരി, റഹീം അലി എന്നിവർ ഗോളുകൾ നേടി.

ആദ്യപകുതിയിൽ 1-0ന് പിറകിലായിരുന്ന ചെന്നൈയിൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. മോഹൻ ബഗാന്‍റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. എടികെ മോഹൻ ബഗാനു വേണ്ടി ആഷിഖ് കുരുണിയനും ചെന്നൈയിൻ എഫ്സിക്ക് വേണ്ടി പ്രശാന്തും അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്. രണ്ട് കളിക്കാരും ആദ്യ ഇലവനിൽ തന്നെ ഇടം നേടുകയും ചെയ്തു.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പരിശീലനത്തിലും തയ്യാറെടുപ്പുകളിലും അതൃപ്തി അറിയിച്ച് എടികെ മോഹൻ ബഗാൻ പരിശീലകൻ ജുവാൻ ഫെറാൻഡോ. ഫെറാൻഡോയുടെ അഭിപ്രായത്തിൽ, യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കളിക്കാർക്ക് ഫുട്ബോളിനായി വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുന്നുള്ളൂ.

“ഇന്ത്യയിലെ പ്രധാന പ്രശ്നം കളിക്കാർക്ക് ഊർജം നഷ്ടമാകുന്നത് പ്രധാനമായും മറ്റ് കാര്യങ്ങളിലാണെന്നതാണ്. കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് കളിക്കാർ ആലോചിക്കേണ്ടതില്ല. ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രീമിയർ ലീ​ഗിലേയും സ്പാനിഷ് ലീ​ഗിലേയുമൊക്കെ മികച്ച കളിക്കാർ ദിവസം ആറും ഏഴും മണിക്കൂർ വരെയാണ് പരിശീലനത്തിനായി ചിലവിടുന്നത്. ഇവിടെയാകട്ടെ പരമാവധി രണ്ട് മണിക്കൂറും”, ഫെറാൻഡോ പറഞ്ഞു.

“ഈ ശൈലി ഇനിയും തുടരാനാകില്ല, ഈ മനോഭാവം മാറ്റി കഠിനാധ്വാനം ചെയ്യാൻ തയ്യാറായാലെ ഇന്ത്യൻ ഫുട്ബോളിന് പുരോ​ഗതിയുണ്ടാകു. അക്കാദമികളുടെ കാര്യത്തിലും യുവതാരങ്ങളുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.

ബാര്‍ബഡോസ്: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഫൈനലിൽ നേർക്കുനേർ വരുമെന്ന് ക്രിസ് ഗെയ്ൽ പറഞ്ഞു.

ആന്ദ്രെ റസ്സൽ, കീറോൺ പൊള്ളാർഡ്, ഡ്വെയ്ൻ ബ്രാവോ എന്നിവരുടെ അഭാവം വിൻഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളിയെയും തോൽപ്പിക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും ഗെയ്ൽ പറഞ്ഞു. “വിന്‍ഡീസ് ടീമിലുള്ള കളിക്കാരെല്ലാം പ്രതിഭാധനരാണ്. എതിരാളികളെ വിറപ്പിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്” ഗെയ്ൽ പറഞ്ഞു.

എന്നാൽ ഗെയ്ലിന്‍റെ പ്രവചനത്തെ സാധൂകരിക്കുന്ന പ്രകടനമല്ല വെസ്റ്റ് ഇൻഡീസ് ടീമിന്റേത് എന്നതാണ് വസ്തുത. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സെപ്റ്റംബർ മാസത്തെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു. പാകിസ്താന്‍റെ മുഹമ്മദ് റിസ്വാൻ മികച്ച പുരുഷ താരമായും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിനാണ് ഹർമൻപ്രീതിന് പുരസ്കാരം ലഭിച്ചത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെയും ബംഗ്ലാദേശിന്‍റെ നൈഗര്‍ സുൽത്താനയെയും തോൽപ്പിച്ചാണ് ഹർമൻപ്രീത് പുരസ്കാരം നേടിയത്.

ഹർമൻപ്രീതിന്‍റെ മികവിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. 1999ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിൽ പരമ്പര നേടുന്നത്. ടൂർണമെന്‍റിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 221 റൺസാണ് ഹർമൻപ്രീത് നേടിയത്. ആദ്യ ഏകദിനത്തിൽ 74 റൺസും രണ്ടാം ഏകദിനത്തിൽ 111 പന്തിൽ 143 റൺസും നേടി.

പെര്‍ത്ത്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. വെസ്‌റ്റേണ്‍ ഓസ്ട്രേലിയയെ 13 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു.

സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്‌റ്റേണ്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു.

കെഎൽ രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. രാഹുലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഓപ്പണറായി. രോഹിത് ശർമ്മയായിരുന്നു സഹ ഓപ്പണർ. പക്ഷേ, ഇരുവരും നിരാശപ്പെടുത്തി. വെറും മൂന്ന് റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. 16 പന്തിൽ 9 റൺസ് മാത്രമാണ് പന്ത് നേടിയത്.

ഭുവനേശ്വര്‍: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുകയാണ്. അണ്ടര്‍-17 വനിതാ ലോകകപ്പ് ആവേശത്തിന് ഒക്ടോബര്‍ 11ന് കിക്കോഫാകും. മൂന്നുവേദികളിലായി 16 ടീമുകള്‍ കിരീടത്തിനായി മത്സരിക്കും. ഒക്ടോബര്‍ 30-നാണ് ഫൈനല്‍ നടക്കുക. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്കും കളിക്കാന്‍ അവസരമുണ്ട്. ചൊവ്വാഴ്ച 4.30ന് ഉദ്ഘാടനമത്സരത്തില്‍ ബ്രസീലും മൊറോക്കോയും കളിക്കും. രാത്രി എട്ടിന് ഇന്ത്യ യു.എസിനെ നേരിടും. 2017ല്‍ അണ്ടര്‍-17 പുരുഷ ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിച്ചിരുന്നു.

4 ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. പോയിന്‍റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഇന്ത്യ കളിക്കുന്ന ഗ്രൂപ്പ് എ മത്സരങ്ങൾ നടക്കുക. ഗ്രൂപ്പ് ബി, ഡി മത്സരങ്ങൾ മഡ്ഗാവിലെ ഫറ്റോർഡ സ്റ്റേഡിയത്തിലും ഗ്രൂപ്പ് സി മത്സരങ്ങൾ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലുമാണ്. രണ്ട് സെമിഫൈനല്‍ മത്സരങ്ങളും മഡ്ഗാവിലാണ്. ഫൈനല്‍ മുംബൈയിലാണ് നടക്കുക.

സാംബിയൻ ദേശീയ ടീം കളിക്കാരനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈട്ടന്റെ മിഡ്ഫീൽഡറുമായ എനോക് എംവേപ്പു പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് 24കാരനായ എനോക് കളിക്കളം വിടുന്നത്. ഇക്കാര്യം ബ്രൈട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൽസ്ബർഗിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന എനോക് കഴിഞ്ഞ സീസണിൽ ബ്രൈട്ടണിൽ എത്തിയിരുന്നു. ഈ വർഷം പ്രീമിയർ ലീഗിൽ ബ്രൈട്ടണു വേണ്ടി ആറ് മത്സരങ്ങളും എനോക് കളിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ, ദേശീയ ടീമിൽ ചേരാനുള്ള യാത്രാമധ്യേ എനോക് രോഗബാധിതനായി. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയത്.

പാരമ്പര്യമായി ഉണ്ടാകുന്ന പ്രശ്നമാണിതെന്നാണ് ക്ലബ് അറിയിച്ചത്. തുടർന്നും കളിച്ചാൽ താരത്തിന്റെ ജീവൻ അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അറിയിച്ചത്. ഇതോടെയാണ് കളിക്കളത്തോട് വിടപറയാനുള്ള എനോക്കിന്റെ തീരുമാനം.

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ തുഴച്ചിൽ ഇനത്തിൽ ഇരട്ട സ്വർണം നേടി കേരളം. വനിതകളുടെ കനോയിംഗിലും കയാക്കിങ്ങിലും കേരളം സ്വർണം നേടി. വനിതകളുടെ കനോയിംഗ് ടു വിഭാഗത്തിലും കയാക്കിങ് ഫോര്‍ വിഭാഗത്തിലുമാണ് സ്വര്‍ണം.

വനിതകളുടെ 500 മീറ്റർ ഡബിൾസിൽ രണ്ട് വിഭാഗത്തിൽ കേരളത്തിന്‍റെ മേഘ പ്രദീപും അക്ഷയ സുനിലും സ്വർണം നേടി. കേരള ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കയാക്കിങ് ഫോര്‍ വിഭാഗത്തിൽ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാർവതി, അലീന ബിജു എന്നിവരടങ്ങിയ കേരള ടീം സ്വർണം നേടി. തുഴച്ചിൽ മത്സരത്തിൽ കേരളം ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. മെസി ലോകകിരീടം നേടുമെന്ന പ്രതീക്ഷയിലാണ് അർജന്‍റീന ആരാധകർ.

