നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 12

Spread the love

സൂര്യകാന്തി

മൂന്നാം യാമത്തിൽ കാളിയാർ മഠത്തിലെ നാഗത്താൻ കാവിലേക്കുള്ള പടവുകളിലൂടെ ധൃതിയിൽ ഇഴഞ്ഞു നീങ്ങുകയായിരുന്നു കുഞ്ഞു കരി നാഗം… പൊടുന്നനെയാണ് മുൻപിൽ ആ രൂപം പ്രത്യക്ഷമായത്.. കുഞ്ഞു കരിനാഗം ഞെട്ടിയെന്ന പോലെ ശിരസ്സുയർത്തി.. പത്തി വിടർന്നു.. തൊട്ടു മുൻപിലെ കറുത്ത കൂറ്റൻ നാഗത്തിന്റെ ശിരസ്സ് സുന്ദരിയായ ഒരു സ്ത്രീയുടേതായിരുന്നു… ഉടൽ നാഗത്തിന്റെയും..ആ നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. മഴവിൽ കൊടി പോലുള്ള പുരികങ്ങൾക്കിടയിൽ കറുത്ത നിറത്തിൽ നാഗരൂപം.. മനോഹരമായ ചെഞ്ചൊടികളിൽ തെളിഞ്ഞത് ആരെയും മയക്കുന്ന പുഞ്ചിരിയായിരുന്നു…

നാഗരക്ഷസ്സ്… അത്‌ കുഞ്ഞു നാഗത്തിന് നേർക്കു നീങ്ങാൻ തുടങ്ങിയതും കരിനാഗത്തറയിൽ നിന്നും ഒരു സീൽക്കാരം കേട്ടു.. കരിനാഗത്തറയിൽ അഞ്ചു തലയുള്ള വെള്ളിനാഗം പത്തി വിടർത്തിയാടുന്നുണ്ടായിരുന്നു.. നിലാവെളിച്ചത്തിൽ ഫണങ്ങളിലെ ത്രിശൂലചിഹ്നങ്ങൾ തിളങ്ങി..മഹാപദ്മനാഗം… ആ കണ്ണുകളിലെ രൗദ്രഭാവം കണ്ടാവാം നാഗരക്ഷസ്സ് പതിയെ ശിരസ്സ് താഴ്ത്തി.. കാവ് തീണ്ടാൻ പാടില്ലെന്ന നിയമം മറി കടന്ന നാഗരക്ഷസിന്റെ ഉടലിൽ അവിടവിടെയായി മുള്ള് കൊണ്ട് പോറിയത് പോലെ ചോര പൊടിഞ്ഞിരുന്നു.. വേദന കൊണ്ട് പുളഞ്ഞ അത്‌ ദയനീയമായി മഹാപദ്മനെ നോക്കി..

പിന്നെ പതിയെ ശിരസ്സ് താഴ്ത്തി നാഗക്കാവിന്റെ അതിർത്തിയിലുള്ള പാലമരക്കൊമ്പിലേക്ക് ഇഴഞ്ഞു നീങ്ങി… കുഞ്ഞു കരിനാഗം മഹാപദ്മനെ പ്രണമിക്കുന്നത് പോലെ ശിരസ്സ് നിലത്ത് ചേർത്തു.. അടുത്ത നിമിഷം നാഗത്തറയിലെ വെള്ളിനാഗം അപ്രത്യക്ഷനായിരുന്നു.. നാഗത്തറയിൽ കുമിഞ്ഞു കൂടിയ കരിയിലകൾ കാറ്റിൽ പാറിപ്പാറക്കുന്നുണ്ടായിരുന്നു … ####### ###### ###### ############ രാവിലെ ഭദ്ര പൂമുഖത്തിരിക്കുമ്പോഴാണ് പടിപ്പുര കടന്നു വരുന്നവരെ കണ്ടത്.. പാറൂട്ടിയോടൊപ്പം സുന്ദരിയായ മറ്റൊരു സ്ത്രീയും… മുണ്ടും നേര്യേതും അണിഞ്ഞിരുന്ന അവരുടെ നിതംബം വരെയെത്തുന്ന ചുരുണ്ട മുടി അഴിച്ചിട്ടിരുന്നു..

കരിമഷിയെഴുതാത്ത വിടർന്ന കണ്ണുകൾക്ക് മുകളിലെ വടിവൊത്ത പുരികങ്ങൾക്കിടയിൽ വലിയ ചുവന്ന വട്ടപൊട്ട്.. നീണ്ടു ലക്ഷണമൊത്ത നാസികത്തുമ്പിൽ വൈഡൂര്യം കണക്കെ തിളങ്ങുന്ന വലിയ കല്ല് മൂക്കുത്തി… അവളെ കണ്ടതും പൂമുഖത്തേക്ക് കയറിയ പാറൂട്ടിയുടെ മുഖം മങ്ങി.. പക്ഷെ കൂടെയുള്ള സ്ത്രീ അവളെ നോക്കി ചിരിച്ചു.. “ഭദ്രയല്ലേ.. പാറൂട്ടി പറഞ്ഞിട്ടുണ്ട്…” ഭദ്ര അവരെ നോക്കി ചിരിച്ചു.. പാറൂട്ടിയെ നോക്കിയെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.. “ഞാൻ അംബിക.. പാർവതിയുടെ അച്ഛൻ പെങ്ങളാണ്…” ഒന്ന് നിർത്തി അകത്തേക്ക് നോക്കി അവർ ചോദിച്ചു.. “ആത്തോലമ്മ ഇല്ല്യേ…?”

ഭദ്ര മറുപടി പറയാൻ തുടങ്ങുന്നതിനു മുൻപേ ശ്രീദേവി പൂമുഖവാതിൽ കടന്നു വന്നിരുന്നു.. “അല്ല ആരിത് അംബികയോ.. എത്രയായി കണ്ടിട്ട്..?” ദേവിയമ്മ വന്നു അവരുടെ കൈ പിടിച്ചു.. അംബിക ചിരിച്ചു.. എന്തൊരു ഭംഗിയാ… ഭദ്ര മനസ്സിൽ പറഞ്ഞു.. പെട്ടെന്ന് അവൾക്ക് അമ്മയെ ഓർമ്മ വന്നു… അവർ സംസാരിക്കുന്നത് നോക്കിയിരുന്നു ഭദ്ര.. ഇടയ്ക്ക് കുറേ തവണ അവൾ പാർവതിയെ നോക്കിയെങ്കിലും ആൾക്ക് ഒരു മൈൻഡും ഇല്ല.. “ആദിയേട്ടൻ എവിടെ അമ്മേ,..?” “അവൻ മുകളിൽ കാണും മോളേ.. ഇനി കൊറച്ചു ദെവസം ക്ലാസ്സില്ല്യാലോ..ഇന്നലെ വൈകുന്നേരം കയറി പോയതാ..

അത്താഴം കഴിച്ചിട്ടൂല്ല്യാ ഇന്നീ നേരം വരെ താഴോട്ട് ഇറങ്ങി വന്നിട്ടൂല്ല്യാ..” “ആഹാ വീണ്ടും അത്താഴപട്ടിണി തൊടങ്ങിയോ.. ശരിയാക്കി കൊടുക്കണുണ്ട് ഞാൻ…” ഭദ്രയെ കൂർത്ത ഒരു നോട്ടം നോക്കി ചാരുപടിയിൽ നിന്നും ചാടിയിറങ്ങി ധൃതയിൽ അകത്തേക്ക് നടക്കുന്നതിനിടയിൽ പാർവതി പറഞ്ഞു.. “വേറെ ആര് പറഞ്ഞാൽ കേട്ടില്ല്യെങ്കിലും പാറൂട്ടി പറഞ്ഞാൽ അവൻ കേൾക്കും…” വാത്സല്യത്തോടെ അവൾ പോയ വഴിയേ നോക്കുന്നതിനിടയിലാണ് ശ്രീദേവിയുടെ കണ്ണുകൾ ഭദ്രയിൽ എത്തിയത്.. പുറത്തേക്ക് നോക്കിയിരുന്ന അവളുടെ കണ്ണുകൾ നിറഞ്ഞത് പോലെ തോന്നിയപ്പോൾ അവർ കൂട്ടി ചേർത്തു.. “അവന് ജാനിയും പാറൂട്ടിയും ഒരുപോലെ ആയിരുന്നല്ലോ..”