അതേസമയം, ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോളും ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മെസ്സി നേടുമെന്ന് അർജന്‍റീനിയൻ താരം ഹെവിയർ സനേറ്റി പ്രവചിക്കുന്നു. ഇന്‍റർ മിലാന്‍റെ ഇതിഹാസം എന്ന് വാഴ്ത്തപ്പെടുന്ന സനേറ്റി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

“ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ എതിരാളിയായി ബ്രസീലിനെ കിട്ടണമെന്നും അവരെ തോൽപ്പിക്കണമെന്നുമാണ് ആ​ഗ്രഹം.” സനേറ്റി പറഞ്ഞു. അതേസമയം ലോകകപ്പ് ഫൈനലിലെത്തിയാൽ അവിടെ ഏത് ടീമിനെ എതിരാളായി കിട്ടരുതെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് ഫ്രാൻസെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദോഹ: മുൻ വർഷങ്ങളിലെ ലോകകപ്പ് മത്സരങ്ങൾക്കിടെ മോശം പെരുമാറ്റവും അക്രമവും നടത്തിയ 1300ലധികം ആരാധകരെ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇംഗ്ലണ്ടും വെയിൽസും വിലക്കി. റിപ്പോർട്ട് അനുസരിച്ച് മത്സരങ്ങൾ കാണാനും സമീപ രാജ്യങ്ങളിലേക്ക് പോകുന്നതിനും 1,308 പേർക്ക് വിലക്കേർപ്പെടുത്തും.

ഇത്തരക്കാർ പാസ്പോർട്ട് കൈമാറാതിരിക്കുകയും ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകാൻ ശ്രമിക്കുകയും ചെയ്‌താൽ ആറ് മാസം വരെ തടവും പരിധിയില്ലാത്ത പിഴയും അനുഭവിക്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നവംബർ 10 മുതൽ ഖത്തർ ലോകകപ്പ് അവസാനിക്കുന്നതുവരെ ഖത്തർ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ 1308 പേർക്ക് പാസ്പോർട്ട് അനുവദിക്കാൻ പ്രത്യേകം അപേക്ഷിക്കണം.

ലോകകപ്പിന് തയ്യാറെടുക്കുന്ന അർജന്‍റീനയുടെ ദേശീയ ടീമിന് കനത്ത തിരിച്ചടിയാണ് പൗലോ ഡിബാലയുടെ പരിക്ക്. ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് വേണ്ടി കളിക്കുന്ന ഡിബാലയ്ക്ക് ഞായറാഴ്ച നടന്ന സെരി എ മത്സരത്തിനിടെയാണ് പരിക്കേറ്റത്. അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്നലെ ലെക്കെയ്ക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ റോമയ്ക്കായി വിജയഗോൾ നേടിയത് ഡിബാലയായിരുന്നു. എന്നാൽ, ഇടതുകാലിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഡിബാല ഉടൻ തന്നെ ഫീൽഡ് വിട്ടു. ഡിബാല കരഞ്ഞുകൊണ്ടാണ് ഡഗ്ഔട്ടിൽ തുടർന്നത്.

ഈ വർഷം ഇനി ഡിബാല കളിക്കാൻ സാധ്യതയില്ലെന്ന് മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച റോമ കോച്ച് ഹോസെ മൗറീന്യോ വ്യക്തമാക്കി. നവംബർ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ ലോകകപ്പ് മത്സരം. ഈ മത്സരത്തിന് ആറാഴ്ച മാത്രം ശേഷിക്കെ, പരിക്ക് ഡിബാലയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമിടുമെന്നാണ് സൂചന.

ലണ്ടൻ: ലോകത്ത് ക്ലബ് ഫുട്ബോളില്‍ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. വിവിധ ക്ലബ്ബുകൾക്കായി 700 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. 944 മത്സരങ്ങളിൽ നിന്ന് 700 ഗോളുകളാണ് റോണോയുടെ സമ്പാദ്യം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫുട്ബോൾ താരമാണ് റൊണാൾഡോ.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനെതിരായ മത്സരത്തിനിടെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ 2-1ന് വിജയിച്ചു.

മറ്റൊരു മത്സരത്തിൽ ആര്‍സനൽ ലിവർപൂളിനെ തോൽപ്പിച്ചു. മത്സരത്തിൽ ആര്‍സനൽ 3-2ന് വിജയിച്ചു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുമായി ആര്‍സനൽ നിലവിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

പുണെ: ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിക്കെതിരെ മുംബൈ സിറ്റി എഫ്സി സമനിലയിൽ പിരിഞ്ഞു. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി.

ഹൈദരാബാദിനായി ജാവോ വിക്ടർ രണ്ട് ഗോളും ഹാലിചരൺ നർസാരി ഒരു ഗോളും നേടി. മുംബൈയ്ക്കായി ഗ്രെഗ് സ്റ്റുവാർട്ട്, ആൽബർട്ടോ നൊഗുവേര എന്നിവർ സ്കോർ ചെയ്തപ്പോൾ ചിംഗ്ലന്‍സനയുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.

24-ാം മിനിറ്റിൽ ചിംഗ്ലന്‍സനയാണ് മുംബൈ സിറ്റി എഫ്.സിക്ക് വേണ്ടി സെൽഫ് ഗോൾ നൽകിയത്. ഇടത് വിങ്ങിൽ നിന്ന് പന്തുമായി എത്തിയ മുംബൈയുടെ ബിപിൻ സിംഗ് ഓർഗെ ഡയസിന് നേരെ ക്രോസ് ചെയ്തു. ഇത് തടയാൻ ശ്രമിച്ച സനയുടെ കാലിൽ തട്ടി പന്ത് വലയിൽ കയറി.

ടോക്യോ: റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഫോർമുല വൺ കിരീടം നിലനിർത്തി. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെസ്തപ്പൻ കാറോട്ടമത്സരത്തിലെ വേഗതയുടെ രാജാവായി മാറി. കഴിഞ്ഞ സീസണിലും വെസ്റ്റപ്പൻ കിരീടം നേടിയിരുന്നു.

സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെ 113 പോയിന്റിന്റെ ലീഡോടെയാണ് വെസ്റ്റപ്പൻ കിരീടം നേടിയത്. മൈക്കിൾ ഷൂമാക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർക്ക് ശേഷം നാല് റേസുകള്‍ ബാക്കിനില്‍ക്കേ കിരീടം നേടിയ ഏക ഡ്രൈവർ വെസ്റ്റപ്പൻ മാത്രമാണ്. ലൂയിസ് ഹാമിൽട്ടൺ പോലും ഈ റെക്കോർഡ് നേടിയിട്ടില്ല.

ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ചാൾസ് ലെക്വെ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 45.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 93 റൺസും, ശ്രേയസ് അയ്യർ 113 റൺസും നേടി.

10 ഓവറിൽ 38 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് വേണ്ടി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ തകർത്തത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി.

മഡ്രിഡ്: സ്പാനിഷ് ഇതിഹാസം ഇകെര്‍ കസിയസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. സ്പെയിനിന്‍റെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ കസിയസ് ട്വിറ്ററിലൂടെയാണ് ഞെട്ടിക്കുന്ന വാർത്ത പങ്കുവെച്ചത്. എന്നാൽ ഗായിക ഷക്കീറയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രതിരോധിക്കാനാണ് കസിയസിന്റെ ശ്രമമെന്നും റിപ്പോർട്ടുണ്ട്.

“എല്ലാവരും എന്നെ ബഹുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: ഞാൻ ഒരു സ്വവർഗാനുരാഗിയാണ്,” കസിയസ് ട്വിറ്ററിൽ കുറിച്ചു. മുൻ സ്പെയിൻ ഫുട്ബോൾ ടീം ക്യാപ്റ്റനും കസിയസിന്‍റെ അടുത്ത സുഹൃത്തുമായ കാർലോസ് പുയോളും കസിയസിന്‍റെ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തി. “നമ്മുടെ കഥ പറയാന്‍ സമയമായി” പുയോൾ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കസിയസ് സ്പോർട്സ് ജേണലിസ്റ്റ് സാറാ കാർബോണെറോയെ വിവാഹം ചെയ്തിരുന്നു. 2021ലാണ് ഇരുവരും വിവാഹമോചിതരായത്. ഈ ബന്ധത്തിൽ കസിയസിന് രണ്ട് മക്കളുണ്ട്.

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷ ഫുട്ബോളിൽ കേരളം ഫൈനലിലെത്തി. സെമിഫൈനലിൽ കർണാടകയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലേക്ക് യോഗ്യത നേടിയത്.

എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കേരളത്തിന്‍റെ ജയം. മുഹമ്മദ് ആഷിഖ്, അജീഷ് പി എന്നിവരാണ് കേരളത്തിനായി സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡ് നേടി. ആദ്യപകുതിയിൽ ആ ലീഡ് നിലനിർത്താൻ കേരളത്തിന് സാധിച്ചു.

രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ അജീഷാണ് കേരളത്തിന്‍റെ രണ്ടാം ഗോൾ നേടിയത്. ഒരു ഗോൾ തിരിച്ചുപിടിക്കാൻ കർണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു.

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ചിരി പടര്‍ത്തി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്. രണ്ടാം ഏകദിനത്തിലെ ടോസിനിടെയായിരുന്നു സംഭവം. ടോസിനായുള്ള നാണയം കാണാതായത് എല്ലാവരേയും ചിരിപ്പിച്ചു.

മത്സരത്തിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജും ടോസ് തേടി മൈതാനത്ത് എത്തിയിരുന്നു. അവതാരകൻ സഞ്ജയ് മഞ്ജരേക്കർ, മാച്ച് റഫറി ജവഗൽ ശ്രീനാഥ് എന്നിവരും ടോസിനായി എത്തിയിരുന്നു. തുടർന്ന് മഞ്ജരേക്കർ ടോസ് ഇടാൻ ആവശ്യപ്പെട്ടു.

എന്നാല്‍ കൈയ്യില്‍ നാണയം ലഭിക്കാത്തതിനെത്തുടര്‍ന്ന് ധവാനും മഹാരാജും ചിരിക്കാനാരംഭിച്ചു. അപ്പോഴാണ് ആ നാണയം ശ്രീനാഥിന്‍റെ പോക്കറ്റിലാണെന്ന് മനസ്സിലായത്. അമളി മനസ്സിലാക്കിയ ശ്രീനാഥ് പുഞ്ചിരിയോടെ നാണയം ധവാന് കൈമാറി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഗാന്ധിനഗര്‍: ദേശീയ ഗെയിംസിൽ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളിൽ സ്വർണം. പുരുഷ വിഭാഗത്തിൽ അർജുൻ എ.ആർ, വനിതാ വിഭാഗത്തിൽ അശ്വതി പി.ആർ എന്നിവരാണ് കേരളത്തിനായി സ്വർണം നേടിയത്.