അംബികയുടെയും ദേവിയമ്മയുടെയും സംസാരത്തിനിടെ ഭദ്ര അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് ആദിത്യനും പാർവതിയും അകത്തു നിന്നും ഇറങ്ങി വരുന്നത് കണ്ടത്… “ദേ ദേവിയമ്മേ കൈയോടെ പിടിച്ചു കൊണ്ടു വന്നിട്ടുണ്ട്.. ഇനി അത്താഴപ്പട്ടിണി കിടക്കില്ല്യാന്നും വാക്ക് തന്നിണ്ട്…” പാറൂട്ടി ആദിത്യന്റെ കൈയിൽ പിടിച്ചു കൊഞ്ചലോടെ പറഞ്ഞത് കേട്ട് ആദിത്യനടക്കം എല്ലാരും ചിരിച്ചു..തന്റെ അരികിലൂടെ മുഖം കുനിച്ചു നടന്നു പോയ ഭദ്രയെ കണ്ടതും ആദിത്യൻ വല്ലാതായിരുന്നു.. അവളുടെ മിഴികൾ തുളുമ്പിയത് അയാൾ കണ്ടിരുന്നു…

റൂമിലെത്തി ജനൽകമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു ഭദ്ര.. നാഗത്താൻ കാവിലെ പടുകൂറ്റൻ മരങ്ങളുടെ ചില്ലയിലൂടെ ഒഴുകിയെത്തിയ കാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നു.. ചെമ്പകത്തിന്റെയും ഇലഞ്ഞിപ്പൂവിന്റെയുമൊക്കെ സുഗന്ധം അവളറിയുന്നുണ്ടായിരുന്നു.. കോളേജിന്റെ ഇടനാഴിയിലെ തൂണിന് പിറകിലായിരുന്നു അവർ… “എന്താണ് രണ്ടു ദിവസമായി ഇത് വീർത്തിരിക്കുന്നത്..? കാണുന്നുണ്ട് ഞാൻ..” ഭദ്രയുടെ വീർത്തിരിക്കുന്ന കവിളിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തിയാണ് ആദിത്യൻ ചോദിച്ചത്… ഭദ്ര അതേ നിൽപ്പ് തുടർന്നു.. “എന്താടോ…?”

അവന്റെ ശബ്ദം ആർദ്രമായിരുന്നെങ്കിലും ഭദ്ര മിണ്ടിയില്ല.. “ദേ പെണ്ണേ ഞാൻ എന്റെ പാട്ടിനു പോവും.. തിരക്കിനിടയിൽ നിന്നെ കാണാൻ വേണ്ടി ഓടിപ്പിടച്ചു വന്നതാണ് ഞാൻ..” “ഓ.. നമ്മൾക്ക് വേണ്ടി മാറ്റി വെക്കാനുള്ള സമയമൊക്കെ കോളേജ് ചെയർമാൻ ആദിനാരായണനുണ്ടോ..?” ഭദ്രയുടെ സ്വരത്തിലെ പരിഭവം കേട്ട് ചിരിയോടെ ഇടതു കൈ അവളുടെ ഒരുവശത്തായി തൂണിൽ ചേർത്ത് വെച്ചു ആദിത്യൻ ഭദ്രയുടെ മുഖം പിടിച്ചുയർത്തി.. “ഭദ്രകാളി കലിപ്പിലാണല്ലോ.. എന്താണ് കാര്യം..?” “നിങ്ങളെന്തിനാ മനുഷ്യാ ആ പെണ്ണിനോട് കൊഞ്ചാൻ നിൽക്കണത്..?” പെട്ടെന്നായിരുന്നു അവൾ ചോദിച്ചത്.. “പെണ്ണോ.. ഏത് പെണ്ണ്..?” “ആ സ്വാതി.. ആർട്സ് ക്ലബ്‌ സെക്രട്ടറി..”

ആദിത്യൻ ഒരു നിമിഷം അവളെ തന്നെ നോക്കി മിഴിച്ചു നിന്നു.. പിന്നെ പൊട്ടിച്ചിരിച്ചു.. ഭദ്ര അവന്റെ കൈ തട്ടി മാറ്റി പോവാൻ ശ്രെമിച്ചെങ്കിലും ആദിത്യൻ മാറിയില്ല.. “എന്റെ പൊട്ടിക്കാളി.. ഞാൻ കോളേജ് ചെയർമാനാണ്.. അവൾ ആർട്സ് ക്ലബ്‌ സെക്രട്ടറി.. പോരാത്തതിന് എന്റെ ക്ലാസ്സ്‌ മേറ്റും.. എന്തൊക്കെ കാര്യങ്ങളുണ്ട് ഞങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ..” ഭദ്ര ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു തന്നെ നിന്നു.. ആദിത്യന്റെ പതിഞ്ഞ ചിരി അവളുടെ കാതിൽ എത്തുന്നുണ്ടായിരുന്നു.. “ഇങ്ങനെയൊരു പെണ്ണ്.. ഈശ്വരാ ഈ കുരിശ്ശിനെയാണല്ലോ ഞാനെടുത്ത് തലേൽ വെ..” ആദിത്യൻ മുഴുവൻ ആക്കുന്നതിനു മുൻപേ ഇടനെഞ്ചിൽ ഇടി കിട്ടിയിരുന്നു..

നിമിനേരം കൊണ്ടവൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു ആ കണ്ണുകളിലേക്ക് നോക്കി..ആദിത്യന്റെ ചുണ്ടുകളിൽ അപ്പോഴും ആ കുസൃതിച്ചിരി ഉണ്ടായിരുന്നു.. ഭദ്ര ചമ്മലോടെ മുഖം താഴ്ത്തി.. പതിയെ പറഞ്ഞു.. “ഇയാൾ.. ഇയാളെന്റെയാ എന്റെ മാത്രം…” ആദിത്യൻ മെല്ലെയാണ് ചോദിച്ചത്.. “എന്താ പറഞ്ഞത്.. ഞാൻ കേട്ടില്ല..” “അങ്ങനെയിപ്പോ കേൾക്കണ്ട…” അടുത്ത നിമിഷം പൊട്ടിച്ചിരിയോടെ ആദിത്യനെ തള്ളിമാറ്റി നീണ്ട ഇടനാഴിയിലൂടെ അവളോടിയിരുന്നു.. ആദിത്യന്റെ ചിരി അപ്പോഴും ഭദ്രയുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു… “എടോ…”

ഭദ്ര മിഴികൾ തുടച്ചു ജനലരികിൽ നിന്നും തിരിഞ്ഞപ്പോഴാണ് വാതിൽക്കൽ ആദിത്യനെ കണ്ടത്.. ആദിത്യൻ അവൾക്കരികെ എത്തിയിട്ടും അവൾ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.. “”താൻ ഫുഡ്‌ ഒന്നും കഴിച്ചില്ലെന്ന് അമ്മ പറഞ്ഞു..?” “ദാറ്റ്‌സ് നൺ ഓഫ് യുവർ ബിസിനസ്…” “താൻ ഇവിടെ.. എന്റെ വീട്ടിൽ താമസിക്കുമ്പോൾ അത്‌ എന്റെ ബിസിനസ് ആണ്..” “അപ്പോൾ നിങ്ങൾ കഴിക്കാതെ ഇരിക്കുന്നതോ..?” “ഇനി കഴിക്കാതിരിക്കില്ല… പോരേ…?” “ഓ.. വേണ്ടപ്പെട്ടവർക്ക് വാക്ക് കൊടുത്തല്ലോ.. ഞാൻ ഓർത്തില്ല…” ആദിത്യൻ ഒന്നും പറയാതെ കുറച്ച് നേരം അവളെ തന്നെ നോക്കി നിന്നു.. പതിയെ അവനിൽ ഒരു ചിരിയെത്തി.. “ഇപ്പോഴും ഒരു മാറ്റോമില്ലല്ലേ..കുശുമ്പിപ്പാറു..” “മാറിയത് ആദിയേട്ടനല്ലേ…?”