പുരുഷൻമാരുടെ അണ്ടർ 90 കിലോഗ്രാം വിഭാഗത്തിലാണ് അർജുൻ ഒന്നാമതെത്തിയത്. ഫൈനലിൽ ഹരിയാനയുടെ വിക്രമിനെ പരാജയപ്പെടുത്തിയാണ് അർജുൻ സ്വർണം നേടിയത്. സ്കോർ: 1-0.

വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് അശ്വതി സ്വർണം നേടിയത്. ഈ രണ്ട് മെഡലുകൾ കൂടി ലഭിച്ചതോടെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സ്വർണനേട്ടം 17 ആയി.

റാഞ്ചി: ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജീവൻമരണ പോരാട്ടത്തിന് ഇന്ത്യ. രണ്ടാം മത്സരത്തിൽ ടോസ് നേടിയ പ്രോട്ടീസ് ക്യാപ്റ്റൻ കേശവ് മഹാരാജ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകനായ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. സ്പിന്നർ തബ്രൈസ് ഷംസിയും പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടില്ല. രണ്ട് മാറ്റങ്ങളുമായാണ് ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യയെ എത്തുക. വാഷിങ്ടൺ സുന്ദർ ഇലവനിലെത്തുമ്പോൾ ഷഹബാസ് അഹമ്മദ് അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്‌ക്‌വാദും രവി ബിഷ്‌ണോയിയുമാണ് പുറത്തായത്. ഇന്ന് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യക്ക് പരമ്പര നഷ്‌ടമാകും.

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്ന് സ്വർണ്ണമില്ല. നീന്തലിന്‍റെ അവസാന ദിവസമായതിനാൽ, ഒരുപിടി മെഡലുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മെഡൽ നേട്ടം ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമായി ഒതുങ്ങി. പുരുഷൻമാരുടെ വാട്ടർ പോളോ ഫൈനലിൽ കരുത്തരായ സർവീസസിനോട് 10-8 എന്ന സ്കോറിന് തോറ്റ് കേരളം വെള്ളി നേടി.

വനിതാ വിഭാഗത്തിലും കേരളം വെങ്കലം നേടി. 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിൽ അനൂപ് അഗസ്റ്റിൻ കേരളത്തിനായി വെള്ളി മെഡൽ നേടി. ഇതോടെ നീന്തലിൽ 9 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. ഇതിൽ 5 സ്വർണം ഉൾപ്പെടെ 8 മെഡലുകൾ സാജൻ പ്രകാശിന്‍റേതാണ്. 39 മെഡലുകളുമായി കർണാടകയാണ് ഒന്നാമത്.

പുരുഷ ഫുട്ബോൾ സെമിയിൽ കേരളം ഇന്ന് കർണാടകയെ നേരിടും. 15 സ്വർണം ഉൾപ്പെടെ 44 മെഡലുകളുമായി പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് കേരളം.

ന്യൂഡൽഹി: സന്തോഷ് ട്രോഫി ടൂർണമെന്‍റിന്‍റെ നോക്കൗട്ട് മത്സരങ്ങൾ 2023 മുതൽ മൂന്ന് വർഷത്തേക്ക് സൗദി അറേബ്യയിലെ ജിദ്ദയിലോ റിയാദിലോ നടക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്‍റ് കല്യാൺ ചൗബെ പറഞ്ഞു. അടുത്ത ഫെബ്രുവരിയിൽ ടൂർണമെന്‍റ് നടത്താനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും ഇതിനായി സൗദി ഫുട്ബോൾ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“കൂടുതൽ ഇന്ത്യക്കാരുള്ളത് ജിദ്ദയിലാണ്. എന്നാൽ, തലസ്ഥാനമായ റിയാദിൽ, സൗദി സർക്കാരിന് ഇതിനൊപ്പം കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സാധ്യതയുണ്ട്. ജനുവരിയോടെ അന്തിമ തീരുമാനം കൈക്കൊള്ളും,” ചൗബെ പറഞ്ഞു.

വർഷത്തിൽ രണ്ടു തവണ ത്രിരാഷ്ട്ര ടൂർണമെന്‍റുകൾ നടത്താനും ധാരണാപത്രത്തിൽ തീരുമാനിച്ചു. ഗൾഫിലെ വേനൽക്കാലത്ത് ഇന്ത്യയിൽ (ബെംഗളൂരുവിലോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലോ) ടൂർണമെന്‍റ് നടക്കും. ശൈത്യകാലത്ത്, ടൂർണമെന്‍റ് ഗൾഫിലായിരിക്കും. തുടക്കത്തിൽ അണ്ടർ 17, അണ്ടർ 19 ആൺകുട്ടികളുടെ ടൂർണമെന്‍റാണ് നടത്തുക.

ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റതിന്‍റെ നിരാശ മായ്ക്കുന്നതാണ് ഇന്ത്യൻ വനിതകളുടെ വിജയം.

സ്കോർ: ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 159. ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റിന് 100. അർധസെഞ്ചുറിയും (55) 2 വിക്കറ്റും നേടിയ ഷഫാലി വർമ്മയാണ് പ്ലെയർ ഓഫ് ദി മാച്ച്.

പാക്കിസ്ഥാനെതിരായ തോൽവിയിലേക്ക് നയിച്ചത് മുൻനിരയുടെ കൂട്ടത്തകർച്ചയായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരെ ബാറ്റർമാർ ഫോമിലേക്ക് മടങ്ങിയെത്തി. ആദ്യ വിക്കറ്റിൽ ഷഫാലിയും സ്മൃതി മന്ദാനയും (47) ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. ജമൈമ റോഡ്രിഗസ് 24 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്നു. 4 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകളാണ് ഷഫാലി വീഴ്ത്തിയത്. ദീപ്തി ശർമ്മ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലും ലിവർപൂളും ഏറ്റുമുട്ടും. ആഴ്സണലിന്‍റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. അർട്ടേറ്റയ്ക്ക് കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആഴ്സണലിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്താം. അതേസമയം, തുടർച്ചയായ തിരിച്ചടികൾ നേരിടുന്ന ലിവർപൂളിന് പ്രതീക്ഷ കൈവിടാതിരിക്കാൻ ആഴ്സണൽ പോലുള്ള വലിയ ടീമിനെതിരെ വിജയിക്കേണ്ടതുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം രാത്രി 11.30ന് ആരംഭിക്കുന്ന മത്സരത്തിൽ എവർട്ടണുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയോടേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ യുണൈറ്റഡിന് ഇന്ന് ഒരു ജയം ആവശ്യമാണ്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ വേട്ട തുടർന്ന മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ഒന്നാമതെത്തിയിരുന്നു. സതാംപ്ടണിനെ സിറ്റി 4-0നാണ് തോൽപ്പിച്ചത്. 20-ാം മിനിറ്റിൽ ജാവോ ക്യാൻസലോയിലൂടെയാണ് സിറ്റി ഗോൾവേട്ട ആരംഭിച്ചത്. ഫിൽ ഫോഡൻ, റിയാദ് മെഹറേസ്, എർലിംഗ് ഹാലൻഡ് എന്നിവരും സ്കോർ ചെയ്തു. പ്രീമിയർ ലീഗിൽ ചെൽസിയും വലിയ വിജയം നേടി. വൂൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്. കയ് ഹവാർഡ്സ്, ക്രിസ്റ്റ്യൻ പുലിസിച്ച്, അർമാൻഡോ ബ്രോജ എന്നിവരാണ് സ്കോറർമാർ. 

കൊച്ചി: വിദേശ ലീഗിൽ സജീവമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. നവംബർ 23ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ശ്രീശാന്ത് ബംഗ്ലാ ടൈഗേഴ്സിന് വേണ്ടി കളിക്കും. പ്ലെയർ കം ബ്രാൻഡ് അംബാസഡറായാണ് ശ്രീശാന്ത് ടീമുമായി കരാറിൽ ഏർപ്പെട്ടത്. ഷാക്കിബുൽ ഹസനാണ് ബംഗ്ലാ ടൈഗേഴ്സിന്‍റെ ക്യാപ്റ്റൻ.

ഐഎസ്എൽ ഒൻപതാം സീസൺ തുടങ്ങി രണ്ട് മത്സരങ്ങളെ പിന്നിട്ടിട്ടുള്ളു. എന്നാൽ റെഫറിയിങ്ങിനെതിരായ വിമർശനം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. ഇന്നലെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഗോൾ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.

ഇന്നലത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരു വിജയിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ മിഡ്ഫീൽഡർ ജോൺ ​ഗാസ്തനാഗയുടെ തകർപ്പൻ ഷോട്ടിലൂടെ ബെംഗളൂരുവിനെതിരെ നോർത്ത് ഈസ്റ്റ് ഗോൾ നേടി. പിന്നാലെ നോർത്ത് ഈസ്റ്റ് ടീമും ആരാധകരും സമനിലയുടെ ആവേശത്തിൽ നിൽക്കെയാണ് റഫറി ഓഫ്സൈഡ് വിളിക്കുന്നത്. തുടർന്നുണ്ടായ തർക്കത്തിൽ നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ ബാൽബുളിനെതിരെ റഫറി ചുവപ്പ് കാർഡ് കാണുകയും ചെയ്തു.