ആദിത്യന്റെ മുഖത്തെ ചിരി മാഞ്ഞു.. സ്വരത്തിൽ ഗൗരവം നിറഞ്ഞു… “താൻ കഴിക്കാൻ വാ…” “എനിക്ക് വിശപ്പില്ല..” “ദേ ഭദ്രാ കളിക്കല്ലേ.. അമ്മ കാത്തിരിക്കുന്നു..” “ഞാൻ വന്നോളാം…” അവളെ ഒന്നും കൂടെ നോക്കി ആദിത്യൻ പുറത്തേക്ക് നടന്നു.. കുറച്ചേറെ കഴിഞ്ഞു ഭദ്ര കഴിക്കാനായി ചെന്നപ്പോൾ ദേവിയമ്മയും ആദിത്യനും അംബികയോടും പാർവതിയോടുമൊപ്പം ഡൈനിങ് ടേബിളിൽ ഉണ്ടായിരുന്നു.. ദേവിയമ്മയാണ് ഭദ്രയ്ക്ക് വിളമ്പി കൊടുത്തത്..അവൾ കഴിക്കാൻ തുടങ്ങിയതും പാർവതി അധികാരഭാവത്തിൽ കാസറോളിൽ നിന്നും ഇഡ്ഡലി എടുത്തു ആദിത്യന്റെ പ്ലേറ്റിലേക്കിടുന്നത് കണ്ടു. നോക്കരുതെന്ന് എത്ര കരുതിയിട്ടും അവളുടെ മിഴികൾ ആദിത്യനുമായി ഇടഞ്ഞു.. “എനിക്ക് വേണ്ട പാറൂട്ടി..

വയറു നിറഞ്ഞു..” ആദിത്യൻ തന്റെ പ്ലേറ്റിൽ ഇട്ട ഇഡ്ഡലി എടുത്തു ഭദ്രയുടെ പ്ലേറ്റിലേക്കിട്ട് എഴുന്നേറ്റു കൈ കഴുകാനായി പോയപ്പോൾ തന്റെ തലയിലെ കിളികൾ ഒക്കെ ചിറകടിക്കുന്നത് ഭദ്രയ്ക്ക് കേൾക്കാമായിരുന്നു..ഭദ്രയെ തുറിച്ചു നോക്കുന്ന പാർവതിയെ കണ്ടതും ചിരിയമർത്തി പിടിച്ചു ഭദ്ര കഴിച്ചു തുടങ്ങി… അംബികയും പാർവതിയും യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഭദ്ര പൂമുഖത്തെത്തിയത്.. ആദിത്യനെ അവിടെങ്ങും കണ്ടില്ല… അവർ പൊയ്ക്കഴിഞ്ഞു പിന്നെയും കുറേ സമയം കോലായിൽ ഒറ്റക്കിരുന്നു ബോറടിച്ചപ്പോൾ ഭദ്ര പതിയെ മുറ്റത്തേക്കിറങ്ങി.. ചെടികൾക്കിടയിലൂടെ ഓരോന്നോർത്ത് നടന്നെത്തിയത് നാഗത്താൻ കാവിലേക്കിറങ്ങുന്ന പടിയിലാണ്..

എന്തോ തന്നെ അങ്ങോട്ട്‌ ആകർഷിക്കുന്നത് പോലെ തോന്നിയെങ്കിലും മുകളിലെ പടവിനരികെയുള്ള നിറയെ പൂത്തു കിടക്കുന്ന ചെമ്പരത്തി മരത്തിൽ പിടിച്ചു കൊണ്ട് അവൾ കാവിനുള്ളിലേക്ക് നോക്കി നിന്നു… “നിലാവിന്റെ തങ്കഭസ്മക്കുറിയണിഞ്ഞവളെ… കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ…” അറിയാതെയാണ് ആ പാട്ട് നാവിൻ തുമ്പിൽ എത്തിയത്… പിറകെ നടന്നു ഇഷ്ടം പറഞ്ഞിട്ടും തിരിച്ചു മനസ്സ് തുറക്കാതിരുന്ന തന്നെ അടിയറവ് പറയിപ്പിച്ചത് ഈ പാട്ടിലൂടെയാണ്.. ആ ശബ്ദത്തിൽ… ലൈബ്രറിയിൽ നിൽക്കവേ കോളേജ് ഓഡിറ്റോറിയത്തിൽ നിന്നും ഈ പാട്ട് കേട്ടാണ് ഓടിയെത്തിയത്..

വിശ്വസിക്കാനായില്ല.. ആ ശബ്ദം.. പാടുമ്പോഴും തൂവെള്ള ഷർട്ടും ബ്ലൂ ജീൻസും ഇട്ടിരുന്ന ആളുടെ കുസൃതി നിറഞ്ഞ നോട്ടം തന്നിലായിരുന്നു.. അപ്പോഴും കിതപ്പടങ്ങിയിരുന്നില്ല.. ആദിനാരായണനിൽ നിന്നും ഇനിയൊരു തിരിച്ചു പോക്കില്ലയെന്ന് മനസ്സ് തീരുമാനിച്ചതും അന്നായിരുന്നു.. ഒരു വട്ടം കൂടെ മൂളി തിരിഞ്ഞപ്പോഴാണ് തൊട്ടു പിറകിൽ നിന്നിരുന്ന ആളെ കണ്ടത്.. ആ ഓർമ്മകൾ കൊണ്ടാകാം ആദിത്യന്റെ മുഖം വിവർണ്ണമായിരുന്നു.. ഭദ്ര തിരിഞ്ഞതും ആദിത്യൻ പാടുപെട്ട് സ്വയം നിയന്ത്രിക്കാൻ ശ്രെമിക്കുന്നത്‌ അവളറിയുന്നുണ്ടായിരുന്നു… “താൻ എന്തിനാ ഇങ്ങോട്ട് വന്നത്..?” ഗൗരവം നിറഞ്ഞ ചോദ്യം കേട്ടിട്ടും ഭദ്ര കൂസലില്ലാതെ നിന്നു..

“മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ നോ എൻട്രി ബോർഡ് ഒന്നും കണ്ടില്ല..” “ആ പടവിലേക്ക് ഇറങ്ങിയാൽ മുട്ട്കാൽ ഞാൻ തല്ലിയൊടിക്കും. എന്നിട്ട് ഞാൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ടിടും..” “ഓ വാദ്ധ്യാർ കൊട്ടേഷൻ എടുക്കാനും തുടങ്ങിയോ..” “തന്റെ വായടപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. പിന്നെ…” ആദിത്യൻ അവളെ അടിമുടി ഒന്ന് നോക്കി എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് പൂമുഖത്തു അവരെ നോക്കി നിൽക്കുന്ന ശ്രീദേവിയെ കണ്ടത്… “ഇനി മേലാൽ ഈ ഭാഗത്തേക്ക്‌ വന്നാൽ.. എൻ്റെ സ്വഭാവം തനിക്കറിയാലോ.. പൊന്നുമോൾ താങ്ങില്ല..” പല്ലു ഞെരിച്ചു കൊണ്ടാണ് പറഞ്ഞത്..ആദിത്യന്റെ പിറകെ ഭദ്രയും കോലയിലേക്ക് കയറി.. “എടുത്തു തലേൽ വെച്ചോണ്ട് നടന്നോ..

എന്താണോ ചെയ്യരുതെന്ന് പറയുന്നത് അത്‌ മാത്രമേ ചെയ്യൂ.. ഇങ്ങോട്ട് വാ ന്ന് പറഞ്ഞാൽ അങ്ങോട്ട്‌ പോവുന്ന ജനുസ്സാണ്..” കനത്ത മുഖത്തോടെ ഭദ്രയെ നോക്കി ദേവിയമ്മയോടാണു ആദിത്യൻ പറഞ്ഞത്.. “അവളുടെ ഈ സ്വഭാവം ഒക്കെ അറിഞ്ഞു തന്നെയല്ലേ നീ സ്നേഹിച്ചതും…” ദേവിയമ്മ പറഞ്ഞത് കേട്ട് ആദിത്യൻ ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു പോയി.. പിന്നെ ചുട്ടെരിക്കാനെന്നോണം ഭദ്രയെ ഒന്ന് നോക്കിയിട്ട് കൊടുങ്കാറ്റ് പോലെ അകത്തേക്ക് കയറിപ്പോയി.. ഭദ്ര ദേവിയമ്മയെ നോക്കിയപ്പോൾ ഒന്നുമില്ലെന്ന് കണ്ണുകൾ ചിമ്മി കാണിച്ചു അവർ അവളെ ചേർത്ത് നിർത്തി..