നോർത്ത് ഈസ്റ്റിന്‍റെ ഗോൾ ഓഫ്സൈഡ് അല്ലെന്ന വാദം ഇപ്പോൾ ശക്തമാണ്. റീപ്ലേകളിലും ഇത് വ്യക്തമാണെന്നാണ് വാദം. ഇതിന് പിന്നാലെയാണ് നോർത്ത് ഈസ്റ്റിന്‍റെ സെന്‍റർ ബാക്ക് ആരോൺ ഇവാൻസ് റഫറിയുടെ തീരുമാനത്തെ വിമർശിച്ചത്. ഈ ​ഗോൾ എന്തുകൊണ്ട് അനുവദിച്ചില്ല എന്നാണ് ഇവാൻസ് ട്വീറ്റ് ചെയ്തത്. വെറും രണ്ട് മത്സരങ്ങളേയായുള്ളു അതിനിടെ തന്നെ വളരെ ​ഗൗരവമായ റെഫറി പിഴവ് വന്നുകഴിഞ്ഞെന്ന് സ്പാനിഷ് സൂപ്പർതാരം ടിരിയും ട്വീറ്റ് ചെയ്തു.

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

ലഖ്നൗവിൽ നഷ്ടമായ വിജയം വീണ്ടെടുക്കാനാണ് ശിഖർ ധവാനും സംഘവും ഇന്ന് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനത്തിൽ 9 റൺസിനാണ് ഇന്ത്യ തോറ്റത്. സഞ്ജു സാംസൺ 63 പന്തിൽ 86 റൺസ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. റാഞ്ചിയിലും സഞ്ജു ശ്രദ്ധാകേന്ദ്രമാകും. ക്യാപ്റ്റൻ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവർ തങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രകടനം നടത്തിയാൽ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല.

ദീപക് ചാഹർ പരിക്കിനെത്തുടർന്ന് പുറത്തായത് പൊതുവെ ദുർബലമായ ബൗളിംഗ് നിരയ്ക്ക് ഇരട്ട പ്രഹരമായി. ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തും. ഇന്നത്തെ മത്സരത്തിൽ ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൻ മുന്നോടിയായി ദുഃഖകരമായ ഒരു വാർത്ത പങ്കുവെച്ച് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡേവിഡ് മില്ലർ. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മില്ലർ കാൻസർ ബാധിച്ച് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരം പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് പുറമെ ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

“ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു” മില്ലർ എഴുതി.

മില്ലർ ആരാധികയോടൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ മകളാണെന്ന് പല ആരാധകരും സംശയിച്ചു. എന്നിരുന്നാലും, കാൻസർ ബാധിച്ച് മരിച്ച ഒരു ആരാധികയെക്കുറിച്ചാണെന്ന് മില്ലറിനോട് അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു.

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം പതിപ്പിന്‍റെ രണ്ടാം ദിനം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ച് ബെംഗളൂരു എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു എഫ്സി തോൽപ്പിച്ചത്.

ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ തുടക്കത്തിൽ അൽപ്പം ബുദ്ധിമുട്ടിയ നോര്‍ത്ത്ഈസ്റ്റ് പിന്നീട് കളംപിടിച്ച് നിരവധി മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് കീഴടങ്ങിയത്. ഇഞ്ചുറി ടൈമിൽ ജോൺ ഗസ്റ്റാൻഗ നേടിയ ഗോൾ റഫറി ഓഫ്സൈഡ് ആണെന്ന് വിധിച്ച് പിൻവലിച്ചതും പാർത്ഥിബ് ഗൊഗോയിയുടെ ഷോട്ട് ബാറിൽ ഇടിച്ച് മടങ്ങിയതുമാണ് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായത്.

ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലണ്ടിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവുമായി ഒരു കൂട്ടം ആരാധകർ. പ്രീമിയർ ലീഗിൽ വെറും എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഹാട്രിക്കുകൾ ഉൾപ്പെടെ 14 ഗോളുകളാണ് ഹാലണ്ട് നേടിയത്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് താരം നേടിയത്.

ഹാലണ്ട് ഒരു മെഷീന്‍ഗണ്‍ പോലെ ഗോളടിക്കുന്നത് തുടരുകയാണെങ്കിൽ, അലന്‍ ഷിയററുടെയും ആന്റി കോളിന്റെയും പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി. ഹാലണ്ടിനെ ഫുട്‌ബോളില്‍ നിന്ന് വിലക്കണമെന്ന ആവശ്യവുമായി ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ആരാധകര്‍.

ഹാലണ്ട് മനുഷ്യന്‍ തന്നെയാണോയെന്നാണ് ആരാധകരുടെ സംശയം. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ട് റോബോട്ടാണെന്നും മനുഷ്യരുടെ കൂടെ കളിപ്പിക്കരുതെന്നുമാണ് ആരാധകർ പറയുന്നത്. ഇതിനോടകം ആയിരത്തിലധികം പേരാണ് അപേക്ഷയില്‍ ഒപ്പുവച്ചത്.

മുംബൈ: പരിക്കേറ്റ ദീപക് ചാഹറിന് പകരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി. പരമ്പരയിൽ രണ്ട് ഏകദിനങ്ങൾ കൂടി ബാക്കിയുണ്ട്. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു ചാഹർ ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ടി-ട്വന്റി പരമ്പരയിൽ വീണ്ടും പരിക്കേൽക്കുകയായിരുന്നു.

പുറംവേദനയാണ് ചാഹറിനെയും അലട്ടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്താൻ ചാഹറിനോട് ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള റിസർവ് നിരയിൽ ഉള്ളതിനാൽ ചാഹറിനെ ബിസിസിഐ മെഡിക്കൽ ടീം എത്രയും വേഗം പരിശോധിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കിടെയാണ് ചാഹറിന് വീണ്ടും പരിക്കേറ്റത്. രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരെയും പരിക്കിനെ തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. കോവിഡ്-19 മൂലം വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമിയോടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ.

രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നാണ് കേരളം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ കേരളം സ്വർണമെഡൽ നേടിയേനെ. ഇതോടെ കേരളത്തിന്‍റെ മെഡൽ പ്രതീക്ഷകൾ തുലാസിലായി.

ഈ വിജയത്തോടെ മഹാരാഷ്ട്ര വനിതകളുടെ വാട്ടർ പോളോയിൽ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കേരള താരങ്ങൾക്ക് അത് മുതലാക്കാനായില്ല.

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീണ്ടും അസ്വസ്ഥരാക്കി പരിക്ക്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങൾ മീഡിയം പേസർ ദീപക് ചഹർ കളിക്കില്ലെന്ന് റിപ്പോർട്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന് മുൻപ് നെറ്റ്സിൽ പന്തെറിയുന്നതിനിടെയാണ് ദീപക് ചഹറിന് പരിക്കേറ്റത്. ദീപക്കിന്‍റെ കണങ്കാലിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പ് നടക്കാനിരിക്കെ ദീപക്കിന്റെ കാര്യത്തില്‍ കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കുന്നത്. 

ബുംറയ്ക്ക് പകരം ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ താരങ്ങളിൽ ഒരാളാണ് ദീപക് ചഹർ. മുഹമ്മദ് ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ദീപക് ചഹറിനെ ഓസ്ട്രേലിയയിലേക്ക് അയക്കാനാണ് സാധ്യത. 

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ മറികടന്നു.

എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാതെ മറ്റൊരു താരം പട്ടികയിൽ ഒന്നാമതെത്തുന്നത്. 2022-23 സീസണിൽ എംബാപ്പെയ്ക്ക് 128 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിക്കുക. 120 മില്യൺ യൂറോ ശമ്പളമുള്ള മെസി രണ്ടാം സ്ഥാനത്തും 100 മില്യൺ യൂറോയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതുമാണ്. 
നെയ്മർ നാലാം സ്ഥാനത്താണ്.

അഹമ്മദാബാദ്: ദേശീയ ഗെയിംസ് നീന്തലിൽ രണ്ട് ഇനങ്ങളിൽ കൂടി കേരളത്തിന്‍റെ സജൻ പ്രകാശ് സ്വർണം നേടി. 400 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ ഇനങ്ങളിലായിരുന്നു ഇന്നലത്തെ സ്വർണം. ഇതോടെ സജന്‍റെ വ്യക്തിഗത സ്വർണം അഞ്ചായി ഉയർന്നു. ആകെ മെഡൽ നേട്ടം എട്ടായി.

നീന്തൽ മെഡൽ പട്ടികയിൽ കർണാടകയ്ക്ക് പിന്നിൽ കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സജൻ ആണ് മുഴുവൻ മെഡലുകളും നേടിയത്. മൊത്തത്തിലുള്ള പോയിന്‍റ് പട്ടികയിൽ കേരളം ഏഴാം സ്ഥാനത്തേക്ക് കടന്നു.

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത.

ഗാംഗുലി സ്ഥാനമൊഴിഞ്ഞാലും ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി മത്സരിച്ചേക്കും.

ഒക്ടോബർ 18നാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുമുമ്പ് തന്നെ റോജർ ബിന്നിയുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രതിനിധിയായാണ് റോജർ ബിന്നി മത്സരിക്കുന്നത്. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ബിന്നി.

ചണ്ഡീഗഡ്: പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ (പിസിഎ) മുഖ്യ ഉപദേഷ്ടാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് പരാതി നൽകി. ക്രമക്കേടുകൾ ഓരോന്നായി പട്ടികപ്പെടുത്തി ഹർഭജൻ അധികൃതർക്ക് കത്തയച്ചു.

പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രസിഡന്‍റ് ഗുൽസരീന്ദർ സിംഗ് കാണിച്ച ക്രമക്കേടുകളാണ് ഹർഭജൻ സിംഗ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ഹർഭജൻ അധികൃതർക്കും അംഗങ്ങൾക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനിടെ ക്രിക്കറ്റ് ആരാധകരിൽ നിന്നും അസോസിയേഷനിലെ അംഗങ്ങളിൽ നിന്നും പ്രസിഡന്‍റിനെതിരെ നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹർഭജൻ പറഞ്ഞു.

കൊച്ചി: ഐഎസ്എൽ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍, കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. 3-1നാണ് വിജയം.

72-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്. പിന്നെയുള്ള രണ്ട് ഗോളും നേടിയത് ഇവാൻ കലിയുൻഷിയാണ്. ആദ്യ പകുതിയിൽ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇരുടീമുകൾക്കും അവയെ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.

87-ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ നേടിയെങ്കിലും രണ്ട് മിനിറ്റിനുശേഷം കലിയുൻഷി ഉക്രേനിയൻ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ഒരു ലോങ് റേഞ്ചറിലൂടെ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോളും നേടി.

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്. 3:58.11 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഈ വർഷത്തെ ഗെയിംസിൽ സജന്‍റെ ഏഴാമത്തെ മെഡലാണിത്.

മധ്യപ്രദേശിന്‍റെ അദ്വൈത് പാഗേ വെള്ളിയും കർണാടകയുടെ അനീഷ് ഗൗഡ വെങ്കലവും നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിൽ സജൻ സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലും സ്വർണം നേടി.

400 മീറ്റർ വ്യക്തിഗത മെഡ്ലിയിലും 200 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളിയും 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും സജൻ നേടി.

ബ്രിസ്‌ബേന്‍: വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ബ്രിസ്ബെയ്നിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസ്ട്രേലിയ 31 റൺസിന് വിജയിച്ചു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺ‍സാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡിസിനെ തകര്‍ത്തത്.

29 റൺസെടുത്ത ജോൺസൺ ചാര്‍ളസാണ് വിൻഡീസിന്‍റെ ടോപ് സ്കോറർ. ബ്രണ്ടൻ കിംഗ് (23), അകെയ്ന്‍ ഹുസൈൻ (25) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ. കെയ്ൽ മയേഴ്സ് (6), നിക്കോളാസ് പുരാൻ (2), ജേസൺ ഹോൾഡർ (16), റോവ്മാൻ പവൽ (18), ഒഡെയ്ന്‍ സ്മിത്ത് (4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. അൽസാരി ജോസഫ്, യാനിക് കരിയ എന്നിവർ പുറത്താകാതെ നിന്നു. സ്റ്റാർക്കിനെക്കൂടാതെ പാറ്റ് കമ്മിൻസ് രണ്ടും ആദം സാംപ, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ധാക്ക: ഏഷ്യാ കപ്പിൽ തുടർച്ചയായ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. 13 റൺസിന് പാകിസ്ഥാൻ വനിതകൾ ഇന്ത്യയെ തോൽപ്പിച്ചു. പാകിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ 124 റൺസിന് എല്ലാവരും പുറത്തായി.

ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ അവസാന ഓവറിൽ 18 റൺസാണ് വേണ്ടിയിരുന്നത്. എന്നാൽ, വാലറ്റത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 13 പന്തിൽ 26 റൺസെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 

ഇന്ത്യ 23 റൺസെടുത്തപ്പോൾ തന്നെ ഓപ്പണർ മേഘ്നയെ പാകിസ്ഥാൻ മടക്കി അയച്ചു. 15 റൺസ് മാത്രമാണ് മേഘ്ന ഈ സമയംകൊണ്ട് നേടിയത്. അധികം താമസിയാതെ മന്ദാനയും മടങ്ങി. 17 റൺസെടുത്താണ് മന്ദാന പുറത്തായത്. 

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത്. മത്സരം 9-7നാണ് കേരളം വിജയിച്ചത്.

നിലവിൽ 13 സ്വർണവും 15 വെള്ളിയും 11 വെങ്കലവുമടക്കം 39 മെഡലുകളുമായി കേരളം പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നാളെ(ഒക്ടോബർ 8) ആരംഭിക്കും. ദുബായ് ഊദ് മേത്തയിലെ അൽ നസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളാണ് ആവേശകരമായ മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യ-പാക് പോരാട്ടം ഉൾപ്പെടെ 10 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ ഉണ്ടാവുക.

90 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന്‍റെ ഷുഹൈബും പാകിസ്താന്‍റെ ഷക്കീൽ അബ്ദുള്ളയും നേർക്കുനേർ വരും. 90 കിലോ വിഭാഗത്തിലെ ലോകചാമ്പ്യനായ സ്പെയിനിന്‍റെ റൂബന്‍ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലൂവും തമ്മിലുളള മത്സരവും ആരാധകർ കാത്തിരിക്കുന്ന മത്സരമാണ്. 190 രാജ്യങ്ങളിലെ 64 ബ്രോഡ്കാസ്റ്റർമാരാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്.

ഇതാദ്യമായാണ് ദുബായിൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യൻ നാഷണൽ മുവെ തായ് ചാമ്പ്യൻഷിപ്പിൽ ആറ് തവണ ചാമ്പ്യനാണ് ഷുഹൈബ്. ഈ ചാമ്പ്യൻഷിപ്പ് തന്‍റെ കരിയറിൽ നിർണ്ണായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഷുഹൈബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പിന്തുണയും സൗകര്യങ്ങളും ലഭിക്കുന്നു. ബോക്സിംഗ് റിംഗിൽ ഇന്ത്യൻ ദേശീയഗാനം ആലപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ പ്രളയത്തില്‍ സർവ്വവും നഷ്ടപ്പെട്ടവർക്കുളള ആദരമായിരിക്കും തന്‍റെ വിജയമെന്നാണ് ഷുഹൈബിന്‍റെ ഇടിക്കൂട്ടിലെ എതിരാളിയായ പാക് താരം ഷക്കീല്‍ അബ്ദുളള ചാന്‍റിയോ പറയുന്നത്. ചാമ്പ്യന്‍ഷിപ്പിലെ പെണ്‍കരുത്തിന്‍റെ പോരാട്ടം തുർക്കിയുടെ ഫുണ്ട അൽകായിസും ചിലെയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയും തമ്മിലാണ്.

സ്പെയിന്‍,റൊമാനിയ,ഉസ്ബെക്കിസ്ഥാന്‍,റഷ്യ,ചിലെ,മൊറോക്കോ, പലസ്തീന്‍, തായ് ലന്‍റ്, ബെല്‍ജിയം,സിറിയ,പോർച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.

നിക്കോസിയ: ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ആഴ്‌സനലിനും യൂറോപ്പ ലീഗിൽ വിജയം. യുണൈറ്റഡ് സൈപ്രസ് ക്ലബ് ഒമോണിയയെയും ആഴ്‌സനല്‍ നോർവീജിയൻ ക്ലബ് എഫ്കെ ബോഡോ ഗ്ലിംറ്റിനെയുമാണ് പരാജയപ്പെടുത്തിയത്.

ഒമോണിയയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എല്ലാ സൂപ്പർസ്റ്റാറുകളും പങ്കെടുത്ത മത്സരത്തിൽ റെഡ് ഡെവിൾസ് 3-2 ന് ദുർബലരായ ഒമോണിയയെ പരാജയപ്പെടുത്തി. മാർക്കസ് റാഷ്ഫോർഡ് രണ്ട് ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിന്‍റെ 34-ാം മിനിറ്റിൽ യുണൈറ്റഡിനെ ഞെട്ടിച്ച് ഒമോണിയയുടെ കരീം അൻസാരി ഫാർഡ് ടീമിനായി വലകുലുക്കി. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഒമോണിയക്ക് സാധിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ റാഷ്ഫോർഡും ആന്‍റണി മാർഷ്യലും പകരക്കാരായി ഇറങ്ങിയതോടെ കളി മാറി. മത്സരത്തിന്‍റെ 53-ാം മിനിറ്റിലും 84-ാം മിനിറ്റിലുമാണ് റാഷ്ഫോർഡ് ഗോൾ നേടിയത്. 63-ാം മിനിറ്റിൽ മാർഷ്യൽ ഗോൾ നേടി. ഇതോടെ യുണൈറ്റഡ് 3-1ന് മുന്നിലെത്തി. എന്നാൽ 85-ാം മിനിറ്റിൽ ഒമോണിയ ഒരു മറുപടി ഗോൾ നേടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി യുണൈറ്റഡ് ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. മൂന്ന് ജയങ്ങളുമായി റയൽ സോസിഡാഡ് ഒന്നാം സ്ഥാനത്താണ്.

ന്യൂയോര്‍ക്ക്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം റഹ്കിം കോണ്‍വാള്‍ ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ചു. ടി20യിൽ ഡബിൾ സെഞ്ചുറി നേടിയാണ് അദ്ദേഹം ചരിത്രം കുറിച്ചത്. അമേരിക്കയിൽ നടന്ന അറ്റ്ലാന്റ ഓപ്പണ്‍ ടി20 ടൂർണമെന്റിലാണ് കോണ്‍വാള്‍ ഇരട്ട സെഞ്ചുറി നേടിയത്.

77 പന്തിൽ നിന്ന് 205 റൺസാണ് കോണ്‍വാള്‍ നേടിയത്. 22 സിക്സും 17 ഫോറും അദ്ദേഹം പറത്തി. 266.23 ആണ് സ്ട്രൈക്ക് റേറ്റ്. അറ്റ്ലാന്റ ഫയര്‍-സ്‌ക്വയര്‍ ഡ്രൈവ് മത്സരത്തിനിടെയാണ് ഈ അപൂർവ നിമിഷത്തിന് ലോകം സാക്ഷ്യം വഹിച്ചത്.