“മോള് ഇനി കാവിന്റെ അടുത്തേക്ക് പോലും പോവരുത്.. അങ്ങോട്ട്‌ നോക്കുക പോലും വേണ്ട.. കേട്ടല്ലോ..” “ഇല്ല…” ഭദ്ര നേർത്ത ശബ്ദത്തിൽ പറഞ്ഞെങ്കിലും അവളുടെ മിഴികൾ കാടുപിടിച്ചു കിടക്കുന്ന നാഗത്താൻ കാവിലേക്കായിരുന്നു… ######## ######## ######## ######## “അപകടം ഭദ്രയ്ക്ക് തൊട്ടരികെ തന്നെയുണ്ട് അനന്താ..” മേലേരി ഇല്ലത്തെ പൂജാമുറിയിൽ തെളിഞ്ഞു കത്തുന്ന ദീപങ്ങൾക്ക് മുൻപിൽ ദത്തൻ തിരുമേനിയ്ക്ക് എതിർവശത്തായി ഇരിക്കുകയായിരുന്നു അനന്തൻ.. “തിരുമേനി..അവൾ.. എന്റെ മോള്..” അനന്തന്റെ ശബ്ദം ഇടറിയിരുന്നു.. “ഭദ്ര കാളിയാർ മഠത്തിലേക്ക് പോവാൻ പാടില്ല്യായിരുന്നു.. അവിടെ ജന്മാന്തരങ്ങളായി അവളെ കാത്തിരിക്കുന്ന രക്ഷസ്സുണ്ട്.. നാഗരാക്ഷസ്സ്…” അനന്തന്റെ മുഖം വിളറി… “അവളുടെ ആഗ്രഹങ്ങൾക്കൊന്നും ഞാൻ തടസ്സം നിൽക്കാറില്ല..

ഇത്തിരി എടുത്തു ചാട്ടം ഉണ്ടെങ്കിലും എന്തെങ്കിലും തീരുമാനം എടുത്താൽ അതിൽ തന്നെ ഉറച്ചു നിൽക്കുന്നവളാണ് ഭദ്ര.. ജീവൻ പോയാലും…” അനന്തൻ പറഞ്ഞു.. പിന്നെ മനസ്സിലോർത്തു.. അവളുടെ അമ്മയെ പോലെ… “വിധിച്ചത് പോലെയേ വരൂ.. ഭദ്ര കാളിയാർ മഠത്തിൽ എത്തണമെന്നുള്ളതും ഒരു നിയോഗമാണ്…” “ഞാൻ.. ഞാൻ ചെന്നു അവളെ തിരികെ കൊണ്ടു വന്നാലോ..?” “നടക്കില്ല്യ അനന്താ.. സർവ്വനാശമാകും ഫലം.. കാളീശ്വരത്ത് നിന്നും പുറത്ത് കടക്കാൻ ഇനി ഭദ്രയ്ക്കാവില്ല്യ.. എങ്ങനെയെങ്കിലും ആ നാഗരക്ഷസിനെ തളയ്ക്കുക എന്നതേ പ്രതിവിധിയുള്ളൂ..”

“തിരുമേനി…” അനന്തന്റെ ശബ്ദത്തിൽ ആധിയായിരുന്നു.. “അതത്ര എളുപ്പമല്ല അനന്താ.. മോക്ഷം പോലും വേണ്ടെന്നു വെച്ച് അടങ്ങാത്ത പകയുമായി ആ ആത്മാവ് കാത്തിരിക്കുന്നത് ഭദ്രയെ മാത്രം ലക്ഷ്യം വെച്ചാണ്…” “പക്ഷെ എന്തിന്..? എന്റെ അറിവും ആദിത്യൻ പറഞ്ഞതും വെച്ച് നോക്കുമ്പോൾ അശ്വതി തമ്പുരാട്ടിയാണ് ദുർമരണമടഞ്ഞു ദാരികയെന്ന നാഗരക്ഷസ്സായി മാറിയത്..ആ കഥയിലെങ്ങും ഒരു പെൺകുട്ടിയുടെ സാന്നിധ്യമില്ല.. പിന്നെങ്ങനെ..?” “അതാണ് എനിക്കും മനസ്സിലാവാത്തത്.. കഴിഞ്ഞകാലത്തെ പറ്റി നോക്കുമ്പോൾ ഒന്നുമങ്ങട്ട് തെളിയണില്ല്യ..” തൊട്ടു മുൻപിലെ,വലിയ ഓട്ടുരുളിയിലെ ഒരു നിഴൽ പാട് പോലുമില്ലാത്ത വെള്ളത്തിലേക്ക് നോക്കി തിരുമേനി പറഞ്ഞു…