ആദ്യം ബാറ്റ് ചെയ്ത അറ്റ്ലാന്റ ഫയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. പുറത്താകാതെ 205 റൺസ് നേടിയ കോൺവാൾ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്ക്വയർ ഡ്രൈവിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമാണ് നേടാനായത്. അറ്റ്ലാന്റ ഫയർ 172 റൺസിന് വിജയിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്‍റെ അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 30 റൺസ് വേണ്ടിയിരുന്ന നിർണായക ഘട്ടത്തിൽ, ആവേശം ദക്ഷിണാഫ്രിക്കൻ ക്യാംപിനായിരുന്നു. എന്നാൽ താബ്രിസ് ഷാംസിയെ നേരിടാൻ സഞ്ജു സാംസൺ ക്രീസിൽ നിന്നപ്പോൾ അവർക്ക് നെഞ്ചിടിപ്പുമുണ്ടായിരുന്നു. മത്സരം ജയിച്ചെങ്കിലും സഞ്ജു ഒരു പരിധിവരെ ദക്ഷിണാഫ്രിക്കയുടെ ആശങ്കകൾ യാഥാർത്ഥ്യമാക്കുന്ന പ്രകടനമാണ് നടത്തിയത്.

ജയിക്കാൻ 30 റൺസ് വേണ്ട അവസാന ഓവറിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 20 റൺസാണ് സഞ്ജു നേടിയത്. 63 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 86 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തിന് ശേഷം സഞ്ജുവിന്‍റെ പ്രകടനത്തെ പ്രശംസിച്ചു മുന്നോട്ട് വന്നിരിക്കുകയാണ് മുൻ താരങ്ങൾ.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഇർഫാൻ പഠാൻ, ആർ പി സിംഗ്, മുഹമ്മദ് കൈഫ് തുടങ്ങിയവർ സഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. സഞ്ജുവിന്‍റെ പ്രകടനത്തെ വളരെ ഉയർന്ന നിലവാരമുള്ള ഇന്നിംഗ്സ് എന്നാണ് സെവാഗ് പ്രശംസിച്ചത്. കൈയടി അർഹിക്കുന്ന ഇന്നിംഗ്സാണ് സഞ്ജു കളിച്ചതെന്ന് കൈഫും ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടൂർണമെന്‍റായ സന്തോഷ് ട്രോഫി ഇന്ത്യക്ക് പുറത്തേക്ക്. അടുത്ത വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ സൗദി അറേബ്യയിൽ നടന്നേക്കും. അങ്ങനെ സംഭവിച്ചാൽ ചരിത്രത്തിലാദ്യമായാകും വിദേശ മണ്ണിൽ സന്തോഷ് ട്രോഫി നടക്കുക.

സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ നടത്തുന്നതിനുള്ള സാധ്യത പഠിക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സൗദി ഫുട്ബോൾ അധികൃതരുമായി ധാരണാപത്രം ഒപ്പിട്ടു. കരാർ പ്രകാരം അടുത്ത ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്‍റ് നടക്കുക.

1941 ലാണ് സന്തോഷ് ട്രോഫി ആരംഭിച്ചത്. ആകെ 12 ടീമുകളാണ് സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. യോഗ്യതാ റൗണ്ടിൽ വിജയിച്ച 10 സംസ്ഥാന ടീമുകൾക്കൊപ്പം റെയിൽവേ, സർവീസസ് ടീമുകളും ഉണ്ടാകും.

കൊച്ചി: ഐഎസ്എല്ലിൻ്റെ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.

കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ 12 പേർ പുതുമുഖങ്ങളാണ്. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. ജെസെല്‍ കര്‍ണെയ്‌റോയുടെ നേതൃത്വത്തിലുള്ള 27 അംഗ ടീമിൽ ഏഴ് മലയാളി താരങ്ങളാണുള്ളത്.

ഇവാൻ വുക്കോമനോവിച്ചിന്‍റെ പരിശീലനത്തിലാണ് ടീം. കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക്‌ തിരിച്ചെത്തുന്നത്.

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറിൽ 250 റൺസ് നേടിയിരുന്നു.

ഡേവിഡ് മില്ലർ (75*), ഹെന്‍റിച്ച് ക്ലാസൻ (74*) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യർ (50), ശർദ്ദുൽ താക്കൂർ (33) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഏകദിനത്തിൽ സഞ്ജുവിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്.

മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശുഭ്മാൻ ഗിൽ (3), ശിഖർ ധവാൻ (4) എന്നിവരെ വെറും എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാഡ, വെയ്ൻ പാർനെൽ എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20). ഋതുരാജ് 42 പന്തുകൾ നേരിട്ടു. 37 പന്തുകളാണ് കിഷൻ നേരിട്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തിൽ 86) അവസാനം വരെ പൊരുതിയെങ്കിലും ഇന്ത്യക്ക് തോല്‍വി. ലഖനൗ ഏകനാ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 40 ഓവറിൽ 250 റൺസ് നേടിയിരുന്നു.

ഡേവിഡ് മില്ലർ (75*), ഹെന്‍റിച്ച് ക്ലാസൻ (74*) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യർ (50), ശർദ്ദുൽ താക്കൂർ (33) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ഏകദിനത്തിൽ സഞ്ജുവിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്.

മോശം തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശുഭ്മാൻ ഗിൽ (3), ശിഖർ ധവാൻ (4) എന്നിവരെ വെറും എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് നഷ്ടമായി. കഗിസോ റബാഡ, വെയ്ൻ പാർനെൽ എന്നിവർ വിക്കറ്റുകൾ വീഴ്ത്തി. ഋതുരാജ് ഗെയ്ക്വാദ് (19), ഇഷാൻ കിഷൻ (20). ഋതുരാജ് 42 പന്തുകൾ നേരിട്ടു. 37 പന്തുകളാണ് കിഷൻ നേരിട്ടത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.

പാരിസ്: ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അർജന്റീന സൂപ്പര്‍ താരം ലയണൽ മെസി. അർജന്റീനയിലെ സ്പോർട്സ് റിപ്പോർട്ടർ സെബാസ്റ്റ്യന്‍ വിഗ്നോളോയുമായി നടത്തിയ സംഭാഷണത്തിലാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. “ഇത് എന്റെ അവസാന ലോകകപ്പാണ്, ഞാൻ ഇതിനകം തന്നെ ആ തീരുമാനം എടുത്തിട്ടുണ്ട്,” മെസി പറഞ്ഞു.

“ലോകകപ്പ് വരെയുള്ള ദിവസങ്ങൾ ഞാൻ എണ്ണുകയാണ്. സത്യം എന്തെന്നാൽ, അൽപം ഉത്കണ്ഠയുണ്ട്. ഇതെന്റെ അവസാനത്തേതാണ്. എങ്ങനെ പോകണമെന്നും എന്ത് സംഭവിക്കുമെന്നും എനിക്കറിയില്ല. ഒരു വശത്ത്, ലോകകപ്പ് എത്രയും വേഗം നടത്തണമെന്ന് ആഗ്രഹിക്കുന്നു. അത് നന്നായി നടക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ (അർജന്റീന ടീം) ഒരു നല്ല നിലയിലാണ്. ശക്തമായ ടീമാണ്. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. ഓരോ മത്സരവും ദുഷ്കരമാണ്, അതാണ് ഒരു ലോകകപ്പിനെ സവിശേഷമാക്കുന്നത്. കാരണം എല്ലായ്‌പ്പോഴും ഫേവറിറ്റുകളല്ല വിജയിക്കുന്നത്.”

തുടർച്ചയായി 35 മൽസരങ്ങളാണ് അർജന്റീന തോൽവിയില്ലാതെ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം ബ്രസീലിനെ തോൽപ്പിച്ചാണ് മെസിയും സംഘവും കോപ്പ അമേരിക്ക കിരീടം ചൂടിയത്.

കാഠ്മണ്ഡു: നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചാനെ 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. ഓഗസ്റ്റിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് താരം തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയായിരുന്ന താരത്തെ വെസ്റ്റ് ഇൻഡീസിൽ നിന്ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 21ന് കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വച്ച് സന്ദീപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയതിനെ തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് സന്ദീപ് പെണ്‍കുട്ടിയുമായി സമ്പർക്കം പുലർത്തിയത്.

നേപ്പാൾ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പുറപ്പെടുന്നതിന്‍റെ തലേദിവസമാണ് സന്ദീപ് പെണ്‍കുട്ടിയോട് തന്നോടൊപ്പം യാത്ര ചെയ്യാൻ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് 21ന് രാത്രി എട്ട് മണിയോടെ ഹോസ്റ്റൽ അടച്ചതിനാൽ പെൺകുട്ടി കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ താമസിക്കാൻ നിർബന്ധിതയായി. ഈ സമയത്താണ് താരം പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് ആരോപണം.

ഇതേ തുടർന്ന് 22 കാരനായ ലാമിച്ചാനെയെ നേപ്പാളിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കി. 2018 ൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ ഭാഗമായിരുന്നു ലാമിച്ചാനെ. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും ലാമിച്ചാനെ ആരോപിച്ചു.

ജിദ്ദ: അടുത്ത മാസം ഖത്തറിൽ ആരംഭിക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്ത നിരവധി പേരുണ്ടാകും. എന്നാൽ ഖത്തറിന്‍റെ അയൽരാജ്യമായ സൗദി അറേബ്യയിൽ നിന്നുള്ള ഒരാൾ കാൽനടയായാണ് ലോകകപ്പിന് എത്തുക. 33 കാരനായ അബ്ദുല്ല അൽസുൽമി ജിദ്ദയിൽ നിന്ന് 1,600 കിലോമീറ്റർ നടന്നാണ് ഖത്തറിൽ ലോകകപ്പ് കാണാൻ എത്തുക.

ജിദ്ദയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് കാൽനടയായി രണ്ട് മാസം കൊണ്ടാണ് ലോകകപ്പ് കാണാൻ അൽസുൽമി എത്തുക. അൽസുൽമി തന്‍റെ കാല്‍നടയാത്ര സ്നാപ്ചാറ്റിലെ ആയിരക്കണക്കിന് ഫോളോവേഴ്സിനായി വീഡിയോയായി റെക്കോർഡ് ചെയ്യുന്നുമുണ്ട്. സൗദി, ഖത്തർ പതാകകൾ തുന്നിക്കെട്ടിയ ബാക്ക് പാക്കും തലയിൽ വൃത്താകൃതിയിലുള്ള തൊപ്പിയും ധരിച്ച അൽസുൽമി കഴിഞ്ഞയാഴ്ച 340 കിലോമീറ്റർ പൂർത്തിയാക്കിയിരുന്നു.

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30ന് കൊച്ചിയിൽ വെച്ചാണ് പോരാട്ടം. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം നേടുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. മറുവശത്ത് ഈസ്റ്റ് ബംഗാളിന് കഴിഞ്ഞ സീസണിലെ നാണക്കേട് മറക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ഐഎസ്എല്ലിൽ ഒരു മത്സരം മാത്രം ജയിച്ചാണ് ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്. എന്നാൽ ഇത്തവണ അതാകില്ല അവസ്ഥയെന്ന് ഈസ്റ്റ് ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ പറഞ്ഞു. മുൻ ഇന്ത്യൻ പരിശീലകൻ കൂടിയായ കോൺസ്റ്റന്റൈൻ ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

‘കഴിഞ്ഞ സീസണിലോ അതിനു മുമ്പത്തെ സീസണിലോ സംഭവിച്ചത് എനിക്ക് മാറ്റാൻ കഴിയില്ല, പക്ഷേ നടക്കാൻ പോകുന്ന കാര്യങ്ങൾ എനിക്ക് മാറ്റാൻ കഴിയും. ഞങ്ങൾക്ക് തയ്യാറെടുക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ. പക്ഷേ എല്ലാവരും ഇതിനകം അങ്ങേയറ്റം കഠിനാധ്വാനം ചെയ്തു. ഞങ്ങൾ എല്ലാം കൊണ്ടും തികഞ്ഞ ടീമല്ല, പക്ഷേ വെള്ളിയാഴ്ച ഞങ്ങൾ കളത്തിലിറങ്ങുന്നത് തോൽക്കാൻ അല്ല, സീസണിൽ അവസാനം ഫിനിഷ് ചെയ്യിക്കാനുമല്ല ഞാൻ ഈസ്റ്റ് ബംഗാളിലേക്ക് വന്നത്’ കോൺസ്റ്റന്‍റൈൻ പറഞ്ഞു.

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം നേടിയത്. 25.10 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഈ വർഷത്തെ ദേശീയ ഗെയിംസിൽ സജന്റെ മൂന്നാമത്തെ സ്വർണവും ആറാമത്തെ മെഡലുമാണിത്.

തമിഴ്നാടിന്റെ രോഹിത് ബെനിട്ടൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടി. ഹരിയാനയുടെ സരോഹ ഹാർഷാണ് വെങ്കലം നേടിയത്.

പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സജന്‍ പ്രകാശ് വെങ്കല മെഡൽ നേടിയിരുന്നു. 8:12.55 സെക്കൻഡിൽ സജൻ ഫിനിഷ് ചെയ്തു. മദ്ധ്യപ്രദേശിന്റെ അദ്വൈത് പാഗേയാണ് സ്വർണം നേടിയത്. ഗുജറാത്തിന്റെ ആര്യൻ നെഹ്റ വെള്ളി മെഡൽ നേടി.

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിന്റെ സജന്‍ പ്രകാശ് മൂന്നാം സ്വർണം നേടി. പുരുഷൻമാരുടെ 50 മീറ്റർ ബീസ്റ്റ് സ്ട്രോക്ക് ഇനത്തിലാണ് സജന്‍ സ്വർണം നേടിയത്. 25.10 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഈ വർഷത്തെ ദേശീയ ഗെയിംസിൽ സജന്റെ മൂന്നാമത്തെ സ്വർണവും ആറാമത്തെ മെഡലുമാണിത്.

തമിഴ്നാടിന്റെ രോഹിത് ബെനിട്ടൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടി. ഹരിയാനയുടെ സരോഹ ഹാർഷാണ് വെങ്കലം നേടിയത്.

പുരുഷൻമാരുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ഇനത്തിൽ സജന്‍ പ്രകാശ് വെങ്കല മെഡൽ നേടിയിരുന്നു. 8:12.55 സെക്കൻഡിൽ സജൻ ഫിനിഷ് ചെയ്തു. മദ്ധ്യപ്രദേശിന്റെ അദ്വൈത് പാഗേയാണ് സ്വർണം നേടിയത്. ഗുജറാത്തിന്റെ ആര്യൻ നെഹ്റ വെള്ളി മെഡൽ നേടി.

ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി.

കേരളം-75 (ജീന പിഎസ് 23, അനീഷ ക്ലീറ്റസ് 23), മധ്യപ്രദേശ്-62(ദിവ്ഗാനി ഗാങ്വാള്‍17,രാജ്വി ദേശായി16,യാഷിക സിംഗ്ല12). സ്‌കോര്‍: (23-9,10-23,21-15,21-15)

ലഖ്‌നൗ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം 40 ഓവറാക്കി ചുരുക്കി. രണ്ട് മണിക്കൂറോളം മഴ മൂലം മത്സരം തടസപ്പെട്ടതോടെയാണ് 10 ഓവർ വെട്ടിച്ചുരുക്കിയത്. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു.

ടോസ് ഒരു മണിക്ക് ഇടേണ്ടതായിരുന്നു. എന്നാൽ, മഴ കാരണം ഉച്ചകഴിഞ്ഞ് 3.30നാണ് ടോസ് ഇടാനായത്. ലക്നൗ ഏകദിനത്തിലൂടെ രണ്ട് താരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഋതുരാജ് ഗയ്ക്‌വാദും രവി ബിഷ്‌ണോയിയുമാണ് ഇന്ത്യക്കായി ആദ്യമായി ഏകദിനം കളിക്കാൻ ഇറങ്ങിയത്.

ലഖ്‌നൗ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ലഖ്നൗവിൽ നടക്കുന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മഴ.

ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്ക് നടത്താനിരുന്ന ടോസ് അരമണിക്കൂർ വൈകി ഉച്ചയ്ക്ക് 1.30ന് മാത്രമായിരിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. നേരത്തെ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്.

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. ബുംറയ്ക്ക് പകരക്കാരനില്ലാതെയാണ് ഇന്ത്യൻ ടീം പറന്നുയർന്നത്.

2007ൽ ആദ്യമായി ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇന്ത്യ ടി20 ചാമ്പ്യൻമാരായിട്ടില്ല. രോഹിത്തിനും രാഹുൽ ദ്രാവിഡിനും കീഴിൽ ഇന്ത്യക്ക് കിരീടം ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതാദ്യമായാണ് ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. 

പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അപൂർവ റെക്കോർ‍ഡ് സ്വന്തമാക്കി ലയണൽ മെസ്സി. ലീഗിൽ 40 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണു മെസ്സിയുടെ പേരിലായത്. ബെൻഫിക്കയ്ക്കെതിരെ പിഎസ്ജിക്കായി ഗോൾ നേടിയതോടെയാണ് മെസ്സിയുടെ ഈ നേട്ടം.

22-ാം മിനിറ്റിലാണ് മെസി ഗോൾ നേടിയത്. 41-ാം മിനിറ്റിൽ പി.എസ്.ജിയുടെ ദനിലോ പെരേരയുടെ സെൽഫ് ഗോളിൽ ബെൻഫിക സമനില പിടിച്ചു. നിലവിൽ ചാംപ്യൻസ് ലീഗ് കളിക്കാനില്ലാത്ത പോർച്ചുഗൽ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗില്‍ 38 ടീമുകൾക്കെതിരെയാണു ഗോൾ നേടിയിട്ടുള്ളത്.

എന്നാൽ ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോ ഇപ്പോഴും മുന്നിലാണ്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ 140 ഗോളുകൾ നേടിയിട്ടുണ്ട്. 127 ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് മെസിയുടെ പേരിലുള്ളത്.

ഇന്‍ഡോര്‍: ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം ഇക്കുറി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തുണച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ രോഹിത് മോശം റെക്കോർഡിലേക്ക് വഴുതി വീണു. ടി20യിൽ 10 തവണ പൂജ്യത്തിന് പുറത്തായ ആദ്യ ഇന്ത്യൻ താരമാണ് രോഹിത് ശർമ. കെഎൽ രാഹുലും വിരാട് കോഹ്ലിയും ഇക്കാര്യത്തിൽ രോഹിത് ശർമയെക്കാൾ ബഹുദൂരം പിന്നിലാണ്. രാഹുൽ അഞ്ച് തവണയും കോഹ്ലി നാല് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ഇൻഡോറിൽ കഗിസോ റബാദയാണ് രോഹിത് ശർമയെ പുറത്താക്കിയത്. ഹിറ്റ്മാൻ രണ്ട് പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. ടി20 ക്രിക്കറ്റിൽ ഇത് 43-ാം തവണയാണ് രോഹിത് ശർമ ഒറ്റ അക്ക സ്കോറിൽ പുറത്താകുന്നത്. രോഹിതിനെ പുറത്താക്കിയതോടെ റബാഡ തകർപ്പൻ റെക്കോർഡാണ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ രോഹിത് ശർമ്മയെ പുറത്താക്കിയ ബൗളർമാരുടെ പട്ടികയിൽ ന്യൂസിലൻഡ് പേസർ ടിം സൗത്തിക്കൊപ്പം റബാദയും ഇടംപിടിച്ചു. രോഹിതിനെ 11 തവണ വീതം ഇരുവരും പുറത്താക്കിയിട്ടുണ്ട്. 