“എന്തോ ഒന്ന് കാഴ്ചയെ മറച്ചിരിക്കണൂ..” “പ്രതിവിധി ഒന്നുമില്ലേ തിരുമേനി.. പലതവണ ദാരികയെ പലരും തളച്ചതാണ്.. പക്ഷെ പൂർണ്ണമായും ആവാഹിക്കാൻ ആർക്കും കഴിഞ്ഞില്ലത്രേ..” “നീലിമലക്കാവിലെ മഹാകാളിയുടെയും നാഗത്താൻമാരുടെയും പ്രിയ ഭക്തയായിരുന്നു കാളിയാർ മഠത്തിലെ തമ്പുരാട്ടി.. മരണസമയത്ത് തുണച്ചില്ലെങ്കിലും അവളുടെ പ്രതികാരത്തിന് അവരുടെ അനുഗ്രഹം കാണും.. അതിശക്ത.. അതാണ് അവളെ ആർക്കും ആവഹിക്കാൻ കഴിയാതിരുന്നത്.. മോഹനമന്ത്രം വശമുള്ള അവൾക്ക് ആരെയും വശീകരിക്കാൻ കഴിയും.. അവർപോലും അറിയാതെ അവൾ അവരെ നിയന്ത്രിക്കും.. അങ്ങനെയാണ് ഓരോ തവണയും അവൾ പാലമരത്തിൽ നിന്നും മോചിതയാവുന്നത്..”

അനന്തന്റെ മുഖം മങ്ങി.. വേവലാതി നിറഞ്ഞു.. “അനന്തൻ പേടിക്കാതിരിക്ക്യാ.. പ്രതിവിധിയില്ലാത്ത പ്രശ്നമില്ല്യാലോ.. നമുക്ക് അനുകൂലമായിട്ടുള്ള കാര്യം എന്താന്ന് വെച്ചാൽ ആ നാഗരക്ഷസ്സിന്റെ ശക്തി അല്പാൽപ്പമായി ക്ഷയിച്ചു കൊണ്ടിരിക്കയാണ്.. ഒന്ന്..കാത്തിരിപ്പിന്റെ സമയം കൂടുംതോറും ക്ഷമ നശിച്ചു അവൾ ചെയ്തു കൂട്ടിയ ദുഷ്പ്രവർത്തികൾ.. നിരപരാധികളുടെ ജീവൻ അപഹരിച്ചത്..രണ്ടാമത്തേത് നീലിമലക്കാവും നാഗത്താൻ കാവും ഉൾപ്പെടെ അവൾക്ക് നിഷിദ്ധമായ സ്ഥലങ്ങളിൽ പ്രവേശിച്ചത്…ഇതൊക്കെ അവളുടെ ശക്തി ക്ഷയിപ്പിച്ചു..” “അപ്പോൾ ഇല്ലത്തിനുള്ളിൽ അവൾക്ക് കടക്കാൻ പറ്റുമോ…?” “നേരിട്ട് ഇല്ലത്തിനുള്ളിൽ കടക്കാൻ അവൾക്ക് സാധിക്കില്ല്യാ …”

“തിരുമേനി.. ഞാൻ.. ഞാനെന്ത് ചെയ്യണം.. എന്റെ മോളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ അതിനി എന്റെ ജീവൻ കളഞ്ഞിട്ടായാലും..” “അനന്തൻ വേവലാതിപ്പെടാതെ.. ആത്മവിശ്വാസം കൈ വിടരുത്.. അശ്വതി തമ്പുരാട്ടിയുടെ പൂർവ്വജന്മത്തെ പറ്റി നമുക്കറിയണം.. വിശദമായി തന്നെ…ഇങ്ങനെ ഭദ്രയെ കാത്തിരിക്കണമെങ്കിൽ ആ പക നിസ്സാരമായിരിക്കില്ല്യ ..” ഒന്ന് നിർത്തി തിരുമേനി അനന്തനെ നോക്കി.. “ഭയം വേണ്ട.. നാഗരക്ഷസ്സ് ശക്തയാണെങ്കിൽ ഭദ്രയ്ക്ക് സാക്ഷാൽ ആദിശേഷന്റെ അനുഗ്രഹം ലഭിച്ച അവളുടെ അച്ഛനും അമ്മയുമാണ് ശക്തി..ഭദ്രയ്ക്ക് കവചമായി മറ്റു രണ്ടു പേരും കൂടെയുണ്ട്.. അതാരെന്ന് അനന്തൻ കാതോർത്തിരുന്നു.. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 11

-

-

-

-

-