മത്സരത്തിൽ ഇന്ത്യ 49 റൺസിന് തോറ്റെങ്കിലും പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടി, റിലി റൂസോ (48 പന്തിൽ 100), ക്വിന്‍റൺ ഡി കോക്ക് (43 പന്തിൽ 68), ഡേവിഡ് മില്ലർ (5 പന്തിൽ 19*) എന്നിവരാണ് സ്കോർ ചെയ്തത്. ദീപക് ചഹറും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178 റൺസിന് ഓൾ ഔട്ടായി.

ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49
റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റിലി റൂസ്സോ സെഞ്ചുറിയും ക്വിന്റൺ ഡി കോക് അർദ്ധ സെഞ്ചുറിയും നേടി. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് കാലിടറിയതാണ് തിരിച്ചടിയായത്. 46 റൺസ് നേടിയ ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്കോറെർ.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടി20യിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ക്വിന്‍റൺ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 36 റൺസ് നേടിയപ്പോഴാണ് ഡികോക്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യിൽ 2000 റൺസ് തികച്ച ആദ്യ പ്രോട്ടീസ് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറാണ്. ഗുവാഹത്തിയിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിനിടെയാണ് മില്ലർ ഈ നേട്ടം കൈവരിച്ചത്.

ഇൻഡോറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംങ്ങിൽ തിളങ്ങാനാകാത്ത തെംബാ ബാവുമയെ പേസര്‍ ഉമേഷ് യാദവ് പുറത്താക്കി. എട്ട് പന്തിൽ മൂന്ന് റൺസ് മാത്രമാണ് ബവുമ നേടിയത്.

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയിൽ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കേരള ടീം ദേശീയ ഗെയിംസിന്‍റെ സെമി ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടന്ന ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ 3-1ന് തോൽപ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഒഡീഷയേയും തോൽപ്പിച്ച കേരളം ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ പ്രവേശിച്ചു.

കേരളത്തിനായി 51, 64 മിനിറ്റുകളില്‍ വിഘ്നേഷ് സ്‌കോര്‍ ചെയ്തപ്പോള്‍ 78-ാം മിനിറ്റില്‍ അജീഷിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. വ്യാഴാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളം മണിപ്പൂരിനെ നേരിടും.

അതേസമയം, അത്ലറ്റിക്സിൽ ചൊവ്വാഴ്ച കേരളം ഒരു മെഡൽ കൂടി നേടി. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ആരതി വെള്ളി നേടി. ആരതി 58:57 സെക്കൻഡിൽ ഫിനിഷ് ചെയ്തു. തമിഴ്നാടിന്‍റെ വിത്യ രാമരാജ് 57:57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി.

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് മുന്നേറി. ബാറ്റര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ താരം ഇടം നേടി. ഏഷ്യാ കപ്പിൽ എട്ടാം സ്ഥാനത്താണ് ജെമിമ ഫിനിഷ് ചെയ്തത്.

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 75 റൺസാണ് ജെമിമ നേടിയത്. യുഎഇക്കെതിരെ 76 റൺസും നേടി. 641 റേറ്റിംഗ് പോയിന്‍റുകളാണ് താരം നേടിയത്. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെമിമയുടെ നേട്ടം.

ഇതോടെ ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. സ്മൃതി മന്ദാന, ഷഫാലി വർമ്മ എന്നിവരാണ് യഥാക്രമം മൂന്നും ഏഴും സ്ഥാനങ്ങളിൽ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പതിമൂന്നാം സ്ഥാനത്താണ്. ഏറ്റവും പുതിയ പട്ടികയിൽ ഹർമൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. 

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് മൂന്നാം മെഡൽ നേടി. പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയില്‍ സജൻ വെള്ളി മെഡൽ നേടി. 4:30.09 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്.

4:28.91 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മധ്യപ്രദേശിലെ അദ്വൈത പാഗെ സ്വർണം നേടിയത്. ഈ ഇനത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അദ്വൈത സ്വർണ്ണ മെഡൽ നേടിയത്. അരവിന്ദ് സ്ഥാപിച്ച 4:37.75 സെക്കൻഡിന്‍റെ റെക്കോർഡാണ് അദ്വൈത മറികടന്നത്. ഗുജറാത്തിന്‍റെ ആര്യൻ നെഹ്റ 4:31.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി.

ചൊവ്വാഴ്ച പുരുഷന്‍മാരുടെ ഖോ ഖോയില്‍ കേരളം വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റതോടെ കേരളത്തിന്‍റെ വിജയം വെള്ളിയിലേക്ക് ചുരുങ്ങി. സ്കോർ: 30-26.

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. യു.എ.ഇ വനിതകളെ 104 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു.

ജെമീമ റോഡ്രിഗസ് (45 പന്തിൽ പുറത്താകാതെ 75), ദീപ്തി ശർമ (49 പന്തിൽ 64) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 74 റൺസെടുത്തു. രാജേശ്വരി ഗെയ്ക്വാദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദയാലൻ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി.

54 പന്തിൽ 30 റൺസെടുത്ത കവിഷ എഗോഡേജാണ് യു.എ.ഇയുടെ ടോപ് സ്കോറർ. ഖുഷി ശർമ്മ 29 റൺസെടുത്തു. തീർത്ഥ സതീഷ് (1), ഇഷ ഓസ (4), നടാഷ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഛായ മുഗൾ (6) കവിഷയ്ക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. 19 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അതും 4.2 ഓവറിൽ. റിച്ച ഘോഷ് (0), സബിനേനി മേഘ്ന (10), ദയാലൻ ഹേമലത (2) എന്നിവരാണ് മടങ്ങിയത്.

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ നേരിടും. രാത്രി 12.30ന് ഇന്‍ററിന്റെ ഗ്രൗണ്ടിലാണ് മത്സരം. റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടുകളിലേക്കാണ് ബാഴ്സ ഉറ്റുനോക്കുന്നത്.

അർജന്‍റീനിയൻ സ്ട്രൈക്കർ ലൗട്ടാറോ മാർട്ടിനസിന്‍റെ പരിക്ക് ഇന്ററിന് തിരിച്ചടിയായേക്കും. ബാഴ്സയെ പോലെ ഒരു കളി തോറ്റതിനാൽ ഇന്‍ററിനും ഈ മത്സരം നിർണായകമാണ്. രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള ബയേൺ വിക്ടോറിയ പ്ലാസനെ നേരിടും. ഇന്‍ററിനോടും ബാഴ്സയോടും തോറ്റ വിക്ടോറിയയ്ക്ക് ബയേണിനെ തടഞ്ഞ് നിർത്തുക എളുപ്പമാകില്ല. 

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26.

വനിതകളുടെ ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളിൽ കേരളം സെമിയിൽ കടന്നു. 95-54 എന്ന സ്കോറിനാണ് തമിഴ്നാടിനെ തോൽപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ കേരളം മഹാരാഷ്ട്രയെ നേരിടും.

അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് ഒരു വെള്ളി കൂടി ലഭിച്ചു. വനിതകളുടെ ഭാരോദ്വഹനത്തിൽ കേരളത്തിന്‍റെ ആൻ മരിയ വെള്ളി മെഡൽ നേടി. 87 പ്ലസ് കിലോഗ്രാം വിഭാഗത്തിലാണ് ആൻ മരിയ വെള്ളി നേടിയത്.

ആകെ 211 കിലോ ഉയര്‍ത്തിയ ആന്‍ മരിയ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്‌നാച്ചില്‍ 90 കിലോ ഉയര്‍ത്തിയ ആന്‍ മരിയ, ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 121 കിലോ ഉയര്‍ത്തി വെള്ളിമെഡല്‍ ഉറപ്പിച്ചു.

ഉത്തർ പ്രദേശിന്‍റെ പൂർണിമ പാണ്ഡെയാണ് സ്വർണം നേടിയത്. 215 കിലോഗ്രാം ഉയര്‍ത്തിയാണ് പൂർണിമ സ്വർണം നേടിയത്.

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

സ്വന്തമായി സ്റ്റേഡിയമില്ലാത്തതിലെ പ്രതിസന്ധിയും, തിരുവനന്തപുരത്ത് ഇന്ത്യ– ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ മറികടക്കേണ്ടി വന്ന വെല്ലുവിളികളുമാണ് ഈ നീക്കത്തിനു പിന്നില്‍. കെസിഎ 15 വർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുന്ന തിരുവന്തപുരം കാര്യവട്ടത്തെ സ്റ്റേഡിയത്തിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക മല്‍സര നടത്തിപ്പില്‍ കെസിഎയ്ക്ക് വലിയ പ്രതിസന്ധികളായിരുന്നു നേരിടേണ്ടി വന്നത്.

മൂന്നര വര്‍ഷം കൊണ്ട് സ്റ്റേഡിയം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥലം കണ്ടെത്തുന്നതിനായി ഉടന്‍ പത്രപരസ്യം നല്‍കും. സ്വന്തമായി സ്റ്റേഡിയമായാല്‍ കേരളത്തിന് ഒരു ടെസ്റ്റ് ക്രിക്കറ്റ് വേദി നേടിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നു ജയേഷ് ജോര്‍ജ് പറഞ്ഞു.

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ് വെള്ളി നേടിയത്.

6.33 മീറ്ററാണ് നയനയുടെ കുതിപ്പ്. 2017 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നയന വെങ്കല മെഡൽ നേടിയിരുന്നു. അതേസമയം, മറ്റൊരു മെഡൽ പ്രതീക്ഷയായ അൻസി സോജൻ നിരാശയോടെ മടങ്ങി.

ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45. കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ എം.എസ് മെഡൽ നേടിയിരുന്നു.